വംശീയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജന്‍ ഇക്രം ഹഖിനെ ആക്രമിച്ച ചെറുപ്പക്കാരുടെ സംഘത്തില്‍ പെണ്‍കുട്ടികളും ഉണ്ടായിരുന്നു എന്ന് പോലീസ് കണ്ടെത്തി. റമദാന്‍ ആയതിനാല്‍ തന്റെ ചെറുമകളുമായി പള്ളിയില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെയാണ് ഒരു സംഘം ചെറുപ്പക്കാര്‍ ഇവരെ ആക്രമിച്ചത്. ഓഗസ്റ്റ് 31 ന് നടന്ന ആക്രമണത്തില്‍ തലക്ക് അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഇക്രം ഹഖ് പിന്നീട് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു എന്നാണ് കേസ്. ആക്രമണത്തെ തുടര്‍ന്ന് ഉണ്ടായ ഞെട്ടലില്‍ നിന്നും ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹം ഇനിയും മോചിതമായിട്ടില്ല. ഭയം മൂലം സംഭവം കണ്ടു നിന്ന ദൃക് സാക്ഷികള്‍ പോലും പോലീസിന് മൊഴി നല്‍കാന്‍ തയ്യാറായിട്ടില്ല എന്നത് കേസിനെ ദുര്‍ബലമാക്കുന്നു. പതിനഞ്ച് വയസിനു താഴെയുള്ള മൂന്ന് കുട്ടികള്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ഇവര്‍ കോടതിയില്‍ ഹാജരാകുകയും ചെയ്തിട്ടുണ്ട്. കൂടെ ഉണ്ടായിരുന്ന പെണ്‍കുട്ടികളെ പോലീസ് തിരയുകയാണ്.



104 യാത്രക്കാര്‍ അടങ്ങിയ എയറോ മെക്സിക്കോ ബോയിംഗ് 737 വിമാനം മെക്സിക്കോ സിറ്റി വിമാന താവളത്തില്‍ റാഞ്ചികള്‍ കൈവശപ്പെടുത്തി. വിമാന താവളത്തില്‍ യാത്രയ്ക്കായി എത്തിയ മെക്സിക്കന്‍ പ്രസിഡണ്ട് ഫെലിപ് കാല്‍ഡെറോണുമായി കൂടിക്കാഴ്‌ച്ച നടത്തണം എന്നതാണ് റാഞ്ചികളുടെ ആവശ്യം. കാങ്കനില്‍ നിന്നും ഇന്നലെ ഉച്ചയ്ക്ക് 1:40ന് എത്തിയതായിരുന്നു വിമാനം. ഏറെ നേരം ഉദ്വേഗ ജനകമായ രംഗങ്ങള്‍ സൃഷ്ടിച്ചതിനു ശേഷം വിമാനം വിമാന താവളത്തിന്റെ ഒരു വിദൂരമായ മൂലയിലേക്ക് നീക്കി മാറ്റി. ഏതാനും യാത്രക്കാരെ റാഞ്ചികള്‍ വിട്ടയച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രസിഡണ്ടുമായി സംസാരിക്കുവാന്‍ അനുവദിച്ചില്ലെങ്കില്‍ വിമാനം തകര്‍ക്കുമെന്ന് റാഞ്ചികള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ബോളീവിയന്‍ പൌരന്മാരായ മൂന്ന് പേരാണ് വിമാനം റാഞ്ചിയത് എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അന്താരാഷ്ട്ര സാക്ഷരതാ ദിനമായ സെപ്റ്റംബര്‍ എട്ടിന് പ്രധാന മന്ത്രി മന്‍ മോഹന്‍ സിംഗ് ആറര കോടി രൂപയുടെ “സാക്ഷര്‍ ഭാരത്” എന്ന ദേശീയ സാക്ഷരതാ പദ്ധതി പ്രഖ്യാപിച്ചു. ഇന്ത്യയില്‍ 30 കോടി ജനം ഇന്നും നിരക്ഷരരാണ്. ഇന്ത്യയിലെ സ്ത്രീകളില്‍ പകുതിയും അക്ഷര ജ്ഞാനം ഇല്ലാത്തവരാണ്. ഇത് തൃപ്തികരമല്ല. ദേശീയ സാക്ഷരതാ മിഷന്‍ ഉടച്ചു വാര്‍ത്ത് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ്ണ സ്ത്രീ സാക്ഷരത കൈവരിക്കും എന്ന് നേരത്തേ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ പ്രഖ്യാപി ച്ചിരുന്നതിന്റെ സാക്ഷാല്‍ക്കാ രത്തിലേക്കുള്ള ആദ്യത്തെ ചുവടു വെയ്‌പ്പാണ് അന്താരാഷ്ട്ര സാക്ഷരതാ ദിനത്തില്‍ കൈക്കൊ ണ്ടിരിക്കുന്നത് എന്ന് പ്രധാന മന്ത്രി അറിയിച്ചു.
വംശ വെറി പൂണ്ട ഒരു പറ്റം ചെറുപ്പക്കാരുടെ ആക്രമണത്തിന് ഇരയായി 67 കാരനായ ഒരു ഇന്ത്യന്‍ വംശജന്‍ ലണ്ടനില്‍ കൊല്ലപ്പെട്ടു. എഴുപതുകളില്‍ ബ്രിട്ടനിലേക്ക് കുടിയേറിയ കൊല്‍ക്കത്ത സ്വദേശി ആയിരുന്ന ഇക്രം ഉല്‍ ഹഖ് ആണ് കൊല്ലപ്പെട്ടത്. റമദാന്‍ ആയതിനാല്‍ വൈകീട്ടത്തെ പ്രാര്‍ത്ഥനകള്‍ കഴിഞ്ഞ് മൂന്ന് വയസുള്ള തന്റെ ചെറു മകളുമൊത്ത് പള്ളിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്ന വഴിയിലാണ് ഒരു പ്രകോപനവും ഇല്ലാതെ ഒരു പറ്റം ചെറുപ്പക്കാര്‍ ഇയാളെ ആക്രമിച്ചത്. ഒരു വലിയ സംഘം ചെറുപ്പക്കാര്‍ ഇയാളെ ആക്രമിക്കുകയും പുറകില്‍ നിന്നും തലക്ക് അടിയേറ്റ ഇയാള്‍ ബോധ രഹിതന്‍ ആവുകയും ചെയ്തു. പ്രധാനമായും ഏഷ്യന്‍ വംശജര്‍ താമസിക്കുന്ന പ്രദേശത്തു വെച്ചാണ് ആക്രമണം നടന്നത് എങ്കിലും ഭയം മൂലം ഇതിനെ കുറിച്ച് പ്രദേശ വാസികള്‍ കൂടുതല്‍ സംസാരിക്കാന്‍ തയ്യാറാവുന്നില്ല. അവസാനം ക്ലോസ്ഡ് സര്‍ക്ക്യൂട്ട് ടിവിയിലെ ചിത്രങ്ങളാണ് ആക്രമണം നടത്തിയ സംഘത്തെ തിരിച്ചറിയാന്‍ പോലീസിനെ സഹായിച്ചത്.
ലാഹോറില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനു നേരെ നടന്ന ആക്രമണത്തിനു പണം ചിലവഴിച്ചത് ശ്രീലങ്കയില്‍ നിന്നും തന്നെ ആണെന്ന് പാക്കിസ്ഥാന്‍ പ്രധാന മന്ത്രി യൂസഫ് രാസാ ഗിലാനി വെളിപ്പെടുത്തി. ഈ വിവരം തന്നോട് പറഞ്ഞത് ശ്രീലങ്കന്‍ പ്രധാന മന്ത്രി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ലിബിയയില്‍ വെച്ച് ശ്രീലങ്കന്‍ പ്രധാന മന്ത്രിയെ കണ്ടപ്പോള്‍ ആണ് ഈ വിവരം ശ്രീലങ്കന്‍ പ്രധാന മന്ത്രി തന്നോട് വെളിപ്പെടുത്തിയത്. ഇതിനെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ ഉടന്‍ തന്നെ ഒരു പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്‍ ശ്രീലങ്ക സന്ദര്‍ശിക്കും എന്നും പാക് പ്രധാന മന്ത്രി അറിയിച്ചു. 
























