ന്യൂഡല്‍ഹി: മുസ്ലിം പേഴ്സണല്‍ ബോര്‍ഡ് ഉള്‍പ്പെടെ ഉള്ള സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പ്രഥമ യോഗ ദിനാചരണത്തില്‍ നിന്നും സൂര്യ നമസ്കാരം ഒഴിവാക്കുവാന്‍ തീരുമാനമായി. സൂര്യ നമസ്കാരം തങ്ങളുടെ മത വിശ്വാസത്തിന് എതിരാണെന്നാണ് അവരുടെ വാദം. അതിനിടെ, യോഗയെ എതിര്‍ക്കുന്നവര്‍ ഇന്ത്യ വിട്ടു പോകണമെന്ന ബി. ജെ. പി. എം. പി. യോഗി ആദിത്യനാഥിന്റെ പ്രസ്ഥാവന പുതിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കുവാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ മുസ്ലിം പേഴ്സണല്‍ ബോര്‍ഡ് ഉള്‍പ്പെടെ പല സംഘടനകളും രംഗത്തു വന്നിട്ടുണ്ട്. ഇതിനായി നിയമത്തിന്റെ വഴി തേടേണ്ടി വന്നാല്‍ അതിനും ധാരണയായി. യോഗ ഹിന്ദു മത ആചാരമാണെന്നും അത് പിന്തുടരണമെന്ന് നിര്‍ബന്ധിക്കുന്നത് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് എതിരാണെന്നുമാണ് ഇവര്‍ പറയുന്നത്.
ജൂണ്‍ 21ലെ യോഗ ദിനാചരണം വന്‍ സംഭവമാക്കി മാറ്റുവാനാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഡല്‍ഹിയിലെ രാജ് പഥില്‍ സംഘടിപ്പിക്കുന്ന യോഗാഭ്യാസങ്ങളില്‍ 40,000-ല്‍ പരം ആളുകളെ പങ്കെടുപ്പിക്കുവാനാണ് ആലോചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗ ദിനാചരണ പരിപാടികളില്‍ പങ്കെടുക്കും. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, ശില്പ ഷെട്ടി, വിരാട് കോഹ്‌ലി തുടങ്ങിയ പ്രമുഖരും പങ്കെടുക്കും.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, കായികം, മതം, വിദ്യാഭ്യാസം, വിവാദം