ബ്രിട്ടനിലെ ന്യു കാസില് സര്വകലാശാലയിലെ ശാസ്ത്രജ്ഞര് മനുഷ്യന്റെ ബീജം കൃത്രിമമായി സൃഷ്ടിക്കുന്നതില് വിജയിച്ചു. മറ്റ് ബീജ കോശങ്ങള് നീന്തുന്ന പോലെ ഈ കൃത്രിമ ബീജങ്ങള്ക്ക് ചലന ശേഷിയും ഉണ്ടെന്ന് ശാസ്ത്രജ്ഞനായ കരിം നയെര്ണിയ (Karim Nayernia) വെളിപ്പെടുത്തി.
മനുഷ്യ ഭ്രൂണ വിത്ത് കോശങ്ങളില് നിന്നാണ് ഇത്തരം ബീജ കോശങ്ങളെ ഉല്പ്പാദിപ്പിച്ചത്. 2006ല് എലിയുടെ ഭ്രൂണ വിത്ത് കോശങ്ങളില് നിന്നും ബീജ കോശങ്ങള് നിര്മ്മിച്ച അതേ അടിസ്ഥാന തത്വങ്ങള് തന്നെയാണ് ഇവിടെയും ഉപയോഗപ്പെടുത്തിയത് എന്ന് അദ്ദേഹം പറഞ്ഞു.
ഭ്രൂണ വിത്ത് കോശങ്ങളില് ഉള്ള സവിശേഷ ജീനുകളെ ‘flourescent marker’ ഉപയോഗിച്ച് രേഖപ്പെടുത്തിയ ശേഷം കോശങ്ങളെ ബീജ കോശങ്ങള് ആയി വിഘടിപ്പിക്കാന് കഴിവുള്ള മാധ്യമത്തില് (media) ഇവയെ വളര്ത്തിയെടുത്തു. ഇവയില് മൂന്ന് ശതമാനം കോശങ്ങളില് ‘meiosis’ എന്ന തരം കോശ വിഭജനങ്ങള് നടക്കുകയുണ്ടായി. ഇതില് ചില കോശങ്ങള്ക്ക് ബീജ കോശങ്ങള് പോലെ തന്നെ വാല് ഭാഗങ്ങളും ചലന ശേഷിയും ഉണ്ടായി എന്നും ഗവേഷണത്തില് തെളിഞ്ഞു. ‘Stem Cells and Development’ എന്ന ജേര്ണലില് ആണ് ഈ ഗവേഷണ ഫലങ്ങള് പ്രസിദ്ധീകരിച്ചത്.
ഈ കൃത്രിമ ബീജങ്ങളെ പാരമ്പര്യ രോഗങ്ങളും വന്ധ്യതയും തടയുന്നതിലേയ്ക്കുള്ള പരീക്ഷണാ മാതൃക ആക്കുന്നതിനു മുന്പായി നിരവധി പഠനങ്ങള്ക്ക് വിധേയമാക്കേണ്ടതുണ്ട്. എന്നാല് ഈ കോശങ്ങളുടെ ഘടനയെ കുറിച്ചുള്ള ഗവേഷണങ്ങള് നടക്കുന്നതേ ഉള്ളു എന്നും ഈ ശാസ്ത്ര സംഘം അറിയിച്ചു.
പരീക്ഷണങ്ങളിലൂടെ ഉണ്ടാക്കി എടുത്ത കൃത്രിമ ബീജങ്ങളെ പൂര്ണ്ണമായും യഥാര്ഥ ബീജങ്ങള് ആണെന്ന് പറയാന് ആവില്ല. എങ്കിലും അടിസ്ഥാനപരമായി ബീജങ്ങള്ക്ക് ഉള്ള നിരവധി സവിശേഷതകള് ഇവയ്ക്കു ഉണ്ടെന്നുള്ള കരിം നയെര്ണിയയുടെ അവകാശ വാദം ‘നേചര്’ മാസിക റിപ്പോര്ട്ട് ചെയ്തിരുന്നു. ഇതേ ഗവേഷക സംഘം തന്നെ ഇതുമായി ബന്ധപ്പെട്ട പുതിയ പ്രോജെക്ടുകളില് പരീക്ഷണങ്ങള് തുടരുന്നുണ്ട്.
ഈ ഗവേഷണങ്ങള് വിജയിച്ചാല് പുരുഷ വന്ധ്യതയ്ക്ക് പരിഹാരം ആവും. ഏതു വ്യക്തികളുടെ ഭ്രൂണ വിത്ത് കോശങ്ങളില് നിന്നും ബീജ കോശങ്ങള് ഉല്പ്പാദിപ്പിക്കാന് ഈ ഗവേഷണ ഫലങ്ങള് പ്രയോജനപ്പെടുത്താന് കഴിയുമെന്നും ഇതോടെ ശാസ്ത്രജ്ഞര് പ്രത്യാശിക്കുന്നു.