ന്യൂഡല്‍ഹി : അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ മൂന്നാം ദിവസം അമേരിക്കയുടെ മേല്‍ക്കൊയ്മാ നിലപാടുകള്‍ക്ക് എതിരെ ഇടതു പക്ഷ പാര്‍ട്ടികള്‍ പ്രതിഷേധ പ്രകടനം നടത്തി. അമേരിക്കന്‍ പ്രസിഡണ്ടിന്റെ സന്ദര്‍ശനത്തിന് തങ്ങള്‍ എതിരല്ലെങ്കിലും ഇന്ത്യയുടെ സാധാരണ ജനത്തിന്റെയും കര്‍ഷകരുടെയും താല്‍പര്യങ്ങള്‍ക്ക് എതിരായ കരാറുകളില്‍ ഏര്‍പ്പെടാനുള്ള അമേരിക്കയുടെ സമ്മര്‍ദ്ദ തന്ത്രത്തിന് മുന്നില്‍ നമ്മുടെ പരമാധികാരം പണയപ്പെടുത്തരുത് എന്ന് പ്രതിഷേധ പ്രകടനം അഭിസംബോധന ചെയ്തു കൊണ്ട് സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.
അമേരിക്കന്‍ താല്‍പര്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തി ഉള്ള പദ്ധതികളാണ് ഒബാമ മുന്നോട്ട് വെയ്ക്കുന്നത്. അമേരിക്കന്‍ വാണിജ്യ കാര്‍ഷിക ഭീമന്മാര്‍ക്ക് ഇന്ത്യന്‍ വിപണി തുറന്നു കൊടുക്കുവാനുള്ള നീക്കം നമ്മുടെ ചെറുകിട വ്യവസായങ്ങളെ തകര്‍ക്കും എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭോപ്പാല്‍ വാതക ദുരന്തത്തിന് കാരണക്കാരായ അമേരിക്കയിലെ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ അന്നത്തെ ചെയര്‍മാന്‍ വാറന്‍ ആന്ഡേഴ്സനെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിനു മുന്നില്‍ എത്തിക്കാനുള്ള സമ്മര്‍ദ്ദം ഈ സന്ദര്‍ശന വേളയില്‍ ഇന്ത്യ ഒബാമയുടെ മേല്‍ ചെലുത്തണം എന്നും കാരാട്ട് ആവശ്യപ്പെട്ടു.