ഇന്ത്യയുടെ ചീഫ് ജസ്റ്റിസിന്റെ കാര്യാലയം വിവരാവകാശ നിയമത്തിന്റെ പരിധിക്ക് പുറത്താണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന്‍ അറിയിച്ചു. വിവിധ ഭരണ ഘടനാ സ്ഥാപനങ്ങള്‍ തമ്മിലുള്ള രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍, ജഡ്ജിമാര്‍ ക്കെതിരെയുള്ള പരാതികള്‍ എന്നിങ്ങനെയുള്ള വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ചീഫ് ജസ്റ്റിസിന്റെ കാര്യാലയത്തിലെ വിവരങ്ങള്‍ വിവരാവകാശ നിയമം പ്രകാരം വെളിപ്പെടുത്താനാവില്ല. ഉദാഹരണത്തിന്, പല കോടതി വിധികളുടെയും പകര്‍പ്പുകള്‍ വിധി പ്രഖ്യാപിക്കുന്നതിനു മുന്‍പ് മറ്റ് ജഡ്ജിമാരുടെ അഭിപ്രായങ്ങള്‍ക്കും മറ്റുമായി അയച്ചു കൊടുക്കാറുണ്ട്. ഇത്തരം വിവരങ്ങള്‍ വിധി പ്രഖ്യാപിക്കുന്നതിനു മുന്‍പ് എങ്ങനെ വെളിപ്പെടുത്താനാവും എന്ന് അദ്ദേഹം ചൂണ്ടി ക്കാണിക്കുന്നു.
കേന്ദ്ര ഇന്‍ഫമേഷന്‍ കമ്മീഷന്‍ ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണം എന്ന് പറഞ്ഞതിനെ താന്‍ എതിര്‍ക്കുന്നില്ല എന്ന് വ്യക്തമാക്കിയ അദ്ദേഹം പക്ഷെ, ചീഫ് ജസ്റ്റിസിന്റെ കൈവശമുള്ള എല്ലാ വിവരങ്ങളും വിവരാവകാശ റെജിസ്ട്രാര്‍ക്ക് ലഭ്യമാക്കണം എന്ന പരാമര്‍ശത്തെയാണ് താന്‍ എതിര്‍ക്കുന്നത് എന്ന് പറഞ്ഞു. പ്രായോഗികമല്ലാത്ത ഈ നിര്‍ദ്ദേശത്തിന് എതിരെയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ തങ്ങള്‍ കേസ് ഫയല്‍ ചെയ്തത് എന്നും അദ്ദേഹം വ്യക്തമാക്കി.