മുംബൈ : ഗുജറാത്ത് മുഖ്യ മന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ നഷ്ട പരിഹാര തുകയില്‍ നിന്ന് തനിക്ക് ഒന്നും വേണ്ടെന്ന് മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്രാ ഭീകര വിരുദ്ധ സേനാ ഉദ്യോഗസ്ഥന് ഹേമന്ത് കര്‍ക്കരെയുടെ വിധവ കവിത കര്‍ക്കരെ അറിയിച്ചു. മാലേഗാവ് സ്ഫോടന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് ആയിരുന്ന ഹേമന്ത് കര്‍ക്കരെ ഹിന്ദു തീവ്ര വാദികളുടെ പങ്ക് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് നരേന്ദ്ര മോഡി അടക്കം മിക്ക ബി. ജെ. പി. നേതാക്കളുടേയും കണ്ണിന് കരടായി മാറിയിരുന്നു ഹേമന്ത്. കര്‍ക്കരെയുടെ അന്വേഷണത്തില്‍ അതൃപ്തിയും സംശയവും പരസ്യമായി രേഖപ്പെടുത്തിയ ഇവര്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഹേമന്തിന്റെ രക്തത്തിനായി മുറവിളി കൂട്ടിയതും ആരും മറന്നിട്ടില്ല. മഹാരാഷ്ട്രാ മുഖ്യ മന്ത്രി വിലാസ് റാവു ദേശ്മുഖിനു മുന്‍പേ ഭീകര ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിച്ച് പ്രശ്നം കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിച്ച് പ്രസ്താവന ഇറക്കിയത് ഏറെ കോലാഹലം സൃഷ്ടിച്ചിരുന്നു. മഹാരാഷ്ട്രാ മുഖ്യ മന്ത്രിയേയും പ്രധാന മന്ത്രി മന് മോഹന്‍ സിംഗിനേയും വിമര്‍ശിച്ചു സംസാരിച്ച മോഡി ആക്രമണത്തില്‍ കൊല്ലപ്പെട്ട പോലീസുകാരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപയുടെ സഹായ ധനം പ്രഖ്യാപിക്കുകയും ചെയ്തു. ഇത്തരം ഒരു സന്ദര്‍ഭത്തില്‍ കേവലമായ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ഇറങ്ങി തിരിച്ച മോഡിയുടെ നിലപാട് എല്ലാവരേയും അമ്പരപ്പിക്കുകയുണ്ടായി. എന്നാല്‍ ഇതിന് ചുട്ട മറുപടിയായി ഹേമന്തിന്റെ വിധവയായ കവിത, മോഡി ഹേമന്തിന്റെ വീട് സന്ദര്‍ശിച്ച വേളയില്‍ അദ്ദേഹത്തെ കാണാന്‍ വിസമ്മതിച്ചത്. തനിക്ക് മോഡിയുടെ സഹായ ധനവും വേണ്ട എന്ന് കവിത അറിയിച്ചു.