അഹമ്മദാബാദില്‍ പോലീസ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും കോര്‍പ്പൊറേഷന്‍ അധികൃതരുമായി ചേര്‍ന്ന് നടത്തിയ സിറിഞ്ച് വേട്ടയില്‍ 10,000 കിലോഗ്രാം ഉപയോഗിച്ച സിറിഞ്ചുകള്‍ പിടിച്ചെടുത്തു. നഗരത്തിലെ സ്വകാര്യ ആശുപത്രികളിലും ഗോഡൌണുകളിലും വെള്ളിയാഴ്ച നടത്തിയ റെയിഡില്‍ ആണ് ഞെട്ടിപ്പിക്കുന്ന ഈ കണ്ടെത്തല്‍. ഇതിനെ തുടര്‍ന്ന് പതിനഞ്ച് സ്വകാര്യ ആശുപത്രികള്‍ അടച്ചു പൂട്ടി സീല്‍ ചെയ്തു. ഇന്ത്യന്‍ പീനല്‍ കോഡിലെ വിവിധ വകുപ്പുകള്‍ പ്രകാരം 15 ഡോക്ടര്‍മാര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെങ്കിലും അറസ്റ്റ് ഒന്നും ഇതു വരെ നടന്നിട്ടില്ല. കൂടുതല്‍ അന്വേഷണം നടത്തി ഇവരെ അറസ്റ്റ് ചെയ്യും എന്നാണ് സൂചന.
നഗരത്തിലെ ഗോഡൌണുകളിലും ആക്രി കച്ചവടക്കാരുടെ കേന്ദ്രങ്ങളിലും പരിശോധന നടത്തിയ പോലീസ് സംഘം അഞ്ച് ഗോഡൌണുകളും സീല്‍ ചെയ്തിട്ടുണ്ട്. വന്‍ തോതില്‍ ബയോ മെഡിക്കല്‍ വേസ്റ്റ് ഇവിടങ്ങളില്‍ കണ്ടെത്തി. ഹെപാറ്റൈറ്റിസ് പടര്‍ന്നു പിടിച്ച സ്ഥലങ്ങളില്‍ നിന്ന് ഈ ആക്രി കച്ചവടക്കാര്‍ ഉപയോഗിച്ച സിറിഞ്ചുകളും സൂചികളും വാങ്ങി കൂട്ടി മറിച്ചു വില്‍ക്കുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു.
ആശുപത്രിയില്‍ നിന്നും പുറന്തള്ളപ്പെടുന്ന ചണ്ടിയില്‍ നിന്നും ഉപയോഗിച്ച സിറിഞ്ചുകളും സൂചികളും ശേഖരിച്ച് വൃത്തിയാക്കി പുതിയത് പോലെ പാക്ക് ചെയ്തു വീണ്ടും വില്‍പ്പനക്ക് വെക്കുന്ന ഒരു വന്‍ സംഘം തന്നെ ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് സൂചന. ഉപയോഗിച്ച സിറിഞ്ച് വീണ്ടും ഉപയോഗിക്കുന്നത് വഴി ഹെപാറ്റൈറ്റിസ് സി രോഗം പടരാനുള്ള സാധ്യത വളരെ കൂടുതല്‍ ആണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കരളിനെ മാരകമായി ബാധിക്കുന്ന ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാകാന്‍ ചിലപ്പോള്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടി വരും എന്നത് ഈ വിപത്തിനെ കൂടുതല്‍ ഗൌരവം ഉള്ളത് ആക്കുന്നു. ഇത്തരക്കാരുടെ പ്രവര്‍ത്തികള്‍ ശ്രദ്ധിക്കപ്പെടാതെ പോകുവാനും ഇത് കാരണം ആകുന്നു.
ആശുപത്രി ചണ്ടിയില്‍ ഉപയോഗിച്ച സിറിഞ്ചുകളും സൂചികളും രക്തം പുരണ്ട ഗ്ലാസ് സ്ലൈഡുകളും അലൂമിനിയം ഫോയലുകളും പരിശോധനകള്‍ക്കായി രക്തം ശേഖരിച്ച കുപ്പികളും മറ്റും ഉണ്ടാവും. ഇവയില്‍ മിക്കതും രോഗങ്ങള്‍ പരത്തുവാന്‍ ശേഷിയുള്ളതും ആവും. ഉയര്‍ന്ന താപനിലയില്‍ ചൂടാക്കിയാല്‍ പോലും ഇതില്‍ പകുതി പോലും നിര്‍വീര്യം ആവില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇവ നിര്‍വീര്യമാക്കുവാന്‍ വളരെ ഉയര്‍ന്ന ചൂടില്‍ കത്തിക്കുവാന്‍ ആശുപത്രികളില്‍ ഇന്‍സിനറേറ്റര്‍ സ്ഥാപിച്ച് ഇവ കത്തിച്ചു കളഞ്ഞതിനു ശേഷം ഇവ ഭൂമിക്കടിയില്‍ വളരെ ആഴത്തില്‍ കുഴിച്ചിടുകയാണ് വേണ്ടത്. എന്നാല്‍ ഇത്തരം ഒരു ചണ്ടി സംസ്ക്കരണ പദ്ധതിയൊന്നും പലയിടത്തും പ്രവര്‍ത്തിക്കുന്നില്ല. ഇതൊന്നും അധികൃതര്‍ കണ്ടതായി ഭാവിക്കുന്നുമില്ല. പല ആശുപത്രികളും തങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ചണ്ടി പൊതു സ്ഥലങ്ങളിലും, ഒഴിഞ്ഞ പറമ്പുകളിലും, റോഡരികിലും മറ്റും ഉപേക്ഷിക്കുകയാണ് പതിവ്. ഇത് മൂലം ചര്‍മ്മ രോഗങ്ങളും കോളറ, ടൈഫോയ്ഡ്, ഗാസ്റ്ററോ എന്ററൈറ്റിസ്, ക്ഷയം, ഡിഫ്തീരിയ എന്നീ രോഗങ്ങളും എയ്ഡ്സ് പോലും പകരുവാനും ഇടയാകുന്നു. ഇത്തരം ചണ്ടി ആഴത്തില്‍ കുഴിച്ചിടാത്തതു മൂലം മഴക്കാലത്ത് ഇത് മഴ വെള്ളത്തില്‍ കലര്‍ന്ന് ഭൂഗര്‍ഭ കുടി വെള്ള പൈപ്പുകളില്‍ കടന്ന് കൂടുകയും ചെയ്യുന്നു. ഇത് ഉണ്ടാക്കാവുന്ന വിപത്ത് അചിന്തനീയം ആണ്.