ഡാര്‍ജിലിംഗ്: പശ്ചമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ പാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 31 ആയി. നൂറോളം പേര്‍ക്ക് പരിക്കേറ്റു. ഡാര്‍ജിലിംഗില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ ശനിയാഴ്ച രാത്രി ബൈജോണ്‍ബാരി മേഖലയിലാണ് അപകടമുണ്ടായത്. ഗൂര്‍ഖ ജന്‍മുക്‌തിമോര്‍ച്ചയുടെ യോഗത്തില്‍ സംബന്ധിക്കാന്‍ രണ്‍ഗീത് നദിക്കുകുറുകേയുള്ള പഴയ തടിപ്പാലത്തില്‍ തടിച്ചുകൂടിയ ജനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. അമിത ഭാരവും കാലപ്പഴക്കവും കാരണം പാലം തകര്‍ന്നു വീഴുകയായിരുന്നു. സെപ്‌റ്റംബര്‍ 18 നുണ്ടായ ഭൂമികുലുക്കത്തില്‍ ഈ പാലം ദുര്‍ബലമായിരുന്നു. പത്ത് പേര്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. രാത്രി മുഴുവന്‍ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു.
പരുക്കേറ്റവരെ സിലിഗുരി മെഡിക്കല്‍ കോളജിലും ഡാര്‍ജലിംഗിലെ സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. പരിക്കേറ്റവരുടെ ചികിത്സാചെലവുകള്‍ വഹിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടുണ്ട്