ന്യൂഡല്‍ഹി : ഹേമന്ത് കര്‍ക്കരെ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര മന്ത്രി ആന്തുലെ നടത്തിയ വിവാദ പരാമര്‍ശങ്ങളെ പറ്റി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുമ്പോള്‍ ആന്തുലെയെ പിന്തുണക്കാന്‍ സാധ്യതയില്ല എന്ന് സൂചന. ആന്തുലെയുടെ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ക്കരെയുടെ കൊലപാതകത്തെ പറ്റി പുതിയ അന്വേഷണം ഒന്നും നടത്തില്ല എന്ന് മഹാരാഷ്ട്രാ മുഖ്യ മന്ത്രി അശോക് ചവാന്‍ അറിയിച്ചിട്ടുണ്ട്. ആന്തുലെ രാജി വക്കണം എന്ന ആവശ്യവുമായി ബി. ജെ. പി. യും ശിവ സേനയും ശക്തമായി തന്നെ രംഗത്തുണ്ട്. ഇന്നത്തെ പ്രസ്താവന മഹാരാഷ്ട്രാ സര്‍ക്കാറില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും എന്ന് കോണ്‍ഗ്രസ് സൂചിപ്പിച്ചു.



മുംബൈ ഭീകര ആക്രമണത്തില്‍ തകര്‍ന്ന താജ് ഹോട്ടലിന്റെ ടവര്‍ കെട്ടിടം വീണ്ടും തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. തങ്ങളുടെ സ്ഥിരം അതിഥികളേയും മുംബൈ നഗരത്തിലെ എല്ല പ്രമുഖ വ്യക്തിത്വങ്ങളേയും ഉള്‍പ്പെടുത്തി കൊണ്ട് പ്രത്യേക ചടങ്ങ് തന്നെ ഇതിനോട് അനുബന്ധിച്ച് സംഘടിപ്പിച്ചു. ചടങ്ങില്‍ സംസാരിച്ച റ്റാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ റ്റാറ്റ താജിന് നേരെ നടന്ന ആക്രമണം മുംബൈക്കും ഇന്ത്യക്ക് മുഴുവനും എതിരെ നടന്ന ആക്രമണം ആണ് എന്ന് പറഞ്ഞു. ആക്രമണം നടന്ന മൂന്ന് ദിവസങ്ങളില്‍ ജോലിക്ക് ഹാജരായിരുന്ന എല്ലാവരേയും ചടങ്ങില്‍ ആദരിച്ചു. ഭീകര ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹോട്ടല്‍ ജീവനക്കാരേയും അതിഥികളേയും വീര മൃത്യു വരിച്ച സൈനികരേയും ചടങ്ങില്‍ അനുസ്മരിച്ചു. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് പുറമെ ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ട് ഒട്ടേറെ ജനങ്ങളും ചടങ്ങില്‍ സംബന്ധിച്ചു. ഈ ആക്രമണം നമ്മെ ഒരുമിച്ച് കൊണ്ടു വരാന്‍ സഹായിച്ചു. ഈ അവസരത്തില്‍ തങ്ങള്‍ക്ക് സഹായവും ആയി എത്തിയ എല്ലാര്‍ക്കും നന്ദി പറയുന്നു. പ്രത്യേകിച്ചും പരിക്കേറ്റവരേയും കൊണ്ട് ആശുപത്രികളിലേക്ക് കുതിച്ച ടാക്സി ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും മറ്റ് എല്ലാവര്‍ക്കും. ആക്രമണത്തിന് ശേഷം ഇത്രയും പെട്ടെന്ന് തന്നെ ഹോട്ടല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് വ്യക്തമായ ഒരു സന്ദേശവും ആയിട്ടാണെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദികള്‍ക്ക് നമ്മെ പരിക്ക് ഏല്‍പ്പിക്കുവാനും വേദനിപ്പിക്കുവാനും കഴിഞ്ഞിട്ടുണ്ടെങ്കിലും നമ്മെ ഒരിക്കലും തളര്‍ത്തുവാന്‍ കഴിയില്ല എന്ന സന്ദേശം.
























