ന്യൂഡല്‍ഹി : ഇന്ത്യാ – യു. എസ്. ആണവ കരാറിലെ വിവാദ വ്യവസ്ഥ നടപ്പിലാക്കാനുള്ള സിവില്‍ ന്യുക്ലിയര്‍ ലയബിലിട്ടി ബില്‍ ലോക സഭയില്‍ അവതരിപ്പിക്കാതെ ഭരണ കക്ഷി നാടകീയമായി പിന്‍മാറി. തികച്ചും അമേരിക്കന്‍ വിധേയത്വം മുഴച്ചു നില്‍ക്കുന്ന ആണവ ബാധ്യതാ ബില്ലിനെ പ്രതിപക്ഷം യോജിച്ച് എതിര്‍ത്തിരുന്നു. ബില്ല് ലോക സഭയില്‍ അവതരിപ്പിക്കാന്‍ ഏറ്റവും യോജിച്ച സമയം കണ്ടെത്താനുള്ള തന്ത്രമാണ് കോണ്‍ഗ്രസ്സിന്‍റെത് എന്ന് കരുതപ്പെടുന്നു.
വരുന്ന മാസം വിദേശ കാര്യ മന്ത്രി പ്രണബ് മുഖര്‍ജി അമേരിക്ക സന്ദര്‍ശി ക്കാനിരിക്കെ ബില്‍ ലോക സഭയില്‍ അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ്സ് കാണിച്ച തിടുക്കം പൊതുവേ സംശയം ഉണ്ടാക്കിയിട്ടുണ്ട്. ലോക സഭയില്‍ വനിതാ ബില്‍ അവതരിപ്പിക്കാന്‍ പതിനെട്ടടവും പുറത്തെടുത്ത കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തും, പ്രത്യേകിച്ച് അമേരിക്കന്‍ താല്പര്യ മാകുമ്പോള്‍. സുരക്ഷിതമായ മറ്റൊരവസരത്തില്‍ ബില്‍ ലോക സഭയില്‍ അവതരിപ്പിക്കാം എന്നാണ് കോണ്‍ഗ്രസ്സ് കരുതുന്നത്. ബില്‍ അവതരണവുമായി ബന്ധപെട്ട് പ്രതിപക്ഷവുമായി സമവായത്തിന് ശ്രമിച്ചിരുന്നു എങ്കിലും പരാജയപ്പെടുക യായിരുന്നു.
ഭോപാല്‍ ദുരന്തത്തിന്‍റെ പാഠം മറന്ന് ബില്‍ ജനങ്ങള്‍ക്ക് മീതെ കെട്ടി വെക്കരുതെന്ന് ബി. ജെ. പി. യും, ഇത് തികച്ചും അമേരിക്കന്‍ സമ്മര്‍ദ്ദത്തിനു വഴങ്ങി നടത്തുന്ന തന്ത്രമാണെന്ന് ഇടതു പക്ഷവും കുറ്റപ്പെടുത്തി.
എന്നാല്‍ ആണവ നിലയങ്ങള്‍ ഉള്ള മുപ്പത് രാജ്യങ്ങളില്‍ ഇന്ത്യക്ക് മാത്രമായി രാജ്യാന്തര നിയമങ്ങളോ, ദേശീയ സുരക്ഷാ നിയമങ്ങളോ കൂടാതെ വരാനിരിക്കുന്ന വലിയ ആണവ വ്യാപാര സാഹചര്യങ്ങളെ നേരിടാനാവില്ല എന്ന് കോണ്‍ഗ്രസ്സും വ്യക്തമാക്കി. ആണവ കരാറിലെ സുപ്രധാനമായ ഈ ബില്‍ പാസ്സാക്കുമെന്നു തന്നെ യാണ് പ്രതീക്ഷയെന്ന് ഇന്ത്യയിലെ യു. എസ്. അംബാസിഡര്‍ പറഞ്ഞു.
– സ്വ.ലേ.
- ആണവ നിര്‍വ്യാപന കരാറില്‍ ചേരില്ല : ഇന്ത്യ
- ആണവ കരാര്‍ ബുഷ് ഒപ്പ് വെച്ചു
- ആണവ കരാറിലെ കുരുക്കുകള്‍ – സി. ആര്‍. നീലകണ്ഠന്
- അടിമത്തം ഇരന്നു വാങ്ങുന്നവര്‍
- ഭോപ്പാല്‍ ദുരന്ത ഭൂമി ഇന്നും മലിനം
- ആണവോര്‍ജ്ജം ആപത്തെന്ന് ആര്‍ പറയും?