എയര്‍ ഫ്രാന്‍സ് 447 വിമാനം തകര്‍ന്നതിന് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പേ ബോംബ് ഭീഷണീ സന്ദേശം ലഭിച്ചിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 228 യാത്രക്കാര്‍ കൊല്ലപ്പെട്ട ഈ അപകടത്തിന്റെ കാരണങ്ങള്‍ ഇതുവരെയും അറിവായിട്ടില്ല. ഈ പുതിയ വെളിപ്പെടുത്തലിന്റെ സാഹചര്യത്തില്‍ ഭീകരാക്രമണം ആണോ ഇതിനു പിന്നില്‍ എന്ന സംശയം ശക്തമാകുന്നു.
ബ്യുനെസ് അയെര്സില്‍ നിന്ന് പാരീസിലേയ്ക്ക് പറക്കുന്ന എയര്‍ ഫ്രാന്‍സ് വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ട് എന്ന അജ്ഞാത സന്ദേശം മെയ് 27 ന് അര്‍ജെന്റീന പോലീസിനു ആണ് ലഭിച്ചത്. യാത്രക്കാര്‍ വിമാനത്തില്‍ കയറും മുന്‍പ് പൊലീസ് നടത്തിയ തിരച്ചിലില്‍ ഒന്നും തന്നെ കണ്ടെത്താന്‍ ആയില്ല. ഇതിനാല്‍ അന്നേ ദിവസം 32 മിനിട്ടുകള്‍ വൈകിയാണ് വിമാനം പുറപ്പെട്ടത് എന്ന് എയര്‍ ഫ്രാന്‍സ് വക്താവ് ഇന്ന് വെളിപ്പെടുത്തി.
അജ്ഞാത സന്ദേശവും വിമാന അപകടവും തമ്മില്‍ ബന്ധിപ്പിക്കാന്‍ ആവില്ലെന്നും വിമാന വക്താവ് അറിയിച്ചു. കഴിഞ്ഞ ദിവസം കടലില്‍ നിന്ന് വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തുകയുണ്ടായി. എങ്കിലും അപകട കാരണം അറിയാന്‍ സഹായകം ആയ ബ്ലാക്ക് ബോക്സ് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.




ലോകത്തെ നടുക്കിയ മുംബൈ ഭീകര ആക്രമണത്തിന്റെ സൂത്രധാരന്‍ എന്ന് ഇന്ത്യയും അമേരിക്കയും ആരോപിച്ച ലഷ്കര്‍ എ തയ്ബ യുടെ മുന്നണി സംഘടനയായി പ്രവര്‍ത്തിക്കുന്ന ജമാ അത് ദു അവയുടെ നേതാവ് ഹാഫിസ് മുഹമ്മദ് സയീദിനെ പാക്കിസ്ഥാന്‍ വിട്ടയച്ചു. ലാഹോര്‍ കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ഈ നടപടി. കഴിഞ്ഞ നവംബറില്‍ മുംബൈയില്‍ 163 പേര്‍ കൊല്ലപ്പെട്ട ഭീകര ആക്രമണങ്ങള്‍ ഇയാളാണ് ആസൂത്രണം ചെയ്യുകയും സാമ്പത്തിക സഹായം നല്‍കുകയും ചെയ്തത് എന്ന് അമേരിക്കയും ഇന്ത്യയും നടത്തിയ അന്വേഷണങ്ങളില്‍ കണ്ടെത്തിയിരുന്നു. അമേരിക്ക ഏറെ സമ്മര്‍ദ്ദം ചെലുത്തിയതിനു ശേഷമാണ് അന്ന് പാക് നേതൃത്വം ഇയാളെ വീട്ടു തടങ്കലില്‍ ആക്കാന്‍ തയ്യാറായത്. ഇന്ത്യ നല്‍കിയ തെളിവുകള്‍ ഇയാള്‍ക്കെതിരെ കോടതിയില്‍ ഹാജരാക്കാതെ ഇന്ത്യാ പാക് ബന്ധം മെച്ചപ്പെടുത്താന്‍ ഉള്ള ശ്രമങ്ങള്‍ വെറും പ്രഹസനം മാത്രമാണെന്ന് ഇതോടെ പാക്കിസ്ഥാന്‍ തെളിയിച്ചിരിക്കുന്നു.
കേരളാ കാര്‍ട്ടൂണ്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ മെയ് 31ന് അന്തരിച്ച പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് തോമസിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാനായി അനുസ്മരണ യോഗം സംഘടിപ്പിക്കും. ജൂണ്‍ ആറിന് എറണാകുളം നോര്‍ത്ത് റെയില്‍ വേ സ്റ്റേഷന് എതിര്‍ വശത്തുള്ള മാസ് ഹോട്ടലില്‍ വൈകീട്ട് നാല് മണിക്കാണ് യോഗം. കേന്ദ്ര മന്ത്രി പ്രൊ. കെ. വി. തോമസ്, സാംസ്ക്കാരിക വകുപ്പ് മന്ത്രി എം. എ. ബേബി, കേരളാ കാര്‍ട്ടൂണ്‍ അക്കാദമിയുടെ മുന്‍ ചെയര്‍മാനും എം. എല്‍. എ. യുമായ എം. എം. മോനായി, സെബാസ്റ്റ്യന്‍ പോള്‍ എം. എല്‍. എ., പ്രശസ്ത മാധ്യമ പ്രവര്‍ത്തകനായ പദ്മ ഭൂഷണ്‍ ടി. വി. ആര്‍. ഷേണായി എന്നിവരും മറ്റ് കാര്‍ട്ടൂണ്‍ സ്നേഹികളും ചടങ്ങില്‍ സംബന്ധിക്കും.
228 പേരുമായി ബ്രസീലില്‍ നിന്നും ഫ്രാന്‍സിലേക്ക് പറന്ന എയര്‍ ഫ്രാന്‍സ് ഫ്ലൈറ്റ് AF447 വിമാനം അറ്റ്ലാന്റിക്കിനു മുകളില്‍ വെച്ച് കാണാതായി. ശക്തമായ കൊടുങ്കാറ്റും പ്രതികൂല കാലാവസ്ഥയും ഉള്ള സ്ഥലത്തു കൂടി ആയിരുന്നു ഈ വിമാനം പറന്നിരുന്നത് എന്നത് മാത്രമാണ് ഇപ്പോള്‍ ലഭ്യമായ വിവരം. എന്നാല്‍ എയര്‍ ബസ് എ330-200 (Airbus A 330-200) എന്ന ഈ വിമാനം ഇത്തരം പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ പ്രാപ്തമാണ്. ഈ തരം വിമാനം ഇങ്ങനെ തകരുന്നത് ഇത് ആദ്യമാണ്. വെറും നാലു വര്‍ഷം മാത്രമേ തകര്‍ന്ന വിമാനത്തിന് പഴക്കം ഉണ്ടായിരുന്നുള്ളൂ. ഇടിമിന്നല്‍ ഏറ്റതാണ് വിമാനം തകരാന്‍ കാരണം എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ വൈദ്യുത ശൃംഘലയിലെ തകരാറോ മറ്റെന്തോ സാങ്കേതിക തകരാറോ ആവാം വിമാനം തകരാന്‍ കാരണം എന്നും അഭിപ്രായം ഉണ്ട്. പുലര്‍ച്ചെ നാലേ കാലിന് വിമാനം അപ്രത്യക്ഷം ആവുന്നതിന് നിമിഷങ്ങള്‍ മുന്‍പ് യന്ത്ര തകരാറ് സൂചിപ്പിക്കുന്ന ചില ഓട്ടോമാറ്റിക് സന്ദേശങ്ങള്‍ വിമാനത്തില്‍ നിന്നും ലഭിച്ചിരുന്നു. ഏതായാലും പിന്നീട് വിമാനം പൊടുന്നനെ റഡാറുകളില്‍ നിന്നും അപ്രത്യക്ഷം ആവുക ആയിരുന്നു. ഭീകര ആക്രമണം എന്ന സാധ്യത പൊതുവെ തള്ളി കളഞ്ഞിട്ടുണ്ട്. 
























