എയര്‍ ഫ്രാന്‍സ് 447 വിമാന യാത്രക്കാരുടേത് എന്ന് കരുതുന്ന രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ബ്രസീല്‍ നാവിക സേനയും ഏയ്‌റോനോടികല്‍ കമാണ്ടും ഇന്നലെ നടത്തിയ തിരച്ചിലില്‍ ആണ് രണ്ടു പുരുഷന്മാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. എയര്‍ ഫ്രാന്‍സ് ടിക്കറ്റ് അടങ്ങിയ തുകല്‍ ബ്രീഫ് കേസും ഇതോടൊപ്പം കണ്ടെടുത്തു. വിമാനത്തിന്റെ എന്ന് കരുതപ്പെടുന്ന അവശിഷ്ടങ്ങളും ഇതോടൊപ്പം കിട്ടിയിട്ടുണ്ട് എന്നും സൈനിക അധികാരികള്‍ അറിയിച്ചു.
റിയോ ദെ ജനയ്റോയില്‍ നിന്ന് പാരിസിലേയ്ക്ക് പോകുകയായിരുന്ന ഈ വിമാനം തകരാന്‍ ഇടയായ കാരണങ്ങള്‍ ഇപ്പോഴും അജ്ഞാതം ആണ് . എയര്‍ ഫ്രാന്‍സ് വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഇപ്പോഴും ഊര്‍ജിതമായി തുടരുകയാണ്.
വിമാനം തകരും മുന്‍പ് വൈമാനികര്‍ അയച്ചതായ സന്ദേശങ്ങള്‍ ഒന്നും തന്നെ കിട്ടിയിട്ടില്ല എന്ന വാദം വിശ്വസനീയം അല്ല എന്നാണ് ഫ്രഞ്ച് പൈലട്സ് യൂണിയന്‍ പറയുന്നത്. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് ഇത് വരെയും കണ്ടെത്താത്ത സ്ഥിതിയ്ക്ക്, വിമാനം തകരുന്നതിന്റെ അവസാന നിമിഷങ്ങളില്‍ എന്താണ് സംഭവിച്ചത് എന്നതില്‍ ഉള്ള ദുരൂഹത തുടരുകയാണ് .



ഇസ്രയേല്‍ ആയുധ നിര്‍മ്മാണ സ്ഥാപനം ആയ ഇസ്രയേല്‍ മിലിട്ടറി ഇന്‍ഡസ്ട്രീസ് ഉള്‍പ്പടെ ഇന്ത്യയുമായി ആയുധ വ്യാപാരം നടത്തുന്ന ഏഴു സ്ഥാപനങ്ങളെ പ്രതിരോധ വകുപ്പ് മന്ത്രി എ. കെ. ആന്റണിയുടെ നിര്‍ദ്ദേശ പ്രകാരം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. സി. ബി. ഐ. നടത്തിയ അന്വേഷണത്തില്‍ കൈക്കൂലി ഇടപാടുകളുടെ വ്യക്തമായ സൂചനകള്‍ ലഭിച്ചതിന്റെ വെളിച്ചത്തില്‍ ആണ് ഈ നടപടി. സി. ബി. ഐ. യുടെ കുറ്റ പത്രം ഇനിയും തയ്യാറായിട്ടില്ല. എന്നാല്‍ സ്വകാര്യ ബാങ്ക് അക്കൌണ്ടുകളിലേക്ക് പണം കൈമാറ്റം ചെയ്തത് ഉള്‍പ്പടെ വ്യക്തമായ തെളിവുകള്‍ ആണ് അന്വേഷണത്തില്‍ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോപണ വിധേയമായ കമ്പനികളുമായുള്ള ഇടപാടുകള്‍ ഉടനടി മരവിപ്പിക്കാന്‍ പ്രതിരോധ മന്ത്രി എ. കെ. ആന്റണി ഉത്തരവ് നല്‍കുക ആയിരുന്നു എന്ന് പ്രതിരോധ വകുപ്പ് വക്താവ് സിതാന്‍ശു കര്‍ അറിയിച്ചു.
മുംബൈ ഭീകര ആക്രമണവും ആയി ബന്ധപ്പെട്ട് ഇന്നലെ വൈകീട്ട് ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്ത പാക്കിസ്ഥാന്‍ സ്വദേശി മൊഹമ്മദ് ഒമര്‍ മദനി പാക്കിസ്ഥാന്‍ കോടതി കഴിഞ്ഞ ദിവസം മോചിപ്പിച്ച ജമാ അത് ഉദ് ദവ നേതാവ് ഹാഫിസ് മൊഹമ്മദ് സയീദിന്റെ വലം കൈ ആണെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ സയീദിന്റെ ഏറ്റവും അടുത്ത കൂട്ടാളികളില്‍ ഒരാളാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ഇയാള്‍ നേപ്പാളില്‍ നിന്നും ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരികയായിരുന്നു. മദനി സയീദിനൊപ്പം 2000 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതാണ്. ലഷ്കര്‍ എ തൊയ്ബ എന്ന ആഗോള ഭീകര സംഘടനക്ക് യുവാക്കളെ ചേര്‍ത്ത് കോടുക്കുന്ന ജോലിയും ഇയാളുടേതായിരുന്നു എന്നും ഡല്‍ഹി പോലീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

























