താലിബാന് എതിരെ നടത്തുന്ന യുദ്ധത്തില്‍ തങ്ങള്‍ക്കു താലിബാനെ കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി തരുവാന്‍ അഫ്ഘാൻ പ്രാദേശിക നേതാക്കള്‍ക്ക് അമേരിക്കന്‍ ചാര സംഘടന ആയ സി. ഐ. എ. വയാഗ്ര വിതരണം ചെയ്തു എന്ന് വാഷിംഗ്‌ടണ്‍ പോസ്റ്റ് എന്ന അമേരിക്കന്‍ ദിന പത്രം റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ ആവശ്യങ്ങള്‍ക്ക് തങ്ങളുടെ കൂടെ നില്‍ക്കാന്‍ സി. ഐ. എ. പ്രതിഫലം നല്കുക പതിവാണ്. പണം, കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ , ശസ്ത്രക്രിയ അടക്കം ഉള്ള വൈദ്യ സഹായം, വിസകള്‍ എന്നിങ്ങനെ പല തരം പ്രലോഭനങ്ങള്‍ ആണ് പരമ്പരാഗതമായി ചാര സംഘടനകള്‍ ഉപയോഗപ്പെടുത്തി പോരുന്നത്. ഇതില്‍ ഏറ്റവും പുതിയതും ഫലവത്തും ആണത്രേ വയാഗ്ര വിതരണം. തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് ഏറെ കാലം വഴങ്ങാതിരുന്ന ഒരു അറുപതു കാരനായ വംശ പ്രമാണിക്ക് വയാഗ്ര നല്കിയ സി. ഐ. എ. ഏജെന്റുമാര്‍ക്കു മുന്‍പില്‍ അടുത്ത ദിവസം ചിരിച്ചു കൊണ്ടെത്തിയ നാട്ടു പ്രമാണി പിന്നീട് ഇവര്‍ക്ക് എന്ത് സഹായവും ചെയ്തു കൊടുക്കുവാന്‍ തയ്യാര്‍ ആയത്രേ. ആയുധങ്ങളും പണവും കൊടുക്കുന്നതിനേക്കാള്‍ ഫലപ്രദം ആണ് വയാഗ്ര എന്നാണു സി. ഐ. എ. യുടെ നിഗമനം. പണം ലഭിക്കുന്ന ആള്‍ പണം ഉപയോഗിച്ചു സാധനങ്ങള്‍ വാങ്ങി കൂട്ടുകയും അങ്ങനെ ഇയാള്‍ പെട്ടെന്ന് പണക്കാരനായത് മറ്റുള്ളവര്‍ അറിയുകയും ചെയ്യുന്നതോടെ ഇയാള്‍ ചാരന്മാര്‍ക്ക് ഉപയോഗ ശൂന്യനായി തീരുന്നു. വിമതര്‍ക്ക് ആയുധം നല്‍കുന്നത് പലപ്പോഴും ഇവര്‍ അമേരിക്കക്ക് എതിരെ തന്നെ ഉപയോഗിക്കുന്നതും അമേരിക്കയെ വെട്ടിലാക്കിയിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ ഒന്നും തന്നെ വയാഗ്ര കൊണ്ടു ഉണ്ടാവുന്നില്ല. കിട്ടിയ ആള്‍ ഇതു പരമ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യുന്നു. മരുന്നിന്റെ സ്റ്റോക്ക് തീരുന്നതോടെ വീണ്ടും രഹസ്യ വിവരങ്ങള്‍ വെളിപ്പെടുത്തി മരുന്ന് വാങ്ങാന്‍ സി. ഐ. എ. യുടെ പക്കല്‍ തിരിച്ചെത്തുകയും ചെയ്യുന്നു.



പ്രവാസി ഭാരതി എന്ന സംഘടനയുമായി തങ്ങള്‍ക്ക് ഒരു തരത്തിലും ഉള്ള ബന്ധവും ഇല്ല എന്ന് പ്രവാസി കാര്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇങ്ങനെ ഒരു സംഘടന നിലവില്‍ ഉള്ള കാര്യം പോലും തങ്ങള്‍ക്കു അറിയില്ല. ഈ സംഘടന അടുത്ത മാസം തിരുവനന്തപുരത്ത് വെച്ചു “പ്രവാസി ഭാരതി ദിവസം 2009” എന്ന പേരില്‍ ഒരു സമ്മേളനം നടത്തുന്നതിന്റെ പരസ്യങ്ങളില്‍ രാഷ്ട്രപതി പ്രതിഭ പാട്ടില്‍ , പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് , പ്രവാസി കാര്യ വകുപ്പ് മന്ത്രി വയലാര്‍ രവി , മുഖ്യ മന്ത്രി വി. എസ്. അച്യുതാനന്ദന്‍ എന്നിവരുടെ ചിത്രങ്ങള്‍ ഇന്ത്യന്‍ പാര്‍ലമെന്റ്, കേരള നിയമ സഭ എന്നിവയുടെ പശ്ചാത്തലത്തില്‍ പ്രദര്‍ശിപ്പിച്ചത് തെറ്റിദ്ധാരണാ ജനകമാണ്. പ്രവാസി ഭാരതി എന്ന സംഘടനക്കു കേന്ദ്ര സര്‍ക്കാരുമായോ പ്രവാസി കാര്യ വകുപ്പുമായോ യാതൊരു ബന്ധവും ഇല്ല എന്നും വയലാര്‍ രവിയുടെ ഓഫീസില്‍ നിന്നുള്ള അറിയിപ്പില്‍ വ്യക്തമാക്കി.
ഉത്തര്‍ പ്രദേശില്‍ പൊതു മരാമത്ത് വകുപ്പിലെ എഞ്ചിനീയര്‍ ആയിരുന്ന മനോജ് ഗുപ്തയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ സി.ബി.ഐ. അന്വേഷണത്തിന്റെ ആവശ്യം ഇല്ലെന്നു മുഖ്യ മന്ത്രി മായാവതി പ്രസ്താവിച്ചു. തന്റെ പിറന്നാളുമായി ഈ സംഭവത്തെ ബന്ധപ്പെടുത്തി തന്റെ സര്‍ക്കാരിനെ അപകീര്‍ത്തി പ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിക്കുകയാണ്. ഈ കേസിലെ പ്രതികളെ തന്റെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാന പോലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞ നിലക്ക് ഇനിയൊരു സി.ബി.ഐ. അന്വേഷണത്തിനു പ്രസക്തിയില്ല എന്നും മായാവതി അറിയിച്ചു.
വളരെ ഏറെ കാലം ഏകാധിപത്യ ഭരണത്തിന് കീഴില്‍ ആയിരുന്ന ഗിനിയില്‍ പട്ടാളം ഭരണം പിടിച്ചെടുത്തു. കഴിഞ്ഞ 24 വര്‍ഷം ഗിനിയില്‍ ഏകാധിപത്യ ഭരണം നടത്തിയ പ്രസിഡന്റ് ലന്സാനാ കൊണ്ടേ തിങ്കളാഴ്ച രാത്രി അന്തരിച്ചതിനു തൊട്ടു പിന്നാലെയാണ് പട്ടാളം ഭരണം പിടിച്ചെടുത്തതായി പ്രഖ്യാപിച്ചത്. ദേശീയ ജനാധിപത്യ കൌണ്‍സില്‍ എന്നു സ്വയം വിശേഷിപ്പിച്ചാണ് പട്ടാളം രാജ്യത്തിന്റെ അധികാരം തങ്ങള്‍ പിടിച്ചെടുത്തതായി ദേശീയ ടെലിവിഷനിലും റേഡിയോയിലും പ്രഖ്യാപിച്ചത്. ഉടന്‍ തന്നെ രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തും എന്നും പട്ടാളം അറിയിച്ചിട്ടുണ്ട്.
























