കൊല്‍ക്കത്ത: ദക്ഷിണ കൊല്‍ക്കത്തയിലെ ദക്കൂരിയയിലുള്ള എ. എം. ആര്‍. ഐ. ആശുപത്രിയില്‍ വന്‍ തീപിടിത്തമുണ്ടായി. ഇന്ന് പുലര്‍ച്ചെ 3.30നുണ്ടായ തീപിടിത്തത്തില്‍ 88 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ആശുപത്രി കെട്ടിടത്തിന്റെ നാലു നിലകളിലേക്ക് തീ പടര്‍ന്നിട്ടുണ്ട്. ആശുപത്രി കെട്ടിടത്തിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് 25ഓളം രോഗികളെ ഇതു വരെ രക്ഷപ്പെടുത്തി. ഇവരില്‍ ഭൂരിഭാഗവും ശ്വാസം മുട്ടിയാണ് മരിച്ചത്. മരിച്ചവരില്‍ രണ്ടു മലയാളി നഴ്‌സുമാരുമുള്‍പ്പെടുന്നു. സംഭവത്തിന്റെ പേരില്‍ ആസ്പത്രിയുടെ ആറ് ഡയറക്ടര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തു.
190 കിടക്കകളുള്ള ആസ്പത്രിയുടെ തറനിരപ്പില്‍ നിന്ന് താഴെ പാര്‍ക്കിങ്ങിന് ലൈസന്‍സുള്ള നിലയില്‍ നിന്നാണ് തീപടര്‍ന്നത്. വൈദ്യുതി സംവിധാനങ്ങളില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് സംശയിക്കുന്നു.ഈ നിലവറയില്‍ തീപ്പിടിത്തസാധ്യതയുള്ള രാസവസ്തുക്കള്‍ സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകളും മറ്റും തീപടരാനിടയാക്കിയതായും സംശയിക്കുന്നു. രോഗികളിലേറെയും കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കാന്‍പോലും കഴിയാതെ മുറികളില്‍ കുടുങ്ങി. ചിലര്‍ ഉറക്കത്തില്‍ത്തന്നെ മരിച്ചതായാണ് റിപ്പോര്‍ട്ട്. കേന്ദ്രീകൃത ശീതീകരണ സംവിധാനമായതിനാല്‍ ആവശ്യത്തിന് ജാലകങ്ങളും രക്ഷാകവാടങ്ങളുമുണ്ടായിരുന്നില്ല. എ. സി. കുഴലുകള്‍വഴി പുകപടര്‍ന്നത് പ്രശ്‌നം രൂക്ഷമാക്കി. ചിലരെ അഗ്‌നി രക്ഷാസേന ആസ്പത്രികെട്ടിടത്തിന്റെ പുറംചില്ലുപാളികള്‍ തകര്‍ത്താണ് രക്ഷപ്പെടുത്തിയത്