ന്യൂഡല്‍ഹി : പാർലമെന്‍റിന്‍റെ വർഷ കാല സമ്മേളനം 2023 ജൂലായ് 20 ന് തുടങ്ങും എന്ന് പാര്‍ലമെന്‍ററി കാര്യ വകുപ്പു മന്ത്രി പ്രല്‍ഹാദ് ജോഷി അറിയിച്ചു.
ആഗസ്റ്റ് 11 വരെ 23 ദിവസങ്ങൾ നീളുന്ന വർഷ കാല സമ്മേളനത്തിൽ 17 സിറ്റിംഗുകൾ ഉണ്ടായിരിക്കും എന്നും സമ്മേളനത്തില്‍ ഉല്‍പ്പാദന ക്ഷമമായ ചര്‍ച്ചകള്‍ ആയിരിക്കണം എന്നും രാഷ്ട്രീയ പാര്‍ട്ടികളോട് മന്ത്രി ആവശ്യപ്പെട്ടു.
പഴയ പാർലമെന്‍റ് മന്ദിരത്തിൽ മഴക്കാല സമ്മേളനം ആരംഭിക്കും എന്നും പിന്നീട് പുതിയ കെട്ടിടത്തിലേക്ക് മാറും എന്നും അറിയുന്നു. ഇക്കഴിഞ്ഞ മെയ് 28 ന് പ്രധാന മന്ത്രി നരേന്ദ്ര മോഡിയാണ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത്.
പുതിയ പാര്‍ലമെന്‍റ് കെട്ടിടത്തില്‍ നിരവധി നവീന സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സഭാ നടപടികള്‍ അംഗങ്ങള്‍ക്ക് ഇനി മലയാളത്തില്‍ അടക്കം 22 ഔദ്യോഗിക ഭാഷകളില്‍ തത്സമയ പരിഭാഷ ലഭ്യമാവും.
ഏക സിവില്‍ കോഡ് രാജ്യത്ത് നടപ്പാക്കും എന്ന് പ്രധാന മന്ത്രി പ്രസ്താവിക്കുകയും അതെ തുടർന്ന് ചര്‍ച്ചകള്‍ സജീവമായി നടക്കുന്നതിനിടെയാണ് വർഷ കാല സമ്മേളനം ചേരുന്നത്.