ലോക രാഷ്ട്രങ്ങളുടെ മുഴുവന് പ്രതിഷേധവും തൃണവല് ഗണിച്ചു കൊണ്ട് ഉത്തര കൊറിയ വീണ്ടും തങ്ങളുടെ ആയുധ പരീക്ഷണങ്ങള് തുടരുന്നു. ഇന്ന് രാവിലെ രണ്ട് ഹ്രസ്വ ദൂര മിസൈലുകള് ആണ് ഉത്തര കൊറിയ വിക്ഷേപിച്ചത്. ഇന്നലെ ഐക്യ രാഷ്ട്ര സുരക്ഷാ കൌണ്സിലിന്റെ വിലക്ക് ലംഘിച്ചു കൊണ്ട് ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തിയത് ലോക രാഷ്ട്രങ്ങള് മുഴുവനും അപലപിച്ചിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് തങ്ങളുടെ ആയുധ ശേഷി വര്ദ്ധിപ്പിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യവുമായി തങ്ങള് മുന്നോട്ട് തന്നെ പോകും എന്ന് പ്രഖ്യാപിക്കുമാറ് ഇന്ന് രാവിലെ ഉത്തര കൊറിയ നടത്തിയ മിസൈല് വിക്ഷേപം.
ആണവ പരീക്ഷണത്തെ തുടര്ന്നുണ്ടായ പ്രകമ്പനങ്ങളെ പറ്റി ശാസ്ത്രജ്ഞന് വിശദീകരിക്കുന്നു
ഈ നീക്കത്തോടെ, ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ കൌണ്സിലില് ഉത്തര കൊറിയക്കുള്ള ഒരേ ഒരു സുഹൃദ് രാഷ്ട്രമായ ചൈനയും ഉത്തര കൊറിയയുടെ നിലപാടുകളെ എതിര്ക്കുവാന് നിര്ബന്ധിത രായിരിക്കുകയാണ്. ലോക സമൂഹത്തിന്റെ പൊതുവായ ലക്ഷ്യങ്ങള്ക്ക് വിരുദ്ധമായ കൊറിയയുടെ പ്രവര്ത്തിയില് തങ്ങള്ക്കുള്ള നീരസം ചൈനീസ് സര്ക്കാര് പ്രകടിപ്പിക്കുകയും ചെയ്തു.