കേരളത്തില്‍ നശിച്ചു കൊണ്ടിരിക്കുന്ന കാവുകളെ സംരക്ഷിക്കാന്‍ വനം വകുപ്പിന്റെ പുതിയ പദ്ധതി വരുന്നു. കേന്ദ്ര സര്‍ക്കാരാണ് ഇതിനു സാമ്പത്തിക സഹായം ചെയ്യുന്നത്.
കാവുകളിലെ ജൈവ വൈവിധ്യം സംരക്ഷിക്കാന്‍ വേണ്ട സാമ്പത്തിക സഹായവും മാര്‍ഗ നിര്‍ദേശങ്ങളും വനം വകുപ്പ് നല്‍കും. ഓരോ ജില്ലകളില്‍ നിന്നും ജൈവ വൈവിധ്യം ഉള്ള 5 കാവുകള്‍ വീതം തെരഞ്ഞെടുക്കും.
കാവുകള്‍ ഏറ്റെടുക്കാതെ തന്നെ ജൈവ വൈവിധ്യം സംരക്ഷിക്കാന്‍ ആവശ്യമായ സഹായം നല്‍കുക മാത്രം ആണ് വനം വകുപ്പിന്റെ ലക്‌ഷ്യം. കാവുകളിലെ ആചാരാനുഷ്ടാനങ്ങള്‍ക്ക് മാറ്റമൊന്നും വരുത്താതെ സംരക്ഷണം നല്‍കും.
നശിച്ചു കൊണ്ടിരിക്കുന്ന അപൂര്‍വ വൃക്ഷങ്ങള്‍ നട്ടു പിടിപ്പിക്കുക, അവിടുത്തെ ജൈവ വൈവിധ്യത്തെ കുറിച്ച് പഠിക്കുക, പക്ഷി മൃഗാദികള്‍ക്ക് വേണ്ട ആവാസ വ്യവസ്ഥ ഒരുക്കുക, ഓരോ കാവുകളുടെയും ചരിത്രം രേഖപ്പെടുത്തുക, ഇതുമായി ബന്ധപ്പെട്ട് ഡോകുമെന്ററി തയ്യാറാക്കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.



കഴിഞ്ഞ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വ്യാപകമായ തിരിമറി കാണിച്ചു നാല്‍പ്പതോളം മേയര്‍ സ്ഥാനങ്ങളില്‍ തന്റെ ആളുകളെ കുടിയിരുത്തി എന്ന ആരോപണത്തിനു വിധേയനായ നിക്കരാഗ്വന്‍ പ്രസിഡണ്ട് ഡാനിയല്‍ ഒര്‍ട്ടേഗ തനിക്കെതിരെ വാര്‍ത്തകള്‍ കൊടുക്കുന്ന മാധ്യമങ്ങളേയും ആക്രമിക്കുന്നു. കഴിഞ്ഞ ദിവസം പ്രതിപക്ഷ ചായ്‌വുള്ള ഒരു റേഡിയോ സ്റ്റേഷനില്‍ സായുധരായ ആളുകള്‍ അതിക്രമിച്ചു കയറുകയും സ്റ്റേഷനിലെ ഉപകരണങ്ങള്‍ എടുത്തു കൊണ്ടു പോകുകയും ചെയ്തു. സര്‍ക്കാരിനെതിരെ ഉണ്ടായിരുന്ന ഒരേ ഒരു ശബ്ദം കൂടി ഇതോടെ നിലച്ചതായി റേഡിയോ സ്റ്റേഷന്‍ ഉടമ പറയുന്നു.
‘തനിമ കലാ സാഹിത്യ വേദി’ യുടെ ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍ കേരള ലളിത കലാ അക്കാദമി യുടെ ആര്‍ട്ട് ഗാലറിയില്‍ പുതുമയാര്‍ന്ന ഒരു ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചു. വിശുദ്ധ ഖുര്‍ ആനിലെ സൂക്തങ്ങള്‍ ഭാവനയില്‍ കണ്ട് അവ ചിത്രങ്ങള്‍ ആയി പകര്‍ത്തിയതാണ് ഈ പ്രദര്‍ശനത്തിലെ ചിത്രങ്ങളെല്ലാം. ഇത്തരം ഒരു സംരംഭം ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടാണ് എന്ന് സംഘാടകര്‍ പറയുന്നു.


























