127 പേര്‍ ഇതിനകം കൊല്ലപ്പെട്ട മുംബൈ ആക്രമണം അല്‍ ഖൈദ തയ്യാറാക്കിയ ബ്ലൂ പ്രിന്റ് പ്രകാരം ആണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. ലോകം എമ്പാടുമുള്ള തീവ്രവാദ സംഘങ്ങള്‍ അല്‍ ഖൈദ നിര്‍മ്മിച്ച ബ്ലൂ പ്രിന്റ് പകര്‍ത്തി ഇത്തരം ആക്രമണങ്ങള്‍ നടത്തുന്ന ഒരു രീതിയിലേക്കാണ് മുംബൈയില്‍ നടന്ന ആക്രമണങ്ങള്‍ വിരല്‍ ചൂണ്ടുന്നത് എന്ന് തീവ്രവാദ – ഏറ്റുമുട്ടല്‍ രംഗത്ത് ഗവേഷണം നടത്തുന്ന ബ്രിട്ടീഷ് വിദഗ്ദ്ധന്‍ ജോര്‍ജ്ജ് കാസ്സിമെറി അഭിപ്രായപ്പെട്ടു. ഈ ബ്ലൂ പ്രിന്റിന്റെ പൊതുവായ തത്വം ആക്രമണത്തിലൂടെ ഏറ്റവും വ്യാപകമായ അരാജകത്വം സൃഷ്ടിക്കുക എന്നതാണ്. അതു തന്നെയാണ് മുംബൈയില്‍ നടന്നതും. നേരത്തേ മുന്നറിയിപ്പ് നല്‍കാതെ, പ്രത്യേകിച്ച് ലക്ഷ്യങ്ങളും ആവശ്യങ്ങളും ഉന്നയിക്കാതെ, ജനത്തിനു നേരെ ഇത്തരം ഒരു ആക്രമണം അഴിച്ചു വിട്ടത് ഇത് വ്യക്തമാക്കുന്നു. അമേരിക്കന്‍ ബ്രിട്ടീഷ് പൌരന്മാരെ തിരഞ്ഞു പിടിച്ച് ആക്രമിച്ചത് അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടിയാണ്. പ്രത്യേകിച്ച് പ്രവര്‍ത്തന പദ്ധതിയൊന്നും ഇല്ലാതെ, ഏറ്റവും അധികം നാശം വിതക്കുകയും ഏറ്റവും അധികം ആളുകളെ കൊല്ലുകയും ചെയ്യുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ഇവര്‍ക്ക് ഉണ്ടായിരുന്നത് എന്നും ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു.



ഇന്നലെ രാത്രി പത്തു മണിയോടെ മുംബൈയിലെ തന്ത്ര പ്രധാനമായ കേന്ദ്രങ്ങളില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ 101ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടു. ആയിരത്തിലേറെ ആളുകള്‍ക്ക് പരിക്കേറ്റു. ഡെക്കാന്‍ മുജാഹിദീന്‍ എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിക്കപ്പെട്ട 101 പേരില്‍ 6 വിദേശികളും ഉള്‍പ്പെടുന്നു. ആക്രമണം വിദേശികളെ ലക്ഷ്യമാക്കി ആണ് എന്ന ആരോപണം മഹാരാഷ്ട്രാ മുഖ്യ മന്ത്രി നിഷേധിച്ചു. എന്നാല്‍, അമേരിക്കന്‍ ബ്രിട്ടീഷ് പാസ്പോര്‍ട്ടുകള്‍ ആര്‍ക്കൊക്കെയാണ് ഉള്ളത് എന്ന് തോക്കു ധാരികള്‍ വിളിച്ച് ചോദിച്ചു കൊണ്ട് ഓടി നടന്ന് വെടി വെക്കുന്നത് കണ്ടു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഇന്ത്യക്കെതിരെ യുദ്ധം ഉണ്ടായാല്‍ ആണവ ആയുധം ആദ്യം പ്രയോഗിക്കുന്നത് പാക്കിസ്ഥാന്‍ ആയിരിക്കുകയില്ല എന്ന പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഉറപ്പു നല്‍കിയത് പാകിസ്ഥാന്‍ സൈന്യത്തേയും രാഷ്ട്രീയ വൃന്ദത്തേയും ഞെട്ടിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസ് വീഡിയോ കോണ്‍ഫറന്‍സിങ് വഴി നടത്തിയ നേതൃത്വ ഉച്ച കോടിയില്‍ ആണ് സര്‍ദാരി ഈ വിവാദ പ്രസ്താവന നടത്തിയത്. എന്നാല്‍ പാക്കിസ്ഥാന്റെ ആണവ നയത്തെ പറ്റി ശരിയായ അറിവില്ലാത്തത് കൊണ്ടാണ് സര്‍ദാരി ഇങ്ങനെ ഒരു പ്രസ്താവന നടത്തിയത് എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഇന്ത്യയുമായി നില നില്‍ക്കുന്ന പല പ്രശ്നങ്ങള്‍ക്കും ഇനിയും പരിഹാരമാവാത്ത അവസ്ഥയില്‍ ഇത്തരമൊരു ഉറപ്പ് പാലിക്കാന്‍ പാക്കിസ്ഥാന് കഴിയില്ല. ആണവ ശക്തി ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ നിലവിലുള്ള ഒരു യുദ്ധ നിരോധക ശക്തിയാണ്. സര്‍ദാരിയുടെ ഇത്തരത്തിലുള്ള പ്രസ്താവന ഈ നിരോധക ശക്തിയെ ക്ഷയിപ്പിക്കാനേ ഉതകൂ എന്നാണ് പ്രതിരോധ വിശകലന വിദഗ്ദ്ധര്‍ പറയുന്നത്.
പ്രതിസന്ധിയില്‍ ആയ എയര്‍ ഇന്ത്യയെ സഹായിക്കാനായി സര്‍ക്കാര്‍ ഉടന്‍ തന്നെ 1200 കോടിയുടെ ഒരു ധന സഹായ പാക്കേജ് പ്രഖ്യാപിക്കും എന്ന് സിവില്‍ വ്യോമയാന വകുപ്പ് മന്ത്രി പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. 1000 കോടിയുടെ വായ്പ കമ്പനി ഇതിനോടകം ആവശ്യപ്പെട്ടു കഴിഞ്ഞു. ഇത് മന്ത്രാലയം അംഗീകരിച്ചിട്ടുമുണ്ട്. ഒരു മാസത്തിനകം ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകും എന്നാണ് സൂചന. 40,000 കോടി രൂപക്ക് പുതിയ വിമാനങ്ങള്‍ വാങ്ങുവാനുള്ള ഓര്‍ഡര്‍ നല്‍കി കഴിഞ്ഞ എയര്‍ ഇന്ത്യ ഇന്ധന വില വര്‍ധനവും യാത്രക്കാരുടെ എണ്ണത്തില്‍ വന്ന കുറവും കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. എഴുപത്തി ഏഴ് വര്‍ഷം പഴക്കമുള്ള കമ്പനി കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ എയര്‍ലൈന്‍സും ആയി ലയിച്ചിരുന്നു. വര്‍ധിച്ച ഇന്ധന വില മൂലം പ്രതിസന്ധി നേരിടുന്ന കമ്പനിക്ക് ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ഈ വര്‍ഷം ഉദ്ദേശം 2300 കോടിയെങ്കിലും നഷ്ടം സഹിക്കേണ്ടി വരും എന്നാണ് കരുതപ്പെടുന്നത്.
മാലേഗാവ് ബോംബ് സ്ഫോടന കേസില്‍ പോലീസ് പിടിയില്‍ ആയ ഹിന്ദു സന്യാസിനി പ്രഗ്യാ സിംഗിന് പിന്തുണയുമായി ശിവ സേനയും എത്തി. സന്യാസിനിയുടെ സുരക്ഷക്കായി ശിവ സേനാംഗങ്ങള്‍ വേണ്ടി വന്നാല്‍ തെരുവില്‍ ഇറങ്ങും എന്ന് ശിവ സേന നേതാവ് ഉദ്ദവ് താക്കറെ പ്രഖ്യാപിച്ചു. ഹിന്ദുത്വത്തെ അപമാനിക്കുന്നതും ഒരു ഹിന്ദു സന്യാസിനിയെ തീവ്ര വാദത്തിന്റെ പേരും പറഞ്ഞ് പീഡിപ്പിക്കുന്നതും തങ്ങള്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കില്ല. സന്യാസിനിയെ പുരുഷ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നതിലും അദ്ദേഹം എതിര്‍പ്പ് പ്രകടിപ്പിച്ചു. തീവ്രവാദ വിരുദ്ധ സ്ക്വാഡില്‍ വനിതാ പോലീസുകാര്‍ ആരും ഇല്ലേ എന്ന് താക്കറെ ചോദിച്ചു. നാര്‍ക്കോ പരിശോധനക്ക് സന്യാസിനിയെ വിധേയമാക്കി തെളിവു ശേഖരിക്കാം എങ്കില്‍ സ്റ്റാമ്പ് പേപ്പര്‍ കേസില്‍ എന്തു കൊണ്ട് തെല്‍ഗി വെളിപ്പെടുത്തിയ വമ്പന്മാര്‍ക്കെതിരെ നടപടി എടുക്കുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.
























