ന്യൂഡൽഹി : കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി ശശി തരൂരിന്റെ പത്നിയെ അപമാനിച്ച ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ മാനസിക വൈകല്യത്തിന്റെ ലക്ഷണമാണ് എന്ന് സി. പി. എം. നേതാവ് ബൃന്ദ കാരാട്ട് പറഞ്ഞു. സ്ത്രീ എന്ന നിലയിലും ഇന്ത്യൻ പൌര എന്ന നിലയിലും താൻ മോഡിയുടെ പ്രസ്താവനയെ പൂർണ്ണമായി അപലപിക്കുന്നു. രോഗാതുരമായ ഒരു മനസ്സിൽ നിന്നു മാത്രമേ ഇത്തരം ഒരു പ്രസ്താവന വരികയുള്ളൂ. ഇവരുടെ ആർ. എസ്. എസ്. പ്രത്യയശാസ്ത്രം പഠിപ്പിച്ചു വിടുന്നതാണോ ഇതൊക്കെ എന്നും ബൃന്ദ ചോദിച്ചു. മോഡിയുടെ പ്രത്യയ ശാസ്ത്രം എന്താണ് എന്ന് ഇപ്പോൾ ലോകം മുഴുവൻ അറിയും. അത് സ്ത്രീ വിരുദ്ധവും, ജന വിരുദ്ധവും, ജനാധിപത്യ വിരുദ്ധവും ആണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുന്നു. ഇത്തരക്കാരെ വെച്ചു പൊറുപ്പിക്കുന്നതിലൂടെ ബി. ജെ. പി. യുടെ നിലപാടും വ്യക്തമായിരിക്കുകയാണ് എന്ന് അവർ ചൂണ്ടിക്കാട്ടി.
ഒരു കോൺഗ്രസ് മന്ത്രി ക്രിക്കറ്റിൽ നിന്നും കോടികൾ ഉണ്ടാക്കുകയും അത് പിടിക്കപ്പെട്ടപ്പോൾ 50 കോടിയുടെ ഉടമയായ സ്ത്രീയുമായി തനിക്ക് ഒരു ബന്ധവുമില്ല എന്ന് പാർലമെന്റിൽ പറയുകയും ചെയ്തു എന്ന് മോഡി കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു. അപ്പോൾ പിന്നെ 50 കോടിയുടെ ഗേൾഫ്രണ്ടാണോ അവർ എന്നായിരുന്നു മോഡിയുടെ പരിഹാസം.
സുനന്ദാ പുഷ്ക്കർ ക്രിക്കറ്റിൽ നിന്നും കോടികൾ സമ്പാദിച്ചതിനെ തുടർന്നുണ്ടായ വിവാദം 2010ൽ വിദേശ കാര്യ സഹ മന്ത്രി ആയിരുന്ന ശശി തരൂരിന്റെ രാജിയിൽ കലാശിച്ചിരുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, ക്രിക്കറ്റ്, തട്ടിപ്പ്, വിവാദം, സ്ത്രീ