മംഗലാപുരത്തെ പബില്‍ ശ്രീ രാമ സേന പെണ്‍കുട്ടികള്‍ക്ക് നേരെ നടത്തിയ ആക്രമണത്തെ കുറിച്ച് അന്വേഷിക്കാന്‍ എത്തിയ ദേശീയ വനിതാ കമ്മീഷന്‍ അന്വേഷണത്തിന്റെ ഗതി തന്നെ തിരിച്ചു വിടുന്ന ചില പരാമര്‍ശങ്ങള്‍ നടത്തിയത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി. പെണ്‍കുട്ടികളെ ആക്രമിച്ചവരെ ജെയിലില്‍ ചെന്ന് കണ്ട കമ്മീഷന്‍ ആക്രമണത്തിന് ഇവരെ പ്രേരിപ്പിച്ചത് എന്താണ് എന്ന് പ്രതികളോട് ആരാഞ്ഞുവത്രെ. പബില്‍ നടക്കുന്ന അഴിഞ്ഞാട്ടത്തെ കുറിച്ച് വിവരം കിട്ടി എത്തിയ തങ്ങള്‍ അവിടെ എത്തിയത് പെണ്‍കുട്ടികളെ സംരക്ഷിക്കുവാന്‍ വേണ്ടി ആണ് എന്ന് ഇവര്‍ കമ്മീഷനോട് വെളിപ്പെടുത്തി. നാമ മാത്രമായി വസ്ത്ര ധാരണം ചെയ്ത് നൃത്തം ചെയ്യുന്ന പെണ്‍കുട്ടികളെ കണ്ട തങ്ങള്‍ നിയന്ത്രണം വിട്ട് പെരുമാറിയതില്‍ ഖേദിക്കുന്നു എന്നും പ്രതികള്‍ കമ്മീഷനോട് സമ്മതിച്ചതായി കമ്മീഷന്‍ അംഗം നിര്‍മ്മല വെങ്കടേഷ് പറഞ്ഞു. ഒരു മണിക്കൂറോളം താന്‍ പ്രതികളുമായി ജെയിലില്‍ ചിലവഴിച്ചുവെന്നും ഇനി മേലാല്‍ നിയമം കയ്യിലെടുക്കരുത് എന്നും സ്ത്രീകളെ അടിക്കരുത് എന്നും താന്‍ ഇവരെ ഉപദേശിച്ചു എന്നും കമ്മീഷന്‍ അംഗം അറിയിച്ചു.
പ്രശ്നത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം പബ് നടത്തിപ്പുകാരന്റെ മേലെ കെട്ടി വച്ച കമ്മീഷന്‍ പബിന്റെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ ഉള്ള നടപടികള്‍ സ്വീകരിക്കും എന്ന് അറിയിച്ചിട്ടുണ്ട്. പബിനോട് അനുബന്ധിച്ചുള്ള ലോഡ്ജില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കാന്‍ മാത്രമേ അവര്‍ക്ക് ലൈസന്‍സ് ഉള്ളൂ. അല്ലാതെ മദ്യ സല്‍ക്കാരം നടത്തുവാന്‍ പാടുള്ളതല്ല. ആ നിലക്ക് മദ്യ സല്‍ക്കാരവും ബാന്‍ഡ് മേളവും നടത്തി പെണ്‍കുട്ടികള്‍ക്ക് നഗ്ന നൃത്തവും മറ്റ് ആഭാസങ്ങളും നടത്താന്‍ സൌകര്യം ചെയ്ത് കൊടുത്ത പബ് നടത്തിപ്പുകാരന്‍ ആണ് ഈ സംഭവത്തിലെ യഥാര്‍ത്ഥ പ്രതി എന്നാണ് കമ്മീഷന്റെ നിലപാട്.
നഗ്ന നൃത്തം ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് മതിയായ സുരക്ഷിതത്വത്തിനുള്ള ക്രമീകരണങ്ങളും ലഭ്യമല്ലായിരുന്നു എന്നും വനിതാ കമ്മീഷന്‍ ചൂണ്ടിക്കാട്ടി. പെണ്‍കുട്ടികളുടെ സംരക്ഷണത്തിന് അവിടെ ആരേയും ഏര്‍പ്പെടുത്തിയിരുന്നില്ല. ഇത്തരം സുരക്ഷിതം അല്ലാത്ത ഇടങ്ങളില്‍ പോകുന്ന പെണ്‍കുട്ടികള്‍ തന്നെയാണ് തങ്ങളുടെ സുരക്ഷക്ക് ഭീഷണിയാകുന്നത്. പെണ്‍കുട്ടികള്‍ തങ്ങളുടെ സുരക്ഷിതത്വം സ്വയം ഉറപ്പാക്കണം. ഇത്തരം സംഭവങ്ങളില്‍ നിന്നും സ്ത്രീകള്‍ പാഠം ഉള്‍ക്കൊള്ളണം എന്നും അവര്‍ പറഞ്ഞു. ഇത്തരം സാഹചര്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി സ്വന്തം സുരക്ഷിതത്വം സ്വയം ഉറപ്പാക്കണം എന്ന പാഠം.
സ്റ്റേറ്റിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറി കുറ്റവാളികളെ സംരക്ഷിക്കുവാന്‍ തത്രപ്പെടുന്ന രീതിയില്‍ ഉള്ള വനിതാ കമ്മീഷന്റെ ഈ പിന്തിരിപ്പന്‍ നിലപാടില്‍ വിവിധ വനിതാ സംഘടനകള്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തി.



പ്രശസ്ത ഗായകന്‍ ആയ അഡ്നാന്‍ സാമിക്കെതിരെ ഗാര്‍ഹിക പീഡനത്തിന് പോലീസ് കേസെടുത്തു. അഡ്നാന്‍ സാമിയുടെ ഭാര്യ സബാ ഗളദാരിയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസ് റെജിസ്റ്റര്‍ ചെയ്തത് എന്ന് പോലീസ് ഇന്‍സ്പെക്ടര്‍ കിരണ്‍ സൊനോനെ അറിയിച്ചു. തന്നെ ഭര്‍ത്താവ് മുംബൈയിലെ ലോഖണ്ഡ്‌വാലയിലുള്ള തങ്ങളുടെ വീട്ടില്‍ വെച്ച് പീഡിപ്പിക്കുന്നു എന്ന് അഡ്നാന്‍ സാമിയുടെ ഭാര്യ വ്യാഴാഴ്ച രാത്രിയാണ് അന്ധേരിയിലെ ഓഷിവാര പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടത്. കേസ് റെജിസ്റ്റര്‍ ചെയ്ത പോലീസ് ഇവരോട് കോടതിയെ സമീപിക്കാന്‍ ഉപദേശിക്കുകയും ചെയ്തു. അഡ്നാന്‍ സാമിയോട് ഇത്തരം പെരുമാറ്റം ആവര്‍ത്തിക്കരുത് എന്ന് പോലീസ് മുന്നറിയിപ്പ് കൊടുക്കുകയും ചെയ്തു.
താലിബാന്‍ ശൈലിയില്‍ ഇന്ത്യയില്‍ “മോറല്‍ പോലീസിങ്ങ്” സംവിധാനം ഏര്‍പ്പെടുത്താന്‍ തുനിഞ്ഞ ശ്രീ രാമ സേന എന്ന ഹിന്ദു തീവ്രവാദി സംഘത്തിന്റെ മുഖ്യനും മുന്‍ വിശ്വ ഹിന്ദു പരിഷദ് നേതാവും ആയ പ്രമോദ് മുത്തലിക്ക് പോലീസ് പിടിയില്‍ ആയി. മംഗലാപുരത്തെ ഒരു പബില്‍ കഴിഞ്ഞ ശനിയാഴ്ച അതിക്രമിച്ച് കയറിയ സേനാ പ്രവര്‍ത്തകര്‍ പെണ്‍കുട്ടികളെ മര്‍ദ്ദിക്കുകയും അപമാനിക്കുകയും പിന്നാലെ ഓടി അടിക്കുകയും ചെയ്ത സംഭവം ലോക സമൂഹത്തിനു മുന്നില്‍ രാജ്യത്തിന് ആകെ അപമാനം വരുത്തി വെച്ചിരുന്നു. പബില്‍ പെണ്‍കുട്ടികള്‍ മദ്യപിച്ച് നഗ്ന നൃത്തം ചെയ്യുന്നു എന്ന് തങ്ങള്‍ക്ക് പൊതു ജനത്തില്‍ നിന്നും പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് തങ്ങള്‍ ഇത്തരം ഒരു നടപടി സ്വീകരിച്ചത് എന്നാണ് ശ്രീ രാമ സേനയുടെ വിശദീകരണം. ഇതൊരു വളരെ ചെറിയ സംഭവം ആണ്. ഇതിനെ ബി. ജെ. പി. സര്‍ക്കാരിനെ ആക്രമിക്കുവാന്‍ ആയി രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. പൊതു സ്ഥലത്ത് പെണ്‍കുട്ടികള്‍ നഗ്ന നൃത്തം ചെയ്യുന്നതും മയക്ക് മരുന്ന് ഉപയോഗിക്കുന്നതും തെറ്റാണ്. ഇത് ഭാരതീയ സംസ്ക്കാരത്തിന് ചേര്‍ന്നതല്ല. ഇതിനെതിരെയാണ് ഞങ്ങള്‍ നടപടി എടുത്തത്. ഭാരതീയ സംസ്ക്കാരത്തില്‍ സ്ത്രീ ആദരണീയയായ അമ്മയാണ്. സ്ത്രീകളുടെ സംരക്ഷണത്തിനാണ് തങ്ങള്‍ ശ്രമിച്ചത് എന്നും അറസ്റ്റില്‍ ആവുന്നതിന് മുന്‍പ് ശ്രീ രാമ സേനാ മേധാവി മുത്തലിക്ക് പറഞ്ഞു.
മുംബൈ ഭീകരരുമായി ഏറ്റുമുട്ടി വീര മൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് രാഷ്ട്രം കൃതജ്ഞതാ പൂര്‍വ്വം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. റിപ്പബ്ലിക്ക് ദിന ആഘോഷങ്ങളുടെ ഭാഗമായി, രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍, ഭീകരരുടെ വെടി ഏറ്റ് കൊല്ലപ്പെട്ട ദേശീയ സുരക്ഷാ സേനയില്‍ മേജര്‍ ആയിരുന്ന സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാവ് ധനലക്ഷ്മി ഉണ്ണികൃഷ്ണന്, ധീരതക്കുള്ള രാജ്യത്തെ പരമോന്നത ബഹുമതി ആയ അശോക ചക്രം സമ്മാനിച്ചു. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അടക്കമുള്ള ജനാവലി വന്‍ കയ്യടിയോടെ ആയിരുന്നു ചടങ്ങിന് സാക്ഷ്യം വഹിച്ചത്.
മുംബൈ ഭീകര ആക്രമണത്തില്‍ കൊല്ലപ്പെട്ട ദേശീയ സുരക്ഷാ സേനാ കമാന്‍ഡോ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍, ഭീകര വിരുദ്ധ സ്ക്വാഡ് മേധാവി ഹേമന്ത് കര്‍ക്കരെ, സബ് ഇന്‍സ്പെക്ടര്‍ തുക്കാറാം ഗോപാല്‍ ഓംബ്ലെ എന്നിവരെ അശോക ചക്രം നല്‍കി ബഹുമാനിക്കാന്‍ തീരുമാനിച്ചതായി സൂചന. മൂവരും മുംബൈയില്‍ പാക്കിസ്ഥാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഭീകരരെ തുരത്താന്‍ സൈന്യം നടത്തിയ ശ്രമങ്ങള്‍ക്കിടയില്‍ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. ധീരതാ പുരസ്ക്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട ഒന്‍പത് പേരില്‍ ഇവരുടെ പേരുകളും ഉണ്ടെന്നാണ് സൂചന എങ്കിലും ഔദ്യോഗികമായി ഇത് റിപ്പബ്ലിക്ക് ദിനത്തില്‍ ആയിരിക്കും പ്രഖ്യാപിക്കുക.
























