ഇറാനിലെ ടെഹ്റാന് 75 കിലോമീറ്റര്‍ അകലെയായി യാത്രാ വിമാനം തകര്‍ന്നതിന്റെ ദൃശ്യങ്ങള്‍ ഇറാന്‍ വിദ്യാര്‍ഥികളുടെ വാര്‍ത്ത ഏജന്‍സി പുറത്തു വിട്ടു. റഷ്യന്‍ നിര്‍മ്മിതം ആയ ഇറാനിയന്‍ യാത്രാ വിമാനം പറന്നുയര്‍ന്ന ഉടനെ തന്നെ തകര്‍ന്ന് വീഴുകയായിരുന്നു.
വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാ യാത്രക്കാരും കൊല്ലപ്പെട്ടു. ഇറാനില്‍ കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ വിമാന ദുരന്തം ആണ് ഇത് എന്നും അധികാരികള്‍ പറഞ്ഞു.
തകരുന്നതിനു മുന്പായി വിമാനത്തിന്റെ വാല്‍ ഭാഗത്ത് തീ കാണപ്പെട്ടു എന്നും അത് ആകാശത്ത് വട്ടം ചുറ്റി എന്നും ദൃക്സാക്ഷികള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഒരു വലിയ സ്ഫോടന ശബ്ദത്തോടെയാണ് വിമാനം നിലത്തു പതിച്ചത്. വിമാനത്തിന്റെ ഭാഗങ്ങള്‍ അത് നിലം പതിച്ച കൃഷി സ്ഥലം ആകെ പരന്നു കിടക്കുകയാണ് എന്നും ദൃക്സാക്ഷികള്‍ പറയുന്നു.