ഇന്ത്യയും പാക്കിസ്ഥാന്റെ പാത പിന്തുടര്‍ന്ന് അമേരിക്കയുടെ ആജ്ഞാനുവര്‍ത്തി ആവുന്ന സ്ഥിതിയിലേക്ക് അതി വേഗം നീങ്ങുകയാണ് എന്ന് സി. പി. എം. ആരോപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം അമേരിക്കന്‍ ചാര സംഘടനയായ സി. ഐ. എ. യുടെ മുഖ്യന്‍ ലിയോണ്‍ പാനെറ്റയുമായി കൂടിക്കാഴ്ച നടത്തിയതിനെ തുടര്‍ന്നാണ് സി. പി. എം. ഈ ആരോപണം ഉന്നയിച്ചത്. ഈ കൂടിക്കാഴ്ചയോടെ അമേരിക്കന്‍ ചാര സംഘടനക്ക് ഇന്ത്യയില്‍ ഒരു പുതിയ സ്വീകാര്യതയും പദവിയും കൈ വന്നിരിക്കുന്നു. ഇന്‍ഡോ അമേരിക്കന്‍ സഹകരണത്തില്‍ ഒരു പുതിയ വഴിത്തിരിവ് ആണ് ഈ കൂടിക്കാഴ്ച.
ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ ആഭ്യന്തര മന്ത്രി അമേരിക്കന്‍ ചാര സംഘടനാ മുഖ്യനുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തുന്നത്. പെരുമാറ്റ ചട്ടം പ്രകാരം ഇന്ത്യന്‍ ചാര സംഘടനയില്‍ തനിക്ക് തുല്യരായ ഉദ്യോഗസ്ഥരെ കാണുന്നതിനു പകരം ഇന്ത്യന്‍ ആഭ്യന്തര മന്ത്രിയെ തന്നെ നേരിട്ട് കാണുക വഴി ഈ കൂടിക്കാഴ്ചക്ക് ദൂര വ്യാപകമായ രാഷ്ട്രീയ മാനങ്ങള്‍ ആണ് ഉള്ളത്. ഇത് അമേരിക്കന്‍ ചാര സംഘടനക്ക് ഇന്ത്യയില്‍ ഒരു പുതിയ പദവിയാണ് നല്‍കിയിരിക്കുന്നത് എന്ന് പാര്‍ട്ടി പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
അമേരിക്കന്‍ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മറ്റു രാജ്യങ്ങളിലെ രാഷ്ട്രീയ പ്രക്രിയയില്‍ കൈ കടത്തുകയും സര്‍ക്കാരുകളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നതില്‍ കുപ്രസിദ്ധമാണ് സി.ഐ.എ. ആ നിലക്ക് ഇത് അപകടകരമായ ഒരു സ്ഥിതി വിശേഷമാണ് സംജാതം ആക്കിയിരിക്കുന്നത്. അമേരിക്കന്‍ ചാര സംഘടന നേരിട്ട് ആഭ്യന്തര മന്ത്രിയേയും പ്രധാന മന്ത്രിയേയും ഒക്കെ കണ്ട് സംസാരിക്കുന്ന പാക്കിസ്ഥാന്റെ അവസ്ഥയിലേക്ക് ഇന്ത്യയും അതിവേഗം എത്തുകയാണ്. അമേരിക്കന്‍ ചാര സംഘടനയും സൈനിക ഏജന്‍സികളും ഇന്ത്യയില്‍ സ്വൈര വിഹാരം നടത്തുകയും ഇന്ത്യയിലെ കാര്യങ്ങളില്‍ നിര്‍ബാധം ഇടപെടുകയും ചെയ്യുന്നതും അതിനെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നതും നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കുവാന്‍ ആഗ്രഹിക്കുന്ന എല്ലാവരുടേയും ഏറ്റവും ഗൌരവപൂര്‍ണ്ണമായ ആശങ്കക്ക് കാരണം ആയിരിക്കും എന്നും പ്രസ്താവന പറയുന്നു.