ഏഴു വയസ്സുകാരനായ ഹാരി എന്ന പട്ടിക്ക് ഡോക്ടറേറ്റ്. വ്യാജ ബിരുദങ്ങള്‍ ഇന്റര്‍നെറ്റ് വഴി ലഭിക്കുന്നു എന്ന വാര്‍ത്ത കേട്ട ഒരു സിംഗപൂര്‍ മാധ്യമ പ്രവര്‍ത്തകയായ സാന്‍ട്ര ഡേവി യുടെ പട്ടിക്ക് വേണ്ടി സിംഗപ്പൂരിലെ “ദ സ്ട്രെയ്റ്റ് ടൈംസ്” പത്രമാണ് ഡോക്ടറേറ്റ് സമ്പാദിച്ചത്. “ആഷ് വുഡ് സര്‍വ്വകലാശാല” യുടെ വെബ്സൈറ്റില്‍ തന്റെ പട്ടിയുടെ പേര് സാന്‍ട്ര ഡോക്ടറേറ്റിനായി രജിസ്റ്റര്‍ ചെയ്തു. പട്ടിയുടെ പ്രായമായ ഏഴു വയസ്സിനെ മനുഷ്യായുസ്സായി മാറ്റാന്‍ ഏഴു കൊണ്ട് പെരുക്കി ഹാരി യുടെ പ്രായമായി 49 വയസ്സും ചേര്‍ത്തു.
“ജീവിത അനുഭവങ്ങളുടെ” അടിസ്ഥാനത്തില്‍ ഒരു ഡോക്ടറേറ്റ്. ഇതാണ് “ആഷ് വുഡ് സര്‍വ്വകലാശാല” എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇന്റര്‍നെറ്റ് സ്ഥാപനത്തിന്റെ വാഗ്ദാനം.
പട്ടിയുടെ ജീവിതാനുഭവം വിവരിക്കേണ്ട ഇടത്ത് “വര്‍ഷങ്ങളായി മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള പരസ്പര വ്യവഹാരത്തില്‍ പഠനം നടത്തി” എന്നാണ് അവര്‍ എഴുതിയത്.
Social and Behavioural Sciences ല്‍ ഡോക്ടറേറ്റിനായി അപേക്ഷ സമര്‍പ്പിച്ച് 15 മണിക്കൂറിനകം ഇവര്‍ക്ക് “സര്‍വ്വകലാശാല” യില്‍ നിന്നും അനുമോദന സന്ദേശം ലഭിച്ചു. തങ്ങളുടെ 10 അംഗ മൂല്യ നിര്‍ണയ സമിതി ഹാരിക്ക് ഡോക്ടറേറ്റ് നല്‍കാന്‍ തീരുമാനിച്ചു എന്നായിരുന്നു അറിയിപ്പ്.
599 ഡോളര്‍ ക്രെഡിറ്റ് കാര്‍ഡ് വഴി അടച്ചതോടെ കൂടുതല്‍ ഓഫറുകളുടെ പ്രവാഹമായി. കേവലം 300 ഡോളര്‍ കൂടി നല്‍കിയാല്‍ ഹാരിക്ക് ഒരു ബിരുദാനന്തര ബിരുദം കൂടി നല്‍കാം. കൂടുതല്‍ പണം നല്‍കിയാല്‍ ഹാരി “ആഷ് വുഡ് സര്‍വ്വകലാശാല” യില്‍ പഠിച്ചു എന്നതിന് തെളിവായി എഴുത്തുകള്‍ നല്‍കാം എന്നൊക്കെ ഓഫറുകള്‍ നിരവധി.
7 ദിവസത്തിനകം ബിരുദ സര്‍ട്ടിഫിക്കറ്റും, പരീക്ഷാ ഫലവും, തൊഴില്‍ ദാതാക്കള്‍ക്ക് നല്‍കാനായി ഹാരി ആഷ് വുഡ് സര്‍വ്വകലാശാലയില്‍ പഠിച്ചതിന്റെ രണ്ട് സാക്ഷ്യ പത്രങ്ങളും കൊറിയര്‍ ആയി ലഭിച്ചു. “ദാരിദ്ര്യത്തിന്റെ സാമൂഹ്യ ശാസ്ത്രം”, “സാമൂഹ്യ പ്രവര്‍ത്തന പരിചയം”, “നാടന്‍ കഥകളും പുരാണവും”, എന്നിങ്ങനെ ഒട്ടേറെ കെട്ടിച്ചമച്ച കോഴ്സുകളില്‍ ഹാരി “A” ഗ്രേഡും, “B” ഗ്രേഡും, “C” ഗ്രേഡും നേടി പാസായി എന്നാണ് പരീക്ഷാ ഫലങ്ങള്‍ തെളിയിക്കുന്നത്.
കൊറിയര്‍ വന്നത് ദുബായില്‍ നിന്നായിരുന്നു.
ഹാരിയുടെ പഠിത്തം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചറിയാന്‍ അമേരിക്കയിലെ ഒരു ടോള്‍ ഫ്രീ നമ്പരും ലഭ്യമായിരുന്നു.
ഈ തട്ടിപ്പിന് വിധേയനായി, ഒന്നര ലക്ഷത്തിലേറെ രൂപ നഷ്ടപ്പെടുത്തിയ ഒരു മലയാളിയുടെ കഥ കഴിഞ്ഞ ദിവസങ്ങളില്‍ ചില പത്ര മാധ്യമങ്ങളിലും (e പത്രം ഉള്‍പ്പെടെ), ചാനലുകളിലും പ്രത്യക്ഷപ്പെട്ടു. ഷാര്‍ജയില്‍ കഫറ്റീരിയ തൊഴിലാളിയായ ഒരു മലയാളി, ഡോക്ടറേറ്റ് നേടിയെടുത്തിന്റെ ആവേശ ജനകമായ കഥയായിരുന്നു ഈ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. പലര്‍ക്കും, മുടങ്ങി പോയ തങ്ങളുടെ പഠനം തുടരുവാന്‍ ഇത് പ്രചോദനം ആയി എന്ന് e പത്രത്തിന് ലഭിച്ച അനേകം ഈമെയില്‍ സന്ദേശങ്ങളിലെ അന്വേഷണങ്ങളില്‍ നിന്നും മനസ്സിലായി. ഇതിന്റെ അടിസ്ഥാനത്തില്‍ e പത്രം നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ചില വിവരങ്ങള്‍ ലഭിച്ചത്.
വാര്‍ത്തയുടെ നിജ സ്ഥിതി പരിശോധിക്കാതെ ഈ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയതിന് e പത്രം വായനക്കാരോട് ക്ഷമ ചോദിക്കുന്നു.
Ashwood University – ആഷ് വുഡ് സര്‍വ്വകലാശാല എന്ന ഈ സ്ഥാപനം പാക്കിസ്ഥാനില്‍ എവിടെയോ ആണെന്നതില്‍ കവിഞ്ഞ് ഒരു വിവരവും ആര്‍ക്കും ഇല്ല. അംഗീകാരം ഇല്ലാത്ത ബിരുദങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളെ Degree Mills – ബിരുദ മില്ലുകള്‍ എന്നാണു വിശേഷിപ്പിക്കുന്നത്. ഇത്തരം ബിരുദ മില്ലുകളുടെ ഒരു പട്ടിക ഒറിഗോണ്‍ ഓഫീസ് ഓഫ് ഡിഗ്രീ ഓതറൈസേഷന്‍ – Oregon Office of Degree Authorisation ന്റെ വെബ് സൈറ്റില്‍ കൊടുത്തിട്ടുണ്ട്. ആ ലിസ്റ്റ് ഇവിടെ ലഭ്യമാണ്.
ഈ ലിസ്റ്റില്‍ പ്രസ്തുത ഡോക്ടറേറ്റ് നല്‍കിയ ആഷ് വുഡ് സര്‍വ്വകലാശാല വ്യാജന്‍ – Fake – ആണെന്ന് വ്യക്തമായി പറയുന്നുണ്ട്.
ഇത്തരം ബിരുദങ്ങള്‍ അംഗീകൃത ബിരുദം വേണ്ട സ്ഥലങ്ങളില്‍ ഉപയോഗിക്കുന്നത് പല രാജ്യങ്ങളിലും കുറ്റകരമാണ്. ഈ ബിരുദം ഉപയോഗിച്ചാല്‍ യു.എ.ഇ. യില്‍ ശിക്ഷിക്കപ്പെടാം എന്ന് ഈ രംഗത്തെ വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബിരുദ മില്ലുകളില്‍ നിന്നും പഠിക്കാതെ സമ്പാദിച്ച ഇത്തരം ബിരുദങ്ങള്‍ ഉപയോഗിച്ച 68 യു.എ.ഇ. പൌരന്മാരാണ് പിടിയില്‍ ആയത്. ഇവരെ അമേരിക്ക ആജീവനാന്ത കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇത്തരക്കാര്‍ക്ക് രണ്ടു വര്ഷം വരെ തടവ് ലഭിക്കും എന്ന് ഈ വാര്‍ത്ത പുറത്തായതിനെ തുടര്‍ന്നു യു.എ.ഇ. അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
ആഷ് വുഡ് “സര്‍വ്വകലാശാല” തങ്ങളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ അച്ചടിക്കുന്നത് ദുബായ് ഇന്റര്‍നെറ്റ് സിറ്റിയില്‍ ആണ് എന്ന് അവകാശപ്പെടുന്നു. രേഖകള്‍ കൈകാര്യം ചെയ്യാനായി തങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സിറ്റിയില്‍ ഓഫീസ് ഉണ്ടെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഈ സര്‍വ്വകലാശാല യുമായി ബന്ധപ്പെട്ട ഒരു വിവരവും തങ്ങള്‍ക്കില്ല എന്ന് ഫ്രീസോണ്‍ അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍ തങ്ങളുടെ ബിരുദം യു.എ.ഇ. യില്‍ ഉപയോഗിക്കാം എന്നാണു ആഷ് വുഡ് സര്‍വ്വകലാശാല സമര്‍ഥിക്കുന്നത്. എന്നാല്‍ ബിരുദങ്ങള്‍ അംഗീകരിക്കപ്പെടുവാന്‍ അത് ആദ്യം സര്‍ട്ടിഫിക്കറ്റ് നല്‍കിയ രാജ്യത്ത് പരിശോധിക്കപ്പെടണം എന്നാണ് യു.എ.ഇ. യിലെ നിയമം. “Council for Higher Education Accreditation” എന്ന കൌണ്‍സിലാണ് അമേരിക്കയില്‍ ബിരുദങ്ങള്‍ നിയന്ത്രിക്കുന്നത്. എന്നാല്‍ “ആഷ് വുഡ് സര്‍വ്വകലാശാലയുടെ” വെബ്സൈറ്റ് പറയുന്നത് തങ്ങളുടെ ബിരുദങ്ങള്‍ അമേരിക്കയിലെ “Higher Education Accreditation Commission” അംഗീകരിച്ചതാണ് എന്നാണ്. പേരില്‍ സാമ്യം ഉണ്ടെങ്കിലും ഇതിന് സര്‍ക്കാരുമായി ബന്ധമൊന്നുമില്ല. ബിരുദ മില്ലുകളില്‍ നിന്നും പുറപ്പെടുവിക്കുന്ന ബിരുദങ്ങള്‍ക്ക് അംഗീകാരം നല്‍കാനായി കെട്ടിപ്പടുത്ത ഒരു “അക്രെഡിറ്റെഷന്‍ മില്‍” ആണ് ഇതെന്നാണ് സൂചന.
ഏതായാലും ഇന്റര്‍വ്യൂ ഇല്ലാതെ, വായിച്ചു പഠിച്ചു തല പുണ്ണാക്കാതെ, റെഫറന്‍സുകള്‍ക്ക് പിന്നാലെ ഓടാതെ, ഒന്നുമറിയാതെ, ഒരു ഡോക്ടറേറ്റ് കൈവശ പ്പെടുത്തുന്നത്, അദ്ധ്വാനിച്ചു പഠിച്ചു ഡോക്ടറായവരെ കൊഞ്ഞനം കുത്തുന്നതിനു സമമാണ്. ഈ തട്ടിപ്പിന് ഇനിയും ഇരയാവാതെ, ഇത്തരം തട്ടിപ്പുകള്‍ക്ക് പ്രചാരം നല്‍കാതെ, ഇതിനെ പ്രതിരോധിക്കേണ്ടത് നമ്മുടെ കടമയുമാണ്.



അന്താരാഷ്ട്ര സാക്ഷരതാ ദിനമായ സെപ്റ്റംബര്‍ എട്ടിന് പ്രധാന മന്ത്രി മന്‍ മോഹന്‍ സിംഗ് ആറര കോടി രൂപയുടെ “സാക്ഷര്‍ ഭാരത്” എന്ന ദേശീയ സാക്ഷരതാ പദ്ധതി പ്രഖ്യാപിച്ചു. ഇന്ത്യയില്‍ 30 കോടി ജനം ഇന്നും നിരക്ഷരരാണ്. ഇന്ത്യയിലെ സ്ത്രീകളില്‍ പകുതിയും അക്ഷര ജ്ഞാനം ഇല്ലാത്തവരാണ്. ഇത് തൃപ്തികരമല്ല. ദേശീയ സാക്ഷരതാ മിഷന്‍ ഉടച്ചു വാര്‍ത്ത് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ്ണ സ്ത്രീ സാക്ഷരത കൈവരിക്കും എന്ന് നേരത്തേ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ പ്രഖ്യാപി ച്ചിരുന്നതിന്റെ സാക്ഷാല്‍ക്കാ രത്തിലേക്കുള്ള ആദ്യത്തെ ചുവടു വെയ്‌പ്പാണ് അന്താരാഷ്ട്ര സാക്ഷരതാ ദിനത്തില്‍ കൈക്കൊ ണ്ടിരിക്കുന്നത് എന്ന് പ്രധാന മന്ത്രി അറിയിച്ചു.
പത്താം ക്ലാസ് പരീക്ഷ ഇനി നിര്‍ബന്ധമായി എഴുതേണ്ടതില്ല. വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഗ്രേഡിങ്ങ് സമ്പ്രദായത്തിലൂടെ ആയിരിക്കും ഇനി വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം പരിശോധിക്കുക. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി കപില്‍ സിബാല്‍ അറിയിച്ചതാണ് ഈ കാര്യം.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ അധ്യാപകരെ ആദരിക്കുന്ന ഒരു നൂതന പദ്ധതിക്ക് കേരള സര്‍ക്കാര്‍ തുടക്കം ഇട്ടിരിക്കുന്നു. കേരള സര്‍വ്വ കലാശാലയിലെ ബയോ ഇന്‍ഫൊമാറ്റിക്സ് സെന്റര്‍ ഹോണൊററി ഡയറക്ടര്‍ ഡോ. അച്യുത് ശങ്കര്‍ എസ്. നായര്‍ ആണ് ഈ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.
മധ്യ പ്രദേശിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഉച്ച ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് ഇനി മുതല്‍ വിദ്യാര്‍ത്ഥികള്‍ ‘ഭോജന’മന്ത്രം ഉരുവിടണം എന്ന് സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചു. ഭക്ഷണത്തിനു മുന്‍പ് പ്രാര്‍ത്ഥിക്കുന്നത് നേരത്തേ തന്നെ ആര്‍. എസ്. എസ്. നടത്തുന്ന വിദ്യാലയങ്ങളില്‍ പതിവായിരുന്നു. ഇതാണ് സെപ്റ്റംബര്‍ അഞ്ച് മുതല്‍ എല്ലാ സര്‍ക്കാര്‍ വിദ്യാലയങ്ങളിലും നിര്‍ബന്ധമായി നടപ്പിലാക്കണം എന്ന് സര്‍ക്കാര്‍ അറിയിച്ചത്. 
























