കാപ്പിലാന് എന്ന ബ്ലോഗര്‍ നാമത്തില്‍ അറിയപ്പെടുന്ന ശ്രീ. ലാല്‍. പി. തോമസ്സ്, ബ്ലോഗില്‍ പ്രസിദ്ധീകരിച്ച കവിതകള്‍ സമാഹരിച്ച്, “നിഴല്‍ ചിത്രങ്ങള്‍ ” എന്ന പേരില്‍ പുസ്തക രൂപത്തിലാക്കി, കോട്ടയം കമ്മ്യൂണിറ്റി ലീഡര്‍ഷിപ്പ് ഫൌണ്ടേഷന് സെക്രട്ടറി ശ്രീ. തോമസ് നീലാര് മഠം പ്രസിദ്ധീകരിച്ചു.
ഈ കവിതാ സമാഹാരത്തിന്റെ പ്രകാശന കര്‍മ്മം കാപ്പില്‍ മാര്‍ത്തോമ്മാ പള്ളിയില്‍ വച്ച് ഇടവക പള്ളി വികാരിയച്ചന്റെ അദ്ധ്യക്ഷതയില്‍ നടന്നു. പള്ളിയിലെ സര്‍വീസ് കഴിഞ്ഞ ശേഷം പതിനൊന്നരയോടു കൂടി ചടങ്ങ് ആരംഭിച്ചു. പ്രകാശന കര്മ്മത്തിന് സാക്ഷ്യം വഹിക്കാനായി, കവിയുടെ ബന്ധു മിത്രാദികള്‍ മാത്രമല്ല, ഇടവകയിലെ ഒട്ടു മിക്കവരും സന്നിഹിതരായിരുന്നു.
പള്ളിയുടെ സംഗീത ദിനം കൂടി ആയിരുന്നതിനാല്‍ പള്ളി ക്വയര്‍ ഗ്രൂപ്പ് ഗാനങ്ങള്‍ ആലപിക്കാന്‍ തയ്യാറായി നിന്നിരുന്നു. പ്രകാശന ചടങ്ങിനിടയില്‍ പല തവണയായി പ്രാര്‍ത്ഥനാ ഗീതങ്ങള്‍ മനോഹരമായി ആലപിച്ച് അവര്‍ ഈ ചടങ്ങിന് അപൂര്‍വ്വ ചാരുത പകര്‍ന്നു.
ചടങ്ങുകള്‍ ശ്രീ. നീലാര് മഠത്തിന്റെ സ്വാഗത പ്രസംഗത്തോടു കൂടി ആരംഭിച്ചു. കവിയുടെ അസാന്നിദ്ധ്യത്തില്‍ കവിതാ പ്രകാശനം നടക്കുക എന്നൊരു അത്യപൂര്‍വ്വത കൂടി ഈ ചടങ്ങിനുണ്ട് എന്നദ്ദേഹം പറഞ്ഞു.
വിശിഷ്ടാതിഥി ആയി എത്തിയിരുന്ന ദീപികയുടെ മുന്‍ എഡിറ്ററായ ശ്രീ. തേക്കിന് കാട് ജോസഫ് കവിതാ പരിചയം നടത്തി. കവിതകള്‍ വിശദമായി അപഗ്രഥിച്ചു പഠിച്ച് നല്ലൊരു വിശകലം തന്നെയാണ് അദ്ദേഹം തന്നത്. അതിനു ശേഷം പള്ളി ക്വയര്‍ ഗ്രൂപ്പ് മനോഹരമായ ഒരു പ്രാര്‍ത്ഥനാ ഗീതം ആലപിച്ചു. കാതിന് ഇമ്പവും മനസ്സിന് ഭക്തി നിര്‍ഭരതയും പകര്‍ന്ന ഈ ഗാനാ ലാപനത്തിനു ശേഷമായിരുന്നു പുസ്തക പ്രകാശനം.
പള്ളി വികാരിയച്ചന് പുസ്തകത്തിന്റെ ഒരു പ്രതി ശ്രീമതി കെ. സി. ഗീതയ്ക്ക് നല്കി ക്കൊണ്ട് പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.
അതേ സമയം തന്നെ തൊടുപുഴയില്‍ ശ്രീ ഹരീഷിന്റെ നേതൃത്വത്തില്‍ നടന്ന ബ്ലോഗേര്‍സ് മീറ്റിലും നിഴല്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ആദ്യ വില്പന നടത്തുകയും ചെയ്തു. ബ്ലോഗില്‍ നിന്നുള്ള പുസ്തകത്തില്‍ ഒരു ബ്ലോഗര്‍ തന്നെ അവതാരിക എഴുതുന്ന ആദ്യ പുസ്തകമാണ് “നിഴല്‍ ചിത്രങ്ങള്‍”. ഇതിന്റെ അവതാരിക എഴുതിയിരിക്കുന്നത് തിരുവനന്തപുരം വിമന്‍സ് കോളേജ് പ്രോഫസര്‍ ശ്രീമതി കെ. സി. ഗീതയാണ്. ബ്ലോഗിനെ ക്കുറിച്ച് വളരെ നല്ല ഒരു വിശദീകരണം കൂടി അവതാരികയില്‍ നല്‍കുന്നുണ്ട്. കേരളത്തിലെ മിക്ക ബുക്ക് സ്റ്റോറുകളിലും ഈ പുസ്തകം ഉടനെ ലഭ്യമാകും. ദുബായില്‍ പകല്‍ കിനാവാന്, നിരക്ഷരന് എന്നിവരുടെ കയ്യില്‍ ഇപ്പോള്‍ ഈ പുസ്തകം വില്പനക്കായുണ്ട്. കേരളത്തില്‍ ഈ പുസ്തകത്തിനായി ഇപ്പോള്‍ ശ്രീ. തോമസ് നീലര്‍ മഠവുമായി ബന്ധപ്പെടാം.
തോമസ് നീലര്‍ മഠം – ഫോണ്‍ : 04792416343, മൊബൈല്‍ : 944 721 2232
വില 50 രൂപ