ഉത്തരേന്ത്യയിലെ ശൈത്യം പന്നി പനി വൈറസിന്റെ പകര്‍ച്ചാ ശേഷി വര്‍ദ്ധിപ്പിച്ചതായി വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. പഞ്ചാബിലും ഹരിയാനയിലും പന്നി പനി ബാധിച്ചവരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവ് അനുഭവപ്പെട്ടു. ഡിസംബറില്‍ ഇവിടങ്ങളില്‍ പന്നി പനി മൂലം 38 പേര്‍ മരണമടഞ്ഞു. തണുപ്പ് വയറസിന്റെ പകരുവാനുള്ള ശേഷി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും പനി ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നും ചണ്ടിഗഡില്‍ നിന്നുമുള്ള ഡോക്ടര്‍മാര്‍ അറിയിക്കുന്നു. നാളിതുവരെ 48 പേരാണ് ചണ്ടിഗഡില്‍ പന്നി പനി മൂലം മരണമടഞ്ഞിട്ടുള്ളത്. ഇതില്‍ 14 പേര്‍ കഴിഞ്ഞ ആഴ്‌ച്ചയിലാണ് മരിച്ചത്.
ആവശ്യത്തിന് മരുന്ന് സ്റ്റോക്കുള്ളത് കൊണ്ട് ഭയപ്പെടാനില്ല എന്ന് ഡോക്ടര്‍മാര്‍ അറിയിക്കുന്നു. എന്നാല്‍ പനി ബാധിച്ചവര്‍ വളരെ വൈകിയാണ് ചികിത്സ തേടി എത്തുന്നത്. ഇത് ചികിത്സയെ പ്രതികൂലമായി ബാധിക്കുന്നു. ഇതിനെതിരെ വ്യാപകമായ ബോധ വല്‍ക്കരണം നടത്തുന്നുണ്ട്. പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വിദഗ്ദ്ധ ചികിത്സക്കായി അടുത്തുള്ള ആശുപത്രിയില്‍ സഹായം തേടണം എന്ന് ഇവര്‍ അറിയിച്ചു.



തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങ ളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് നിര്‍ബന്ധമാക്കിയ ഗുജറാത്തിലെ മോഡി സര്‍ക്കാരിന്റെ നടപടി അപ്രായോഗികവും നടപ്പാക്കാന്‍ ബുദ്ധിമുട്ടുള്ള തുമാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. നിര്‍ബന്ധം ജനാധിപത്യ ത്തിന്റെ അന്തഃസത്തയ്ക്ക് യോജിച്ച നയമല്ല. ഇന്ത്യയിലെ 40 ശതാനത്തിലേറെ വോട്ടര്‍മാര്‍ തങ്ങളുടെ അവകാശം ഉപയോഗിക്കുന്നില്ല. ഈ കാര്യത്തില്‍ കമ്മീഷന് ആശങ്കയുണ്ട്. എന്നാല്‍ ഇതിനു പരിഹാരം ആളുകളെ നിര്‍ബന്ധിച്ച് വോട്ട് ചെയ്യിപ്പിക്കലല്ല. മറിച്ച് വോട്ടര്‍മാരുടെ ബോധവല്‍ക്കരണമാണ്.
പാക് ചാര സംഘടനയായ ഐ. എസ്. ഐ. ഇന്ത്യന്‍ വ്യാജ നോട്ടുകള്‍ അച്ചടിച്ച് നേപ്പാള്‍ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് അയക്കുന്നതായി അതിര്‍ത്തിയില്‍ പിടിയിലായ പാക് പൌരന്മാര്‍ വെളിപ്പെടുത്തി. ഐ. എസ്. ഐ. യുടെ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ തന്നെ പ്രസ്സുകളിലാണ് ഈ വ്യാജ കറന്‍സി അച്ചടിക്കുന്നത് എന്നും ഇവര്‍ വെളിപ്പെടുത്തി എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം സൈന്യത്തിന്റെ പിടിയിലായ പാക്കിസ്ഥാനികളാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിനിടയില്‍ ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വിട്ടത്. ഇന്ത്യന്‍ കറന്‍സി മാത്രമല്ല, മറ്റു പല രാജ്യങ്ങളുടെയും കറന്‍സികള്‍ ഇത്തരത്തില്‍ നിര്‍മ്മിക്കപ്പെടുന്നുണ്ട് എന്നും ഇവര്‍ വെളിപ്പെടുത്തുകയുണ്ടായി. വ്യാജ നോട്ടുകള്‍ വന്‍ തോതില്‍ ഇന്ത്യയിലേക്ക് കടത്തി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് തുരങ്കം വെയ്ക്കുക എന്നതാണ് പാക്കിസ്ഥാന്‍ ചാര സംഘടനയുടെ ലക്ഷ്യം.
























