ചെന്നൈ: തമിഴ്നാട് മുഖ്യ മന്ത്രി ജയലളിതയെ അനധികൃത സ്വത്ത് സമ്പാദന ക്കേസിൽ കുറ്റക്കാരി എന്ന് കോടതി വിധിച്ചതിനെ തുടർന്ന് തമിഴ് നാടിൽ അക്രമം വ്യാപകമാവുന്നു. 100 കോടി രൂപ പിഴയും 4 വർഷം കഠിന തടവുമാണ് കേസിൽ ജയലളിതയ്ക്ക് ശിക്ഷ വിധിച്ചത്. കോടതി ശിക്ഷിച്ചതോടെ ജയലളിതയുടെ എം. എൽ. എ. സ്ഥാനവും മുഖ്യമന്ത്രി പദവും നഷ്ടമാവും. കോടതി അവധി ആയതിനാൽ ജാമ്യവും ലഭിക്കില്ല. ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട ജയലളിതയ്ക്ക് ജയിൽ വാസം ഉറപ്പായ സാഹചര്യത്തിലാണ് അണികൾ തെരുവിൽ ഇറങ്ങി പ്രതിഷേധ പ്രകടനം നടത്തുന്നത്. തമിഴ്നാടിൽ ഒട്ടാകെ കട കമ്പോളങ്ങൾ അടച്ചു. ഒട്ടനവധി ഇടങ്ങളിൽ അക്രമവും കൊള്ളിവെയ്പ്പും നടക്കുന്നതായാണ് റിപ്പോർട്ടുകൾ. നഗരങ്ങളിൽ പൊതുവ അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടിലെങ്കിലും പ്രാന്ത പ്രദേശങ്ങളിലും ചേരികളിലും അസ്വസ്ഥത നിലനിൽക്കുന്നുണ്ട്. ജയലളിതയുടെ വസതിക്ക് മുൻപിൽ ഒരാൾ സ്വയം തീ കൊളുത്തി ആത്മാഅഹൂതി ചെയ്യാൻ ശ്രമം നടത്തി.
കല്ലേറും കൊള്ളിവെയ്പ്പും വ്യാപകമായതോടെ കട കമ്പോളങ്ങൾ അടച്ചു പൂട്ടി. ജയലളിത്യ്ക്ക് എതിരെ 1996ൽ കേസ് കൊടുത്ത മുതിർന്ന ബി.ജെ.പി. നേതാവ് സുബ്രമണ്യൻ സ്വാമിയുടെ വസതിക്ക് നേരെ ആക്രമണമുണ്ടായി. ഡി. എം. കെ. അദ്ധ്യക്ഷൻ എം. കരുണാനിധി, എം. കെ. സ്റ്റാലിൻ, എം. കെ. അഴഗിരി എന്നിവരുടെ കോലങ്ങൾ കത്തിച്ചു. ഡി. എം. കെ. യുടെ പാർട്ടി പോസ്റ്ററുകൾ ചെന്നയിലും മധുരയിലും എ. ഐ. എ. ഡി. എം. കെ. പ്രവർത്തകർ വലിച്ചു കീറി. അമ്പത്തൂർ, സേലം, ശ്രീരംഗം എന്നിവിടങ്ങളിൽ കല്ലേറുണ്ടായി. കച്ചവട സ്ഥാപനങ്ങൾ അടച്ചു പൂട്ടി. പ്രതിഷേധക്കാർ വഴിയരികിൽ നിർത്തിയിട്ട വാഹനങ്ങൾ തല്ലിത്തകർത്തു. സിനിമാശാലകൾ അടച്ചു പൂട്ടി. അമ്പത്തൂർ, കാഞ്ചീപുരം എന്നിവിടങ്ങളിൽ ബസുകൾ തീ വെച്ചു നശിപ്പിച്ചു. നിരവധി പേർക്ക് പരിക്കുണ്ട്.
തടവ് കാലാവധി കഴിഞ്ഞ് 6 വർഷത്തേക്ക് ജയലളിതയ്ക്ക് തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്നും വിലക്കുള്ളതിനാൽ ഇനി 10 വർഷം വരെ തെരഞ്ഞെടുപ്പിൽ മൽസരിക്കാനുമാവില്ല.
വിധി പ്രഖ്യാപിച്ചതിനെ തുടർന്ന് നെഞ്ചുവേദന അനുഭവപ്പെട്ട ജയലളിതയെ വൈദ്യ പരിശോധനയ്ക്ക് ശേഷം ബാംഗ്ളൂർ ജെയിലിലേക്ക് കൊണ്ടു പോകും.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കോടതി, തമിഴ്നാട്