യൂറോപ്പില്‍ അയല്‍ രാജ്യങ്ങള്‍ ഐക്യത്തോടെയും ഒരുമയോടെയും സഹവര്‍ത്തിക്കുന്നത് പോലെ ഇന്ത്യക്കും പാക്കിസ്ഥാനും ഒത്തൊരുമയോടെ നിലനില്‍ക്കാന്‍ ആവും എന്നാണ് താന്‍ കരുതുന്നത് എന്ന് മുന്‍ രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാം പ്രത്യാശ പ്രകടിപ്പിച്ചു. വര്‍ഷങ്ങളോളം തമ്മില്‍ തമ്മില്‍ യുദ്ധവും സ്പര്‍ധയും വെച്ചു പുലര്‍ത്തിയ യൂറോപ്പിലെ രാജ്യങ്ങള്‍ തങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങള്‍ എല്ലാം മാറ്റി വെച്ച് യൂറോപ്യന്‍ യൂണിയന്‍ രൂപീകരിച്ച് തങ്ങളുടെ സംഘ ബലം കൂട്ടുകയാണ് ഉണ്ടായത്. ഇതേ മാതൃക തന്നെ ഇന്ത്യക്കും പാക്കിസ്ഥാനും സ്വീകരിക്കാവുന്നതാണ്. പതിവു പോലെ യുവാക്കളുമായുള്ള സംവാദത്തിനിടയിലാണ് കലാം ഈ അഭിപ്രായം പറഞ്ഞത്. കാശ്മീര്‍ പ്രശ്നത്തില്‍ രമ്യമായ ഒരു പരിഹാരത്തില്‍ ഇന്ത്യക്കും പാക്കിസ്ഥാനും എത്തി ചേരാന്‍ ആവുമോ എന്ന ജലന്ധറിലെ ഒരു എഞ്ചിനീയറിങ് കോളെജ് വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
നിരന്തരമായ ഭീകര ആക്രമണങ്ങള്‍ക്കും സാമ്പത്തിക മാന്ദ്യതക്കും ഇടയില്‍ പെട്ട് ഉഴലുന്ന ഇന്ത്യക്ക് ഇനി വികസിത രാജ്യമായി മാറാന്‍ ആകുമോ എന്നായിരുന്നു മറ്റൊരു ചോദ്യം. 2020 ആവുമ്പോഴേക്കും ഇന്ത്യ ഒരു വികസിത രാജ്യമായി മാറും എന്ന കലാമിന്റെ സ്വപ്നത്തെ കുറിച്ചായിരുന്നു ഈ ചോദ്യം പരാമര്‍ശിച്ചത്. വളര്‍ച്ചയുടെ പാതയില്‍ പല തരം വെല്ലുവിളികളും രാജ്യത്തിനു നേരിടേണ്ടതായി വരും. ഇവക്കു മുന്നില്‍ പകച്ചു നില്‍ക്കാതെ ലക്ഷ്യ ബോധത്തോടെ മുന്നേറുകയാണ് വേണ്ടത്, കലാം മറുപടി പറഞ്ഞു. ഗ്രാമീണ സമ്പദ് ഘടന ശക്തിപ്പെടുത്തേണ്ടുന്ന ആവശ്യകത അദ്ദേഹം എടുത്തു പറയുകയുണ്ടായി. നമ്മുടേത് ഒരു സംരക്ഷിത സമ്പദ് ഘടനയാണ്. ഇന്ത്യാക്കാര്‍ പൊതുവേ സമ്പാദ്യ ശീലമുള്ളവരും ആണ്. ഇത് രണ്ടും ഈ ഘട്ടത്തില്‍ നമ്മെ തുണക്കും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ നമ്മുടെ വളര്‍ച്ചാ നിരക്ക് 9 ശതമാനം ആയിരുന്നത് സ്സ്മ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 6.57 ശതമാനം ആയിട്ടുണ്ട്. എന്നാല്‍ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തിയാല്‍ അടുത്ത വര്‍ഷത്തോടെ അത് വീണ്ടും 9 ശതമാനം ആകും എന്നും കലാം അറിയിച്ചു.



ഐ. പി. എല്‍. ക്രിക്കറ്റ് മത്സരം ഇന്ത്യയില്‍ നടത്താതെ വിദേശ രാജ്യത്ത് നടത്തുന്നതല്ല ഇന്ത്യാക്കാര്‍ക്ക് നാണക്കേട് എന്നും 2002ല്‍ ഗുജറാത്തില്‍ നടന്ന വര്‍ഗ്ഗീയ കലാപങ്ങളാണ് ലോക ജനതയുടെ മുന്‍പില്‍ ഇന്ത്യക്ക് എന്നെന്നും നാണക്കേട് എന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം പ്രസ്താവിച്ചു. സുരക്ഷാ കാരണങ്ങളാല്‍ ക്രിക്കറ്റ് മത്സരം ഇന്ത്യയില്‍ നടത്താനാവാതെ മറ്റൊരു വിദേശ രാജ്യത്ത് വെച്ച് നടത്താന്‍ സംഘാടകര്‍ തീരുമാനിച്ചത് ഇന്ത്യയുടെ ദേശീയ നാണക്കേടാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ക്രിക്കറ്റ് മത്സരം കളിയുടേയും ബിസിനസിന്റേയും ഒരു സമര്‍ത്ഥമായ സങ്കലനം ആണ്. അതില്‍ രാഷ്ട്രീയം കൂടി കൂട്ടിക്കുഴക്കേണ്ട ആവശ്യമില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മലയാളി മാധ്യമ പ്രവര്‍ത്തക സൌമ്യ വിശ്വനാഥ് കൊലക്കേസിന്റെ ചുരുളഴിഞ്ഞു. ദില്ലിയിലെ നെത്സണ്‍ മണ്ഡേലാ മാര്‍ഗില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 30 നാണ് ഓഫീസില്‍ നിന്നും തിരികെ വീട്ടിലേക്ക് പോകുന്ന വഴി സൌമ്യ തന്റെ കാറില്‍ വെച്ചു തലയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. നേരത്തെ സി.എന്‍.എന്‍. ഐ.ബി.എന്‍ ഇല്‍ പ്രവര്‍ത്തിച്ചിരുന്ന സൌമ്യ കൊല്ലപ്പെടുമ്പോള്‍ ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെഡ്ലൈന്‍സ് ടുഡേയില്‍ ഒരു ടെലിവിഷന്‍ പ്രൊഡ്യൂസര്‍ ആയിരുന്നു. ആദ്യം ഇതൊരു അപകട മരണമാണ് എന്നായിരുന്നു കരുതപ്പെട്ടിരുന്നത്. വഴി തെറ്റി വന്ന ഒരു ബുള്ളറ്റ് കോണ്ടതാവും എന്നും പോലീസ് കരുതിയിരുന്നു. എന്നാല്‍ പിന്നീട് നടന്ന ഫോറന്‍സിക് പരിശോധനയില്‍ സൌമ്യയുടെ തലമുടിയും ശിരോചര്‍മവും പുറകിലത്തെ സീറ്റില്‍ കാണപ്പെട്ടു. അതോടെ ഇത് ഒരു കരുതി കൂട്ടിയുള്ള കൊലപാതകം ആണെന്ന് വ്യക്തമായി. എന്നാല്‍ കൊലപാതകത്തിനു പിന്നിലെ ഉദ്ദേശം എന്തെന്ന് വ്യക്തമല്ല. സൌമ്യയുടെ അച്ചന്‍ എം. കെ. വിശ്വനാഥനും ഇതേ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല.
ചരിത്രം സൃഷ്ടിച്ചു കൊണ്ട് ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാര്‍ ഇന്ത്യ പുറത്തിറക്കി. ഇന്ത്യന്‍ വ്യാവസായിക ചരിത്രത്തിലെ അതികായനായ ടാറ്റ പുറത്തിറക്കുന്ന നാനോ എന്ന ഈ കാര്‍ 1.2 ലക്ഷം രൂപക്ക് സ്വന്തമാക്കാന്‍ ആവും. ഏപ്രില്‍ രണ്ടാം വാരത്തോടെ മാത്രമേ കാറിന്റെ ബുക്കിങ് ആരംഭിക്കൂ.
ഇന്ത്യയും പാക്കിസ്ഥാന്റെ പാത പിന്തുടര്‍ന്ന് അമേരിക്കയുടെ ആജ്ഞാനുവര്‍ത്തി ആവുന്ന സ്ഥിതിയിലേക്ക് അതി വേഗം നീങ്ങുകയാണ് എന്ന് സി. പി. എം. ആരോപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം അമേരിക്കന്‍ ചാര സംഘടനയായ സി. ഐ. എ. യുടെ മുഖ്യന്‍ ലിയോണ്‍ പാനെറ്റയുമായി കൂടിക്കാഴ്ച നടത്തിയതിനെ തുടര്‍ന്നാണ് സി. പി. എം. ഈ ആരോപണം ഉന്നയിച്ചത്. ഈ കൂടിക്കാഴ്ചയോടെ അമേരിക്കന്‍ ചാര സംഘടനക്ക് ഇന്ത്യയില്‍ ഒരു പുതിയ സ്വീകാര്യതയും പദവിയും കൈ വന്നിരിക്കുന്നു. ഇന്‍ഡോ അമേരിക്കന്‍ സഹകരണത്തില്‍ ഒരു പുതിയ വഴിത്തിരിവ് ആണ് ഈ കൂടിക്കാഴ്ച.
























