ജി-8 ഉച്ചകോടിയുടെ സമാപനം അമേരിക്കയോടൊപ്പം ചേര്‍ന്നുള്ള ഇന്ത്യയുടെ ആണവ സ്വപ്നങ്ങള്‍ക്ക് തികച്ചും അപ്രതീക്ഷിതം ആയ ഒരു തിരിച്ചടി നല്‍കി എന്ന് സൂചന. ആണവ നിര്‍വ്യാപന കരാര്‍ ഒപ്പ് വെക്കാത്ത രാജ്യങ്ങള്‍ക്ക് ആണവ സാങ്കേതിക വിദ്യ ഒരു ജി-8 രാജ്യങ്ങളും കൈമാറില്ല എന്ന ജി-8 രാജ്യങ്ങള്‍ എടുത്ത തീരുമാനം ആണ് ഈ തിരിച്ചടിക്ക് ആധാരം. ആണവ ആയുധം കൈവശം ഉള്ള ഇന്ത്യക്ക് ആണവ നിര്‍വ്യാപന കരാര്‍ ഒപ്പു വെക്കാന്‍ ആവില്ല. ആണവ നിര്‍വ്യാപന കരാര്‍ ഒപ്പു വെക്കാതെ തന്നെ ഇന്ത്യക്ക് ആണവ സാങ്കേതിക വിദ്യ കൈമാറുവാന്‍ സഹായിക്കുന്ന വ്യവസ്ഥകള്‍ ആണ് ഇന്തോ – അമേരിക്കന്‍ ആണവ കരാറില്‍ ഉണ്ടായിരുന്നത്. ജി-8 രാഷ്ട്രങ്ങള്‍ ഇത്തരം ഒരു തീരുമാനം എടുത്തതോടെ ഈ കരാറിന്റെ ഭാവി അനിശ്ചിതത്വത്തിലാവും എന്ന് വിദഗ്ദ്ധര്‍ കരുതുന്നു.



ആഗോള വെല്ലുവിളികള്‍ നേരിടുന്നതിനുള്ള ശ്രമങ്ങള്‍ ഇന്ത്യയെ പങ്കാളിയാക്കാതെ വിജയിക്കും എന്ന് കരുതാന്‍ ആവില്ല എന്ന് അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ പ്രസ്താവിച്ചു. ഇന്ത്യ, ചൈന, ബ്രസീല്‍ എന്നീ വന്‍ ശക്തികളെ കൂടെ കൂട്ടാതെ ആഗോള പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാന്‍ കഴിയും എന്ന് കരുതുന്നത് അബദ്ധമാകും. സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ന്റെ ഈ മാസം അവസാനത്തെ ഇന്ത്യാ സന്ദര്‍ശനത്തിനു മുന്നോടിയായുള്ള ഒബാമയുടെ ഈ പ്രസ്താവന ഇന്ത്യയെ പ്രീതിപ്പെടുത്തുവാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ് എന്ന് നയതന്ത്ര വൃത്തങ്ങള്‍ കരുതുന്നു.
ഗ്രീന്‍ ഹൌസ് വാതകങ്ങളുടെ അളവ് കുറയ്ക്കാനുള്ള ബില്‍ (American Clean Energy and Security Act) അമേരിക്കന്‍ പ്രതിനിധി സഭ പാസ്സാക്കി. 219 – 212 എന്ന നേരിയ ഭൂരിപക്ഷത്തിലാണ് മണിക്കൂറുകള്‍ നീണ്ട വാദ പ്രതിവാദങ്ങള്‍ക്ക് ഒടുവില്‍ ബില്‍ പാസാക്കിയത്. താപം ആഗിരണം ചെയ്യുന്ന വാതകങ്ങളുടെ ഉല്പാദനത്തില്‍ 2050 ഓടെ 83% ശതമാനം കുറവ് വരുത്താനാണ് ഈ ബില്ലിലൂടെ ഉദ്ദേശിക്കുന്നത്.

കാശ്മീര്‍ പ്രശ്ന പരിഹാരത്തിന് ഏറ്റവും ഉചിതം ചര്‍ച്ച ആണെന്നും ഇതില്‍ അമേരിക്ക ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ല എന്നും അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ വ്യക്തമാക്കി. പാക്കിസ്ഥാനും ഇന്ത്യയുമായി പല പ്രശ്നങ്ങളും നില നില്‍ക്കുന്നുണ്ട്. ഇതില്‍ പലതും ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിക്കാന്‍ കഴിയും. അത്തരം വിഷയങ്ങള്‍ കണ്ടെത്തി ചര്‍ച്ച ആരംഭിച്ചാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ നില നില്‍ക്കുന്ന അസ്വസ്ഥതകള്‍ കുറക്കുവാന്‍ സാധിക്കും. ഈ രീതിയില്‍ ചര്‍ച്ചകള്‍ പുരോഗമിച്ചാല്‍ ഇത് അവസാനം കാശ്മീര്‍ പ്രശ്നത്തിനും ഒരു പരിഹാരം കണ്ടെത്തുവാന്‍ സഹായകരം ആവും എന്നും ഒബാമ പ്രത്യാശ പ്രകടിപ്പിച്ചു. കാശ്മീര്‍ പ്രശ്നത്തില്‍ ഒബാമാ ഭരണകൂടം എന്തു കൊണ്ട് നിശ്ശബ്ദത പാലിക്കുന്നു എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുക ആയിരുന്നു ഒബാമ.
























