കാര്‍ഗില്‍ യുദ്ധത്തിന്റെ ഉച്ചസ്ഥായിയില്‍ പാക്കിസ്ഥാന്‍ സൈനിക മേധാവികള്‍ ഇന്ത്യയ്ക്കു നേരെ ആണവ യുദ്ധം നടത്താന്‍ തയ്യാറെടുത്തിരുന്നു എന്ന് മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ബില്‍ ക്ലിന്റണ്‍ വെളിപ്പെടുത്തി. “The Clinton Tapes : Wrestling History In The White House” എന്ന പുസ്തകത്തില്‍ ആണ് ക്ലിന്റണ്‍ ഈ രഹസ്യം പുറത്താക്കിയത്.
പുലിറ്റ്സര്‍ പുരസ്ക്കാര ജേതാവും പ്രമുഖ ചരിത്ര കാരനുമായ റ്റെയ്‌ലര്‍ ബ്രാഞ്ച് ആണ് പുസ്തകത്തിന്റെ രചയിതാവ്. ക്ലിന്റണും ബ്രാഞ്ചും തമ്മില്‍ നടന്ന സംഭാഷണം റെക്കോഡ് ചെയ്ത രഹസ്യ ടേപ്പിന്റെ അടിസ്ഥാനത്തില്‍ എഴുതിയതാണ് ഈ പുസ്തകം. ബസും ട്രെയിന്‍ സര്‍വ്വീസും മറ്റും പരസ്പരം തുടങ്ങി സമാധാന പ്രക്രിയയില്‍ ബഹുദൂരം മുന്നോട്ട് പോയ അവസരത്തിലാണ് പൊടുന്നനെ ഇന്ത്യാ പാക്ക് ബന്ധം വഷളായത് എന്ന് ക്ലിന്റണ്‍ ഓര്‍ക്കുന്നു.
ഈ സമാധാന പ്രക്രിയയില്‍ അസ്വസ്ഥരായ കാശ്മീരിലെ സൈനിക വിഭാഗം രഹസ്യമായി കാശ്മീരിലെ നിയന്ത്രണ രേഖയിലൂടെ സൈനികരെ പര്‍വ്വത മേഖലയിലേയ്ക്ക് അയയ്ക്കുവാനും താഴെയുള്ള ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളിലേയ്ക്ക് ഷെല്‍ വര്‍ഷം നടത്തുവാനും തീരുമാനിയ്ക്കുകയായിരുന്നു. ഇതോടെ സംഘര്‍ഷം ആരംഭിയ്ക്കുകയും അത് ഒരു സമ്പൂര്‍ണ്ണ യുദ്ധത്തിന്റെ പരിവേഷം പ്രാപിയ്ക്കുകയും ചെയ്ത അവസരത്തില്‍ താന്‍ സംഘര്‍ഷ മേഖലയിലേയ്ക്ക് പറക്കുവാന്‍ പോലും ആലോചിച്ചിരുന്നതായി ക്ലിന്റണ്‍ പറയുന്നു.
തന്റെ ഭരണ കാലത്ത് സംജാതമായ ഏറ്റവും അപകടം പിടിച്ച ഒരു സംഘര്‍ഷമായിരുന്നു അത്. ഒരു ആണവ യുദ്ധം ഒഴിവാക്കുന്നതിലും വലിയ ഒരു ഉത്തരവാദിത്തവും അമേരിക്കന്‍ പ്രസിഡണ്ട് എന്ന നിലയില്‍ തനിക്കില്ലായിരുന്നു. ഈ സംഘര്‍ഷം ആണെങ്കില്‍ ആ ദിശയിലേയ്ക്കാണ് നീങ്ങിയത് എന്നും ക്ലിന്റണ്‍ വെളിപ്പെടുത്തി.



യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് ഘടന ആയ ജെര്‍മനി ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കര കയറുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങി എന്ന് ഐ. എം. എഫ്. അറിയിച്ചു. ഇതോടൊപ്പം ജപ്പാനും ഫ്രാന്‍സും വര്‍ഷത്തിലെ രണ്ടാം പകുതിയിലെ കണക്കുകള്‍ പ്രകാരം വളര്‍ച്ച രേഖപ്പെടുത്തിയതും ഏറെ ആശാവഹമാണ്. അമേരിക്കയിലെ മാന്ദ്യം അതിന്റെ അവസാന ഘട്ടത്തിലാണ് എന്ന് കരുതപ്പെടുന്നു. എന്നാല്‍ സാമ്പത്തിക സഹായ പാക്കേജുകള്‍ നിര്‍ത്തലാക്കാന്‍ സമയം ഇനിയും ആയിട്ടില്ല എന്ന് എം.എം.എഫ്. അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ആഗോള സാമ്പത്തിക വ്യവസ്ഥയില്‍ നിര്‍ണ്ണായക സ്വാധീനമായ അമേരിക്കയില്‍ നിന്നും ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി മെച്ചപ്പെട്ടാല്‍ മാത്രമേ അമേരിക്ക സഹായ പാക്കേജുകള്‍ നിര്‍ത്തലാക്കുവാന്‍ പ്രാപ്തമാകുകയുള്ളൂ. എന്നാല്‍ ദീര്‍ഘ കാലം ഇങ്ങനെ സഹായം തുടര്‍ന്നാല്‍ അത് അമേരിക്കയുടെ കട ബാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇത്തരം ഒരു സാമ്പത്തിക കമ്മി അധിക നാള്‍ തുടര്‍ന്നാല്‍ അത് അമേരിക്കന്‍ ഡോളറിനെ ക്ഷയിപ്പിക്കുകയും വീണ്ടും ലോകം കൂടുതല്‍ സാമ്പത്തിക അസ്ഥിരതകളിലൂടെ കടന്നു പോവുകയും ചെയ്യും എന്നും ചൂണ്ടി കാണിക്കപ്പെടുന്നു.
വര്‍ണ്ണ വിവേചനം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതില്‍ അമേരിക്ക നേടിയ പുരോഗതിയുടെ തെളിവാണ് താന്‍ എന്ന് ഒബാമ പ്രസ്താവിച്ചു. എന്നിരുന്നാലും അമേരിക്കന്‍ സമൂഹത്തില്‍ ഇപ്പോഴും വര്‍ണ്ണ വ്യത്യാസങ്ങള്‍ പ്രസക്തമാണ്. അതിന്റെ ഉദാഹരണമാണ് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസ്സര്‍ ഹെന്‍റി ലൂയിസ് ഗേറ്റ്സ് ജൂനിയറിന്റെ അറസ്റ്റ്. എന്നാല്‍ ഇത് അമേരിക്ക ഈ വിഷയത്തില്‍ കൈവരിച്ച പുരോഗതിയെ കുറച്ചു കാണുകയല്ല എന്ന് അമേരിക്കയിലെ ആദ്യത്തെ ആഫ്രോ അമേരിക്കന്‍ പ്രസിഡണ്ട് കൂട്ടിച്ചേര്‍ത്തു.
വിദേശ കാര്യ മന്ത്രി എസ്. എം. കൃഷ്ണയും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണും ചേര്‍ന്ന് ഒട്ടേറെ സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു. ആണവ ആയുധ നിര്‍മ്മാണത്തിന് ആവശ്യമുള്ള തരം യുറാനിയവും പ്ലൂട്ടോണിയവും നിര്‍മ്മിക്കുന്നത് തടയുന്ന ഫിസൈല്‍ മെറ്റീരിയല്‍ കട്ട് ഓഫ് ട്രീറ്റി യുമായി മുന്‍പോട്ട് പോകാന്‍ ഇരുവരും ചേര്‍ന്ന് തീരുമാനമായി. ആണവ ഭീകരതക്ക് എതിരെ ഇരു രാജ്യങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിക്കും. ആഗോള തലത്തില്‍ ആണവ വ്യാപനം കൊണ്ടുണ്ടാവുന്ന വെല്ലുവിളികളെ നേരിടാന്‍ സഹകരിച്ചു പ്രവര്‍ത്തിക്കാനും തീരുമാനം ആയി. സൈനികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന തരം അമേരിക്കന്‍ ഉപഗ്രഹങ്ങള്‍ ഇന്ത്യന്‍ റോക്കറ്റുകളില്‍ വഹിക്കാന്‍ ഉതകുന്ന ടെക്നോളജി സേഫ്ഗാര്‍ഡ്സ് എഗ്രീമെന്റിലും ഇരു രാജ്യങ്ങളും ഒപ്പു വെച്ചു. ഇത് പ്രകാരം ഇന്ത്യന്‍ റോക്കറ്റുകള്‍ക്ക് അമേരിക്കന്‍ ഉപഗ്രഹങ്ങള്‍ വഹിച്ച് ബഹിരാകാശത്തേക്ക് കൊണ്ടു പോകാന്‍ ആവും. എന്നാല്‍ ഈ ഉപഗ്രഹങ്ങള്‍ ഇന്ത്യന്‍ പേടകങ്ങളും റോക്കറ്റുകളുമായി സംയോജിപ്പിക്കുവാന്‍ ആവശ്യമായ കാര്യങ്ങളില്‍ അമേരിക്കന്‍ നിരീക്ഷകര്‍ മേല്‍നോട്ടം വഹിക്കും. ഈ ഉപകരണങ്ങള്‍ ഇന്ത്യ മറ്റ് ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ആണ് ഈ അമേരിക്കന്‍ മേല്‍നോട്ടം.
























