ന്യൂഡൽഹി : രാജ്യത്തിന്‍റെ 50 ആമത് ചീഫ് ജസ്റ്റിസ്സായി ഡി. വൈ. ചന്ദ്ര ചൂഢ് (ധനഞ്ജയ യശ്വന്ത് ചന്ദ്ര ചൂഡ്) 2022 നവംബർ 9 ന് സ്ഥാനമേല്‍ക്കും. ചീഫ് ജസ്റ്റിസ് യു. യു. ലളിത് തന്‍റെ പിൻഗാമിയായി ജസ്റ്റിസ് ചന്ദ്ര ചൂഡിനെ ശുപാർശ ചെയ്തിരുന്നു. കേന്ദ്ര നിയമ വകുപ്പു മന്ത്രി കിരൺ റിജിജു വാണ് ഇക്കാര്യം അറിയിച്ചത്. ചീഫ് ജസ്റ്റിസ് പദവിയില്‍ രണ്ട് വര്‍ഷത്തെ കാലാവധിയാണ് ചന്ദ്ര ചൂഡിന് ഉണ്ടാവുക. 2024 നവംബര്‍ 10 നു അദ്ദേഹം വിരമിക്കുകയും ചെയ്യും.
നിലവിൽ ജസ്റ്റിസ് ലളിത് കഴിഞ്ഞാൽ ഏറ്റവും മുതിർന്ന സുപ്രീം കോടതി ജഡ്ജിയാണ് ഡി. വൈ. ചന്ദ്ര ചൂഢ്. 2016 മെയ് 13 നാണ് ജസ്റ്റിസ് ചന്ദ്ര ചൂഡ് സുപ്രീം കോടതിയിലേക്ക് എത്തിയത്. അതിനു മുമ്പ്, 2013 ഒക്ടോബർ 31 മുതൽ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്സ് ആയിരുന്നു.
2000 മാർച്ച് മുതൽ 2013 ഒക്ടോബര്‍ വരെ ബോംബെ ഹൈക്കോടതി ജഡ്ജി ആയിരുന്നു.1998 മുതല്‍ ബോംബൈ ഹൈക്കോടതി ജഡ്ജി ആകുന്നതു വരെ കേന്ദ്ര സര്‍ക്കാരിന്‍റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം (1978 ഫെബ്രുവരി 22 മുതല്‍ 1985 ജൂലൈ 11 വരെ) ചീഫ് ജസ്റ്റിസ്സ് ആയിരുന്ന, ഇന്ത്യ യുടെ പതിനാറാമത് ചീഫ് ജസ്റ്റിസ്സ് വൈ. വി. ചന്ദ്ര ചൂഢ് ഇദ്ദേഹത്തിന്‍റെ പിതാവ് ആയിരുന്നു.