127 പേര്‍ ഇതിനകം കൊല്ലപ്പെട്ട മുംബൈ ആക്രമണം അല്‍ ഖൈദ തയ്യാറാക്കിയ ബ്ലൂ പ്രിന്റ് പ്രകാരം ആണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. ലോകം എമ്പാടുമുള്ള തീവ്രവാദ സംഘങ്ങള്‍ അല്‍ ഖൈദ നിര്‍മ്മിച്ച ബ്ലൂ പ്രിന്റ് പകര്‍ത്തി ഇത്തരം ആക്രമണങ്ങള്‍ നടത്തുന്ന ഒരു രീതിയിലേക്കാണ് മുംബൈയില്‍ നടന്ന ആക്രമണങ്ങള്‍ വിരല്‍ ചൂണ്ടുന്നത് എന്ന് തീവ്രവാദ – ഏറ്റുമുട്ടല്‍ രംഗത്ത് ഗവേഷണം നടത്തുന്ന ബ്രിട്ടീഷ് വിദഗ്ദ്ധന്‍ ജോര്‍ജ്ജ് കാസ്സിമെറി അഭിപ്രായപ്പെട്ടു. ഈ ബ്ലൂ പ്രിന്റിന്റെ പൊതുവായ തത്വം ആക്രമണത്തിലൂടെ ഏറ്റവും വ്യാപകമായ അരാജകത്വം സൃഷ്ടിക്കുക എന്നതാണ്. അതു തന്നെയാണ് മുംബൈയില്‍ നടന്നതും. നേരത്തേ മുന്നറിയിപ്പ് നല്‍കാതെ, പ്രത്യേകിച്ച് ലക്ഷ്യങ്ങളും ആവശ്യങ്ങളും ഉന്നയിക്കാതെ, ജനത്തിനു നേരെ ഇത്തരം ഒരു ആക്രമണം അഴിച്ചു വിട്ടത് ഇത് വ്യക്തമാക്കുന്നു. അമേരിക്കന്‍ ബ്രിട്ടീഷ് പൌരന്മാരെ തിരഞ്ഞു പിടിച്ച് ആക്രമിച്ചത് അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടിയാണ്. പ്രത്യേകിച്ച് പ്രവര്‍ത്തന പദ്ധതിയൊന്നും ഇല്ലാതെ, ഏറ്റവും അധികം നാശം വിതക്കുകയും ഏറ്റവും അധികം ആളുകളെ കൊല്ലുകയും ചെയ്യുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ഇവര്‍ക്ക് ഉണ്ടായിരുന്നത് എന്നും ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു.