ന്യൂസീലാന്‍ഡിലെ വൈകാട്ടോ സര്‍വ്വകലാ ശാലയിലെ അസോസിയേറ്റ് പ്രൊഫസ്സര്‍ ഡോ. പ്രിയാ കുര്യനും ഇവരുടെ ഭര്‍ത്താവ് ദെബാഷിഷ് മുന്‍ഷിക്കും റോയല്‍ സൊസൈറ്റി ഓഫ് ന്യൂസീലാന്‍ഡിന്റെ 5.6 ലക്ഷം ഡോളറിന്റെ മാര്‍സ്ഡെന്‍ ഗവേഷണ ഗ്രാന്റ് ലഭിച്ചു. പ്രിയ കുര്യന്‍ വൈകാട്ടോ സര്‍വ്വകലാശാലയില്‍ പൊളിറ്റിക്കല്‍ സയന്‍സ് അസോസിയേറ്റ് പ്രൊഫസറാണ്. ദെബാഷിഷ് ആകട്ടെ ഇതേ സര്‍വ്വകലാശാലയില്‍ മാനേജ്മെന്റ് കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവിയും. പുതിയ സാങ്കേതിക വിദ്യകളെ സമൂഹത്തിന്റെ മുഖ്യ ധാരയില്‍ സമന്വയിപ്പിച്ച് ഒരു പൊതുവായ മൂല്യ വ്യവസ്ഥിതി രൂപപ്പെടുത്തുന്നത് സംബന്ധിച്ച ഇവരുടെ ഗവേഷണത്തിനാണ് ഈ ഗ്രാന്റ് ലഭിച്ചത്. വിദ്യാഭ്യാസവും ഗവേഷണവും ഏറെ പരിപോഷിപ്പിക്കുന്ന ഒരു രാജ്യമാണ് ന്യൂ സീലാന്‍ഡ് എന്നാണ് ഇവരുടെ അഭിപ്രായം.
മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദമെടുത്ത പ്രിയ ഉന്നത പഠനത്തിനായി അമേരിക്കയില്‍ പോകുകയും പര്‍ഡ്യൂ സര്‍വ്വകലാശാലയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും പി. എച്ച്. ഡിയും നേടുകയുണ്ടായി. കുറച്ചു നാള്‍ പര്‍ഡ്യൂ സര്‍വ്വകലാശാലയിലും കാലിഫോര്‍ണിയാ സര്‍വ്വകലാശാലയിലും പഠിപ്പിച്ചതിനു ശേഷമാണ് ഇവര്‍ 1996ല്‍ ന്യൂ സീലാന്‍ഡിലേക്ക് ചേക്കേറിയത്.
പരിസ്ഥിതി, പരിസ്ഥിതി രാഷ്ട്രീയം, സമൂഹത്തില്‍ സ്ത്രീകളുടെ പങ്കും ഉന്നമനവും, മാധ്യമ രാഷ്ട്രീയം, നവ കൊളോണിയലിസം എന്നിങ്ങനെ ഒട്ടേറെ വിഷയങ്ങളില്‍ താല്പര്യമുള്ള പ്രിയ ഒട്ടേറെ പുസ്തകങ്ങളുടെ സൃഷ്ടാവ് കൂടിയാണ്.
തിരുവിതാങ്കൂര്‍ കൊച്ചി സര്‍ക്കാരിന്റെ ചീഫ് സെക്രട്ടറിയായിരുന്ന മാളിയേക്കല്‍ കുര്യന്‍ ജോര്‍ജ്ജിന്റെ മകനായ രാജക്കുട്ടി ജോര്‍ജ്ജിന്റെ ചെറുമകളാണ് പ്രിയ.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ബഹുമതി, ലോക മലയാളി