ബ്രഹ്മപുത്ര നദിയില്‍ തങ്ങള്‍ അണക്കെട്ട് നിര്‍മ്മിക്കുന്നില്ല എന്ന് ചൈന ആവര്‍ത്തിച്ചു പറയുമ്പോഴും ചൈനയുടെ പ്രദേശത്ത് നടക്കുന്ന ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യക്ക് ആശങ്കാ ജനമാണ് എന്നാണ് വിദഗ്ദ്ധരുടെ കണ്ടെത്തല്‍. ബ്രഹ്മ പുത്രയിലെ വെള്ളം നിയന്ത്രിച്ച് ചൈനക്ക് ഇന്ത്യയെ എപ്പോള്‍ വേണമെങ്കിലും സമ്മര്‍ദ്ദത്തിനു വിധേയമാക്കാം എന്നതാണ് വാസ്തവം. ഗുവാഹട്ടിയിലെ ഐ.ഐ.ടി. നടത്തിയ പഠനങ്ങളും ഈ ഭയാശങ്കകളെ സാധൂകരിക്കുന്നു.
ബ്രഹ്മ പുത്ര നദി, തിബത്തിലെ അറുന്നൂറോളം മഞ്ഞു മലകളില്‍ നിന്നും ഉല്‍ഭവം കണ്ടെത്തുന്ന ഒരു നദിയാണ്. ഇന്ത്യക്ക് ലഭ്യമായ റിമോട്ട് സെന്‍സിംഗ് വിവരങ്ങള്‍ അനുസരിച്ച് ഈ നീരുറവകളില്‍ പ്രധാനമായ സാങ്മോ എന്ന പ്രദേശത്ത് ചൈന എന്തോ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നുണ്ട് എന്ന് വ്യക്തമാണ്. നദി ഒരു വലിയ താഴ്‌ച്ചയിലേക്ക് വീഴുന്ന സ്ഥലമാണ് സാങ്മോ. ഇവിടെ ഒരു ജല വൈദ്യുത പദ്ധതി സ്ഥാപിക്കാനാണ് സാധ്യത.
ജല വൈദ്യുത പദ്ധതിയായാലും ജല ശേഖരണ പദ്ധതിയായാലും അണക്കെട്ടു നിലവില്‍ വരുന്നതോടെ ബ്രഹ്മ പുത്രയിലെ ജലം നിയന്ത്രിക്കപ്പെടുമെന്നത് തീര്‍ച്ചയാണ്. ഇത് ഇന്ത്യയില്‍ വരള്‍ച്ചയ്ക്ക് കാരണവുമാകും. ജല വൈദ്യുത പദ്ധതിയാണെങ്കില്‍, ഇപ്പോള്‍ തമിഴ് നാട് മുല്ല പെരിയാറില്‍ ആവശ്യപ്പെടുന്നത് പോലെ, ഉയര്‍ന്ന ജല നിരപ്പ് പാലിക്കേണ്ടി വരും. എന്നാല്‍ ജല നിരപ്പ് ക്രമാതീതമായി ഉയരുന്ന വേളയില്‍ സംഭരിച്ച വെള്ളം പെട്ടെന്ന് അണക്കെട്ട് തുറന്ന് വിടേണ്ടതായും വരും. ഇത് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനു കാരണവുമാകും.
എന്നാല്‍ ഇതിനൊരു മറുവശവുമുണ്ട്. ചൈനയില്‍ നിന്നും വരുന്ന നദിയിലെ വെള്ളപ്പൊക്കം മൂലം ഇന്ത്യ വര്‍ഷം തോറും ദുരിതം അനുഭവിക്കുന്നുണ്ട്. അണക്കെട്ട് വരുന്നതോടെ ഇതിന് ഒരു അറുതി വരും.
മാത്രമല്ല ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശിലേക്ക് ഒഴുകുന്ന ഗംഗാ നദിയില്‍ ഇന്ത്യ അനേകം ഡാമുകള്‍ ബംഗ്ലാദേശിന്റെ എതിര്‍പ്പുകളെ അവഗണിച്ച് പണിതിട്ടുമുണ്ട്.
ഇതിനെ തുടര്‍ന്ന് ഉളവായ അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാന്‍ ഇന്ത്യ ബംഗ്ലാദേശുമായി ജല വിതരണ ഉടമ്പടി ഉണ്ടാക്കി അത് നിഷ്ക്കര്‍ഷമായി പാലിക്കുന്നുണ്ട്.
നേരത്തേ പറഞ്ഞ വരള്‍ച്ചാ – വെള്ളപ്പൊക്ക ഭീഷണി എല്ലാ അണക്കെട്ടുകളുടെയും ദൂഷ്യ വശമാണ് എന്നിരിക്കെ ചൈന അണക്കെട്ട് നിര്‍മ്മിക്കുന്നതിനെ എതിര്‍ക്കുന്നത് ഇരട്ട താപ്പ് നയമാണ് എന്ന് ഗുവാഹട്ടി ഐ.ഐ.ടി. യിലെ വിദഗ്ദ്ധര്‍ ചൂണ്ടി കാണിക്കുന്നു. കാരണം ചൈന നിര്‍മ്മിച്ചാലും ഇല്ലെങ്കിലും ഇന്ത്യ അരുണാചല്‍ പ്രദേശില്‍ മാത്രം ബ്രഹ്മ പുത്രയില്‍ 150 ഓളം അണക്കെട്ടുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതി ഇട്ടിട്ടുണ്ട് എന്നും ഇവര്‍ വെളിപ്പെടുത്തുന്നു.



ക്യൂബയ്ക്ക് എതിരെ അമേരിക്ക നടപ്പിലാക്കിയ വ്യാപാര ഉപരോധത്തെ അപലപിച്ച് കഴിഞ്ഞ 18 വര്‍ഷങ്ങളായി ഐക്യ രാഷ്ട്ര സഭയില്‍ ഒരു ചടങ്ങു പോലെ തുടര്‍ന്നു വരുന്ന പ്രമേയ അവതരണം ഇത്തവണയും പതിവു പോലെ വന്‍ ഭൂരിപക്ഷത്തിന് പാസായി. അമേരിക്കക്ക് പുറമെ ഇസ്രയേലും പലാവോയും മാത്രമാണ് പ്രമേയത്തെ എതിര്‍ത്തത്. 187 അംഗങ്ങള്‍ അനുകൂലിച്ചപ്പോള്‍ മാര്‍ഷല്‍ ദ്വീപുകളും മൈക്രൊനേഷ്യയും വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. ബുഷ് മാറി ഒബാമ വന്നിട്ടും ഏറെയൊന്നും കാര്യങ്ങള്‍ മാറിയില്ല എന്നതിനു തെളിവായിരുന്നു ഐക്യ രാഷ്ട്ര സഭയില്‍ അമേരിക്കന്‍ അംബാസഡറും ക്യൂബന്‍ വിദേശ കാര്യ മന്ത്രിയും നടത്തിയ പ്രസംഗങ്ങള്‍.
ചൈനയുടെ അതിര്‍ത്തി ലംഘനവും, പാക്കിസ്ഥാന് ആധുനിക ആയുധങ്ങള്‍ നല്‍കുന്നതും മൂലം ഇന്ത്യ, മേഖലയിലെ ആയുധ പന്തയത്തില്‍ ബഹുദൂരം മുന്നോട്ട് സഞ്ചരിക്കുന്നു. ഇന്ത്യ തിരക്കു പിടിച്ച് ആയുധങ്ങള്‍ വാങ്ങി കൂട്ടുകയും സൈന്യത്തെ ആധുനീകരിക്കുകയും ചെയ്യുന്ന തിരക്കിലാണ്. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന ഒട്ടേറെ ചൈനീസ് നടപടികള്‍ ഇന്ത്യക്ക് ഏറെ നീരസം സൃഷ്ടിക്കുകയുണ്ടായി. ജമ്മു കാശ്മീരില്‍ നിന്നുമുള്ള ഇന്ത്യാക്കാര്‍ക്ക് വിസ നല്‍കുന്നതില്‍ സ്വീകരിക്കുന്ന വ്യത്യസ്ത നടപടികളാണ് ഇതില്‍ പ്രധാനം. പാസ്പോര്‍ട്ടില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് പകരം ജമ്മു കാശ്മീരില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് പ്രത്യേക കടലാസിലാണ് ചൈന വിസ പതിച്ച് നല്‍കുന്നത്. ഇന്ത്യയുടെ ഭാഗമല്ല ജമ്മു കാശ്മീര്‍ എന്ന് പ്രഖ്യാപിക്കുന്ന നിലപാടാണിത് എന്ന തങ്ങളുടെ പ്രതിഷേധം ഇന്ത്യ ചൈനയെ അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ ഇത് മറ്റൊരു പ്രധാന സുരക്ഷാ പ്രശ്നം കൂടി സംജാതമാക്കുന്നു. പാസ്പോര്‍ട്ടില്‍ വിസ അടിക്കാത്തത് മൂലം ജമ്മു കാശ്മീരില്‍ നിന്നും ചൈന സന്ദര്‍ശിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യക്ക് ലഭിക്കാതെ പോകുന്നു. അടുത്തയിടെ പാക്കിസ്ഥാന് ചൈന അത്യന്താധുനിക Z9EC ശ്രേണിയിലുള്ള ഹെലികോപ്ടറുകള്‍ നല്‍കിയിരുന്നതും ഇന്ത്യക്ക് വെല്ലുവിളിയായി.
ബൊളീവിയ : വെനെസ്വേലയുടെ പ്രസിഡണ്ട് ഹ്യൂഗോ ഷാവേസിന്റെ നേതൃത്വത്തില്‍ ഇടതു പക്ഷ ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രങ്ങള്‍ ചേര്‍ന്ന് സംഘടിപ്പിച്ച ആല്‍ബയിലെ അംഗ രാജ്യങ്ങള്‍ അമേരിക്കന്‍ ഡോളര്‍ ഉപേക്ഷിക്കാനുള്ള തീരുമാനം എടുത്തു. ബൊളീവിയയില്‍ നടന്ന ആല്‍ബയുടെ ഉച്ചകോടിയിലാണ് ഈ തീരുമാനം ഉണ്ടായത്. ഇത് തങ്ങള്‍ അംഗീകരിച്ചു കഴിഞ്ഞു എന്ന് ബൊളീവിയന്‍ പ്രസിഡണ്ട് ഈവോ മൊറാലസ് പ്രഖ്യാപിച്ചതോടെ ഡോളര്‍ പ്രദേശത്തെ വ്യാപാര രംഗത്തു നിന്നും പുറന്തള്ളപ്പെടും എന്ന് തീര്‍ച്ചയായി. സുക്‌ര്‍ എന്ന ഈ പുതിയ കറന്‍സി 2010 ഓടെ നിലവില്‍ വരും.

























