ഐക്യ രാഷ്ട്ര സഭ നിരോധിച്ച ജമാ അത് ദുവ പാക്കിസ്ഥാന്‍ അവകാശപ്പെടുന്നത് പോലെ ഒരു ചാരിറ്റി സംഘടനയല്ല എന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ് വ്യക്തമാക്കി. ന്യൂ യോര്‍ക്കിലെ ഐക്യ രാഷ്ട്ര സഭ ആസ്ഥാനത്ത് വെച്ചാണ് അവര്‍ ഇത് പറഞ്ഞത്. ലെഷ്കര്‍ എ തൊയ്ബയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജമാ അത് ദുവ തീര്‍ച്ചയായും ഒരു ഭീകര സംഘടന തന്നെയാണ് എന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ട്. പാക്കിസ്ഥാന്‍ ഐക്യ രാഷ്ട്ര സഭ പ്രഖ്യാപിച്ച നിരോധന ആജ്ഞ അനുസരിച്ചേ മതിയാവൂ എന്നും റൈസ് പറഞ്ഞു.
ഐക്യ രാഷ്ട്ര സഭ പുറപ്പെടുവിച്ച നിരോധനത്തെ തുടര്‍ന്ന് പാക്കിസ്ഥാന്‍ ജമാ അത് ദുവക്കെതിരെ നടപടികള്‍ ആരംഭിച്ചിരുന്നു എങ്കിലും പിന്നീട് ഇത് നിര്‍ത്തി വെക്കുകയും ജമാ അത് ദുവയെ ന്യായീകരിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ ആണ് റൈസിന്റെ പ്രഖ്യാപനം.
- ജെ.എസ്.