ഹരിയാന : ബി. ജെ. പി. യുടെ ദേശീയ നേതൃയോഗത്തിൽ പങ്കെടുക്കുന്നതിന് പകരം ബാംഗ്ലൂരിൽ നടക്കുന്ന ത്രിദിന ആർട്ട് ഓഫ് ലിവിംഗ് കോഴ്സിന് ചേർന്ന യെദ്യൂരപ്പയ്ക്ക് ഏതായാലും മനഃസ്സമാധാനം പൂർണ്ണമായും നഷ്ടപ്പെട്ടു. കർണ്ണാടക മുൻ മുഖ്യമന്ത്രിയായ യെദ്യൂരപ്പയ്ക്ക് കർണ്ണാടക പാർട്ടി പ്രസിഡണ്ട് സ്ഥാനം ലഭിക്കാത്തതിൽ കടുത്ത അമർഷമാണ്. അടുത്ത വർഷം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുവാൻ തയ്യാറെടുക്കുന്ന പാർട്ടി തന്നെ തഴഞ്ഞതിൽ പ്രതിഷേധിച്ചാണ് അദ്ദേഹം പാർട്ടി ദേശീയ യോഗത്തിൽ നിന്നും വിട്ടു നിന്നത്.
ബി.ജെ.പി.ക്കെതിരെ രൂക്ഷമായ ഭാഷയിൽ തന്നെയാണ് അദ്ദേഹം പ്രതികരിക്കുന്നത്. വാജ്പേയിക്ക് ശേഷം ബി.ജെ.പി. യിൽ ദേശീയ തലത്തിൽ നേതൃത്വം പരാജയമായിരുന്നു. സദാനന്ദ ഗൌഡയെ മുഖ്യമന്ത്രി ആക്കിയ വേളയിൽ 24 മണിക്കൂറിനകം തന്നെ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ആക്കുമെന്ന് പാർട്ടി അദ്ധ്യക്ഷൻ നിതിൻ ഗഡ്കരി പറഞ്ഞതാണ്. എന്നാൽ അത് സംഭവിച്ചില്ല. പല സംസ്ഥാന നേതാക്കളേയും ബി. ജെ. പി. ബലിയാടുകളാക്കിയിട്ടുണ്ട്. എന്നാൽ കോൺഗ്രസ് ഇതു വരെ ആരെയും ബലിയാടാക്കിയിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പി. യിൽ നിന്നും അകന്നു പോവുന്ന താൻ തന്റെ അനുയായികളുടെ ഇംഗിതം അറിഞ്ഞതിന് ശേഷം പുതിയൊരു പാർട്ടി രൂപീകരിക്കുന്നതിനെ കുറിച്ച് ഡിസംബറിൽ തീരുമാനം എടുക്കും. 2013 ന്റെ തുടക്കത്തിൽ തെരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറാവുന്ന അവസരത്തിൽ ഈ നീക്കം തന്ത്ര പ്രധാനമാണ്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍