സിനിമയില്‍ പുകവലിക്കുന്ന രംഗങ്ങള്‍ കാണിക്കരുത് എന്ന ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിന് എതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. സിനിമയിലും ടെലിവിഷനിലും പുകവലിക്കുന്ന രംഗങ്ങള്‍ കാണിക്കുന്നത് ഈ സാമൂഹിക ദൂഷ്യത്തെ പ്രോത്സാഹിപ്പിക്കുവാന്‍ സഹായകരം ആവും എന്ന് അഭിപ്രയപ്പെട്ടാണ് ഡല്‍ഹി ഹൈക്കോടതി ഇതിന് എതിരെ ഉത്തരവിട്ടിരുന്നത്. പുകവലി നിരോധനം കേന്ദ്ര ആരോഗ്യ മന്ത്രി അന്‍പുമണി രമദോസിന്റെ ശ്രമത്തെ തുടര്‍ന്ന് 2006ല്‍ ആയിരുന്നു നിലവില്‍ വന്നത്. ജനം വെള്ളിത്തിരയിലെ തങ്ങളുടെ ആരാധ്യ പുരുഷന്മാരെ അനുകരിച്ച് ആരോഗ്യത്തിന് ഹാനികരം ആയ പുകവലി സ്വീകരിക്കാന്‍ പ്രേരിതമാവും എന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ചോദ്യം ചെയ്തിരിക്കുകയാണ്. പരസ്യ നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ വരുന്ന പുകവലി ഉല്പന്നങ്ങള്‍ ഇത്തരത്തില്‍ നിയന്ത്രിക്കാന്‍ ആവില്ല എന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഈ നിയമം സിഗരറ്റും മറ്റ് പുകവലി ഉല്പന്നങ്ങളുടേയും പരസ്യത്തിന് നിയമ സാധുത നല്‍കുന്നുണ്ട്. അപ്പോള്‍ പിന്നെ ഇത് സിനിമയില്‍ കാണിക്കുന്നതില്‍ എന്താണ് തെറ്റ് എന്ന് ഹരജിയില്‍ ചോദിക്കുന്നു. ഭരണഘടന അനുവദിക്കുന്ന മൌലിക അവകാശം ആയ അഭിപ്രായ സ്വാതന്ത്ര്യത്തിന് ഈ നിരോധനം വിരുദ്ധമാണ് എന്നും സര്‍ക്കാര്‍ ചൂണ്ടി കാണിക്കുന്നു.




ലാലു പ്രസാദ് ഇന്ന് ലോക സഭയില്‍ അവതരിപ്പിച്ച ഇടക്കാല റെയില്‍വേ ബജറ്റില്‍ യാത്രാ നിരക്കുകളില്‍ രണ്ടു ശതമാനം ഇളവുകള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷ കാലത്തെ നേട്ടങ്ങള്‍ ഉയര്‍ത്തി കാണിച്ച ബജറ്റ് അവതരണത്തില്‍ ഈ കാലയളവില്‍ 90000 കോടി രൂപയാണ് അധിക വരുമാനം റെയില്‍വേ ഉണ്ടാക്കിയത് എന്ന് സഭയെ അറിയിച്ചു. ബജറ്റില്‍ യാത്രാ നിരക്കുകളില്‍ രണ്ട് ശതമാനം ഇളവുകള്‍ ആണ് ഉള്ളത്. ഏ. സി., മെയില്‍, എക്സ്പ്രസ് വണ്ടികളിലാണ് നിരക്ക് ഇളവുകള്‍ ബാധകം ആവുക. ചരക്ക് കൂലിയില്‍ മാറ്റമില്ല. പതിനാറ് വണ്ടികളില്‍ കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. റയില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കും. 2010 ല്‍ 43 പുതിയ വണ്ടികള്‍ ആരംഭിക്കും. ബുള്ളറ്റ് ട്രെയിനുകള്‍ കൊണ്ടു വരുന്നതിനെ സംബന്ധിച്ച സാധ്യതാ പഠനങ്ങള്‍ നടത്തും. പൊതു ജനത്തിനു മേല്‍ അധിക ഭാരം വരുത്താതെ തന്നെ വരുമാനം വര്‍ദ്ധിപ്പിക്കുക എന്നതാണ് ബജറ്റിന്റെ ലക്ഷ്യം എന്നും ലാലു പ്രസ്താവിച്ചു.
വിദേശത്തെ ഇന്ത്യന്‍ എംബസ്സികളിലും കോണ്‍സുലേറ്റുകളിലും ഉള്ള നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ഇന്ത്യയിലെ വിദേശ കാര്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും ഇനി ഓണ്‍ലൈന്‍ ബന്ധങ്ങള്‍ക്ക് വിലക്ക്. ഓര്‍ക്കുട്ട്, ഫേസ്ബുക്ക്, ഇബിബൊ എന്നിങ്ങനെ ഉള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളും, സംഗീതം, വീഡിയോ, ഫോട്ടോ എന്നിവ പങ്കു വെക്കുന്ന കാസാ, ഫ്ലിക്കര്‍, പിക്കാസ എന്നിങ്ങനെ ഉള്ള സൈറ്റുകളും ഉപയോഗിക്കുന്നതില്‍ നിന്നും ഇവരെ വിലക്കി കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ജീമെയില്‍ പോലുള്ള വെബ് മെയിലുകള്‍ ഇനി സര്‍ക്കാര്‍ കമ്പ്യൂട്ടറുകളില്‍ നിന്നും ഉപയോഗിക്കരുത് എന്നും നിര്‍ദ്ദേശം ഉണ്ട്. സുരക്ഷാ കാരണങ്ങളാല്‍ ആണ് ഈ വിലക്ക് ഏര്‍പ്പെടുത്തിയത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഈമെയില്‍ വിലാസങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. യാഹൂ, ഗൂഗിള്‍, ഹോട്ട്മെയില്‍ എന്നീ വെബ് ഈമെയില്‍ സേവനങ്ങള്‍ ഇനി മുതല്‍ ഔദ്യോഗിക കാര്യങ്ങള്‍ക്കായി ഉപയോഗിക്കരുത് എന്നും ഉത്തരവില്‍ പറയുന്നു.
ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലെ ഇതിഹാസ പുരുഷനായ പണ്ഡിറ്റ് ഭീം സേന്‍ ജോഷിയ്ക്ക് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്ന സമ്മാനിച്ചു. പൂനെയില്‍ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചു നടന്ന ലളിതമായ ചടങ്ങിലാണ് അദ്ദേഹത്തിന് ഈ ബഹുമതി രാഷ്ട്രപതിക്ക് വേണ്ടി ആഭ്യന്തര മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി സമ്മാനിച്ചത്. രാഷ്ട്ര പതി പ്രതിഭാ പാട്ടീലില്‍ നിന്നും ബഹുമതി നേരിട്ട് സ്വീകരിക്കാന്‍ അദ്ദേഹത്തെ ക്ഷണിച്ചിരുന്നു എങ്കിലും ആരോഗ്യ സ്ഥിതി അനുവദിക്കാഞ്ഞതിനാല്‍ അദ്ദേഹത്തിന്റെ അപേക്ഷ മാനിച്ചാണ് വീട്ടില്‍ വെച്ചു തന്നെ ചടങ്ങ് സംഘടിപ്പിച്ചത്. കൂടുതല്‍ വിപുലമായ ചടങ്ങൊന്നും വേണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
























