ന്യൂ ഡല്‍ഹി : 1997 മുതല്‍ ഇന്ത്യയില്‍ രണ്ടു ലക്ഷത്തോളം കര്‍ഷകരാണ് ആത്മഹത്യ ചെയ്തത് എന്ന് ദേശീയ കുറ്റകൃത്യ രേഖാ ബ്യൂറോ വെളിപ്പെടുത്തി. 2008ല്‍ മാത്രം 16,196 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. അഞ്ച് സംസ്ഥാന ങ്ങളിലാണ് ആത്മഹത്യകള്‍ ഏറ്റവും കൂടുതലായി നടക്കുന്നത്. മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, കര്‍ണ്ണാടക, മധ്യ പ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളാണവ. രാജ്യത്തെ മൊത്താം കര്‍ഷക ആത്മഹത്യയുടെ മൂന്നില്‍ രണ്ടും ഈ സംസ്ഥാനങ്ങളില്‍ നടക്കുന്നു. അതായത് പ്രതിവര്‍ഷം 10,797 ആത്മഹത്യകള്‍. 3802 ആത്മഹത്യകളുമായി മഹാരാഷ്ട്രയാണ് ആത്മഹത്യാ നിരക്കില്‍ ഒന്നാമത്. കഴിഞ്ഞ ഒരു ദശാബ്ദത്തിന്റെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രാജ്യത്തെ ആത്മഹത്യാ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ് എന്ന് കാണാം. 2003 മുതല്‍ ഇത് ശരാശരി അര മണിക്കൂറില്‍ ഒരു ആത്മഹത്യ എന്ന ദുഖകരമായ വസ്തുതയിലേക്ക് വിരല്‍ ചൂണ്ടുന്നു.
എന്നാല്‍ കേരളം അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളില്‍ കര്‍ഷക ആത്മഹത്യകള്‍ കുറയുന്നുണ്ട് എന്നും ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ആഗോള വല്‍ക്കരണം നടപ്പിലാവുന്നതോടെ കര്‍ഷകര്‍ക്ക് ലഭിക്കുന്ന സര്‍ക്കാര്‍ പരിരക്ഷ നഷ്ടമാവുകയും ഇത്തരം പരിതസ്ഥിതികള്‍ ഉടലെടുക്കുകയും ചെയ്യും എന്ന് ഭയന്നിരുന്നുവെങ്കിലും പിന്നീട് സ്ഥിതിഗതികളോട് താദാത്മ്യം പ്രാപിച്ച് വല്ലപ്പോഴും മാധ്യമങ്ങളില്‍ വരുന്ന സ്ഥിതി വിവര ക്കണക്കുകള്‍ വായിക്കുമ്പോള്‍ മാത്രം ഇത്തരം പ്രശ്നങ്ങളെ കുറിച്ച് ഓര്‍ക്കുന്ന ഒരു തരം പ്രതികരണ രഹിതമായ അവസ്ഥയില്‍ എത്തി ച്ചേര്‍ന്നിരിക്കുകയാണ് സമൂഹം. എന്നാല്‍ അര മണിക്കൂറില്‍ ഒരാള്‍ വീതം ആത്മഹത്യ ചെയ്യുന്നു എന്നത് തീര്‍ച്ചയായും ആശങ്കയ്ക്ക് ഇട നല്‍കേണ്ടതാണ്. ഇതിന്റെ കാരണത്തെ കുറിച്ചും പരിഹാരത്തെ കുറിച്ചും വ്യാപകമായ ചര്‍ച്ചയും പഠനവും നടത്തേണ്ടതുമാണ്.