ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഓസ്ട്രേലിയയില്‍ നേരിടുന്ന വംശീയ ആക്രമണങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ തട്ടിപ്പിന് ഇരയാക്കുന്ന സ്ഥാപനങ്ങളേയും ഏജന്റുമാരേയും കുറിച്ചുള്ള വാര്‍ത്തകളും പുറത്തു വന്നു. ഇത് അന്വേഷിക്കാന്‍ ചെന്ന ഒരു ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തക കഴിഞ്ഞ ദിവസം ആക്രമിക്കപ്പെടുകയും ഉണ്ടായി. 5000 ഡോളറിന് ഇംഗ്ലീഷ് ഭാഷയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഇവര്‍ക്ക് ചില ഏജന്റുമാര്‍ നല്‍കാന്‍ തയ്യാറായി. ഈ വെളിപ്പെടുത്തലുകള്‍ അടങ്ങുന്ന പ്രോഗ്രാം ടെലിവിഷന്‍ ചാനലില്‍ പ്രക്ഷേപണം ചെയ്യാനിരിക്കെ ആണ് ഇവര്‍ക്കു നേരെ ആക്രമണം നടന്നത്. ആക്രമണത്തിനു പുറകില്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
എന്നാല്‍ ഇതിനു പിന്നാലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ പുതിയ ഒരു ആരോപണമാണ് ‘ദി ഓസ്ട്രേലിയന്‍’ എന്ന പ്രമുഖ ഓസ്ട്രേലിയന്‍ ദിനപത്രം ഉന്നയിക്കുന്നത്. ‘ന്യൂ ഇംഗ്ലണ്ട്’, ‘ന്യൂ സൌത്ത് വെയിത്സ്’ എന്നീ സര്‍വകലാശാലയില്‍ നിന്നും ബിരുദമെടുത്ത ഇന്ത്യാക്കാര്‍ അടക്കമുള്ള പല വിദേശ വിദ്യാര്‍ത്ഥികളും തങ്ങളുടെ മാസ്റ്റേഴ്സ് തീസിസ് കോപ്പിയടിച്ചാണ് തയ്യാറാക്കിയത് എന്നാണ് പുതിയ ആരോപണം. വിവര സാങ്കേതിക വിദ്യക്ക് ബിരുദാനന്തര ബിരുദത്തിനാണ് ഈ തട്ടിപ്പ് കൂടുതലും നടന്നിട്ടുള്ളത് എന്ന് പത്രം വെളിപ്പെടുത്തുന്നു.
ഈ ബിരുദാനന്തര ബിരുദം നേടുന്നതോടെ ഇവര്‍ക്ക് ‘വിദഗ്ദ്ധ തൊഴിലാളി’ വിഭാഗത്തില്‍ ഓസ്ട്രേലിയയില്‍ സ്ഥിരം താമസ പദവി നേടാന്‍ എളുപ്പമാകും. ഇത് എടുത്ത് കാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിദേശ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുവാനും കഴിയും. ഇതാണ് ഈ തട്ടിപ്പിനു പിന്നിലെ രഹസ്യം.