കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ അധ്യാപകരെ ആദരിക്കുന്ന ഒരു നൂതന പദ്ധതിക്ക് കേരള സര്‍ക്കാര്‍ തുടക്കം ഇട്ടിരിക്കുന്നു. കേരള സര്‍വ്വ കലാശാലയിലെ ബയോ ഇന്‍ഫൊമാറ്റിക്സ് സെന്റര്‍ ഹോണൊററി ഡയറക്ടര്‍ ഡോ. അച്യുത് ശങ്കര്‍ എസ്. നായര്‍ ആണ് ഈ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.  
 
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ ചരിത്രത്തിന്റെ ആദ്യ കാലഘട്ടം മുതലുള്ള അധ്യാപകരുടെ വിവരങ്ങള്‍ ശേഖരിച്ച് ക്രോഡീകരിച്ച് എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന രീതിയിലുള്ള ഒരു ആര്‍ക്കൈവ് നിര്‍മ്മിക്കാനാണ് പദ്ധതി ലക്ഷ്യമിട്ടിരിക്കുന്നത്. 1816 ല്‍ കോട്ടയത്ത് ആരംഭിച്ച സി. എം. എസ്. കോളജും 1830 ല്‍ തിരുവനന്തപുരത്ത് ആരംഭിച്ച യൂനിവേഴ്‌സിറ്റി കോളജും മുതല്‍ തുടങ്ങുന്ന കേരളത്തിലെ ഉന്നത വിദ്യാഭ്യാസ ചരിത്രത്തില്‍ തങ്ങളുടെ പ്രവര്‍ത്തന മികവിലൂടെ വ്യക്തി മുദ്ര പതിപ്പിച്ചു കടന്നു പോയ മുഴുവന്‍ അധ്യാപകരുടേയും ജീവ ചരിത്രം, ഫോട്ടോ, പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങള്‍, മറ്റ് വിവരങ്ങള്‍, ലിങ്കുകള്‍ എന്നിവ എല്ലാം അടങ്ങുന്ന ഒരു വെബ് സൈറ്റ് ഉണ്ടാക്കും. ഇത്തരമൊരു വെബ് സൈറ്റ് ഇവരെ പറ്റിയുള്ള ഓര്‍മ്മകള്‍  തിരികെ കൊണ്ടു വരുന്നതിനു പുറമെ ഇവര്‍ മുന്‍പോട്ട് വെച്ച ആശയങ്ങളും ഇവരുടെ സംഭാവനകളും വീണ്ടും കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ചര്‍ച്ച ചെയ്യപ്പെടുകയും അത് വഴി ഉന്നത വിദ്യാഭ്യാസ രംഗത്തെ നൈരന്തര്യം സംരക്ഷിക്കപ്പെടുകയും ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
 
ഈ പദ്ധതിയുടെ വിജയത്തിനായി എല്ലാവരുടെയും സഹകരണം ഡോ. അച്യുത് ശങ്കര്‍ അഭ്യര്‍ത്ഥിച്ചു. തങ്ങളുടെ വിദ്യാഭാസ കാലത്ത് തങ്ങളെ സ്വാധീനിച്ച അധ്യാപകരെ കുറിച്ചുള്ള വിവരങ്ങള്‍ ഈ വെബ് സൈറ്റില്‍ ചേര്‍ക്കുന്നതിനായി gurusmarana ഡോട്ട് kerala അറ്റ് gmail ഡോട്ട് com എന്ന ഈമെയില്‍ വിലാസത്തില്‍ അയക്കാവുന്നതാണ്. ഒരു നിബന്ധന മാത്രം – ഇപ്പോള്‍ സര്‍വീസില്‍ ഇല്ലാത്ത അധ്യാപകരെ പറ്റിയുള്ള വിവരങ്ങള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഒരു ഈമെയിലില്‍ ഒരു അധ്യാപകനെ പറ്റിയുള്ള വിവരങ്ങള്‍ മാത്രമാണ് അയയ്ക്കേണ്ടത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: വിദ്യാഭ്യാസം

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 

























 