രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 140-ാം ജന്മദിനത്തിന് രാഷ്ട്രം ഗാന്ധി സ്മരണ പുതുക്കുമ്പോള്‍ ലോകം ഇന്ന് മഹാത്മാ ഗാന്ധിയോടുള്ള ആദര സൂചകമായി അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുകയാണ്. ഗാന്ധിജിയുടെ ആദര്‍ശങ്ങളും സന്ദേശങ്ങളും മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന് പകര്‍ന്നു ലഭിച്ചത് അമേരിക്കന്‍ ജനകീയ മുന്നേറ്റത്തെ ഏറെ സ്വാധീനിച്ചു എന്ന് ഗാന്ധി ജയന്തി ദിനത്തില്‍ അമേരിക്കന്‍ പ്രസിഡണ്ട് ബറാക്ക് ഒബാമ ഓര്‍മ്മിച്ചു. ഇതിന് അമേരിക്കന്‍ ജനത ഗാന്ധിജിയോട് കടപ്പെട്ടിരിക്കുന്നു. ഗാന്ധി നയിച്ച അഹിംസയില്‍ അധിഷ്ഠിതമായ സ്വാതന്ത്ര്യ സമരത്തില്‍ ഇന്നത്തെ അമേരിക്ക തങ്ങളുടെ വേരുകള്‍ കണ്ടെത്തുന്നു. മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ ജീവിതത്തോടും സന്ദേശത്തോടുമുള്ള അമേരിക്കന്‍ ജനതയ്ക്കുള്ള മതിപ്പ് പ്രകടിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നും ഒബാമ അറിയിച്ചു. കഴിഞ്ഞ ദിവസം വെര്‍ജീനിയയിഒലെ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ, ജീവിച്ചിരി ക്കുന്നതോ മരിച്ചതോ ആയ ഒരു വ്യക്തിയുമായി വിരുന്നില്‍ പങ്കെടുക്കാനുള്ള അവസരം ലഭിച്ചാല്‍ താങ്കള്‍ ആരെ ആയിരിക്കും തെരഞ്ഞെടുക്കുക എന്ന ചോദ്യത്തിന് ഗാന്ധി എന്ന് ഒബാമ മറുപടി പറഞ്ഞത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. തന്റെ യഥാര്‍ത്ഥ ആരാധ്യ പുരുഷന്‍ ഗാന്ധിയാണെന്ന് ഒബാമ അന്ന് വ്യക്തമാക്കി. ഗാന്ധിയുമായി ആഹാരം കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ ഒബാമ പക്ഷെ ഗാന്ധി മിതമായി മാത്രം ആഹാരം കഴിക്കുന്ന ആളായിരു ന്നതിനാല്‍ തങ്ങളുടെ വിരുന്ന് പെട്ടെന്ന് അവസാനിക്കും എന്ന് തമാശയായി പറഞ്ഞു.
2007 ഓഗസ്റ്റ് 15നാണ് ഐക്യ രാഷ്ട്ര സഭ ഗാന്ധി ജയന്തി ദിനം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. സാമ്രാജ്യത്വ ശക്തികളെ അഹിംസയില്‍ അധിഷ്ഠിതമായ ജന മുന്നേറ്റത്തിലൂടെ പരാജയ പ്പെടുത്തുകയും നെല്‍സണ്‍ മണ്ഡേല, മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജൂനിയര്‍ എന്നീ ലോക നേതാക്കളെ തങ്ങളുടെ ലക്‍ഷ്യം കണ്ടെത്താന്‍ തക്കവണ്ണം സ്വാധീനിക്കുകയും ചെയ്ത, സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും പ്രയോഗമായ ഗാന്ധി മാര്‍ഗ്ഗം പിന്തുടരാനുള്ള പ്രചോദനമായി ഈ ദിനം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കാന്‍ ഐക്യ രാഷ്ട്ര സഭ ആഹ്വാനം ചെയ്തു.