ഇംഫാല്‍ : 28 കാരിയായ ഒരു യുവതിക്ക് കരുത്തുറ്റ ഇന്ത്യന്‍ സൈന്യത്തിന് എതിരെ എന്ത് ചെയ്യാനാവും? നവംബര്‍ 2, 2000ന് ആസാം റൈഫിള്‍സിലെ പട്ടാളക്കാര്‍ ഒരു ബസ് സ്റ്റാന്‍ഡ് ആക്രമിച്ച് തന്റെ നാട്ടിലെ 10 സാധാരണ പൌരന്മാരെ നിഷ്ക്കരുണം വധിച്ചതിനെതിരെ പ്രതിഷേധിക്കാന്‍ ഇറങ്ങി തിരിച്ച ഇറോം ഷാനു ഷര്‍മിളയെ പറ്റി എല്ലാവരും ഇതാണ് കരുതിയത്. അന്ന് തുടങ്ങിയ ഗാന്ധിയന്‍ നിരാഹാര സമരം ഇന്ന് പത്തു വര്ഷം തികയുമ്പോള്‍ മണിപ്പൂരിലെ ഉരുക്കു വനിത എന്നറിയപ്പെടുന്ന ഷര്‍മിളയുടെ ഈ പ്രതിരോധം, സൈന്യത്തിന് അസാധാരണമായ അധികാരങ്ങള്‍ നല്‍കുന്ന എ. എഫ്. എസ്. പി. എ. എന്ന കരി നിയമത്തിന് എതിരെ മാത്രമല്ല, ഭരണകൂടം സ്വയം അകപ്പെട്ടിരിക്കുന്ന ഹിംസാത്മക പത്മവ്യൂഹത്തിന് നേരെയുള്ള ശക്തമായ വെല്ലുവിളി കൂടിയാണ്.
സംശയം ഉള്ള ആരെയും അറസ്റ്റ് ചെയ്യാനോ വെടി വെച്ചു കൊല്ലാനോ സൈന്യത്തിന് അധികാരം നല്‍കുന്ന കരി നിയമമാണ് ആംഡ് ഫോഴ്സസ് സ്പെഷല്‍ പവേഴ്സ് ആക്റ്റ് (Armed Forces Special Powers Act – AFSPA).
1980ല്‍ ഷര്‍മിളയ്ക്ക് വെറും 8 വയസുള്ളപ്പോള്‍ മണിപ്പൂരില്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നതാണ്. അതിര്‍ത്തി കടന്നു വന്ന ഒരു സംഘം ഒരു സൈനിക ക്യാമ്പിനു നേരെ ആക്രമണം നടത്തിയതിനു പ്രതികാരമായി ഇംഫാലില്‍ അഴിഞ്ഞാടിയ അസം റൈഫിള്‍സിലെ സൈനികര്‍ നടത്തിയ കൂട്ടക്കൊലയാണ് ഷര്‍മിളയെ ഐതിഹാസികമായ ഈ സമരത്തിന് പ്രേരിപ്പിച്ചത്.
അഹിംസയുടെയും സത്യഗ്രഹത്തിന്റെയും സിദ്ധാന്തം ലോകത്തിന് കാഴ്ച വെച്ച രാഷ്ട്രം പക്ഷെ പ്രതികരിച്ചത് ഷര്‍മിളയെ ആത്മഹത്യാ ശ്രമത്തിന് അറസ്റ്റ് ചെയ്തു കൊണ്ടായിരുന്നു. അറസ്റ്റ് ചെയ്ത് ജവഹര്‍ ലാല്‍ നെഹ്‌റു ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷര്‍മിള കഴിഞ്ഞ പത്തു വര്‍ഷത്തില്‍ ഭൂരിഭാഗവും ചിലവഴിച്ചത് ഇവിടെ തന്നെ. തന്നെ കണ്ടാല്‍ മകളുടെ മനക്കരുത്ത് ചോര്‍ന്നു പോയാലോ എന്ന ഭയം മൂലം ഷര്‍മിളയുടെ അമ്മ ഇറോം സഖി കഴിഞ്ഞ പത്തു വര്‍ഷമായി മകളെ ഒരു നോക്ക് കാണാന്‍ കഴിയാതെ വീര്‍പ്പുമുട്ടുകയാണ്.
താന്‍ ഓരോ തവണ ആഹാരം കഴിക്കുമ്പോഴും ഷര്‍മിളയെ ഓര്‍ക്കുന്നു. ഷര്‍മിള യുടെ സമരം വിജയിക്കുന്ന അന്ന് ഞാന്‍ അവള്‍ക്ക് പാലൂട്ടും. ശര്‍മ്മിള മണിപ്പൂരിലെ ഓരോ അമ്മയുടെയും മകളാണ്. കഴിഞ്ഞ പത്തു വര്‍ഷമായി ഇന്ത്യന്‍ ഭരണകൂടം ഷര്‍മിളയുടെ മൂക്കിലൂടെ ബലമായി വിറ്റാമിനുകളും പോഷകങ്ങളും നല്‍കി ജീവിപ്പിച്ചു നിര്‍ത്തിയി രിക്കുകയാണ്. ഷര്‍മിളയുടെ തൂക്കം ഇപ്പോള്‍ വെറും 37 കിലോ മാത്രമാണ്. ആന്തരിക അവയവങ്ങള്‍ മിക്കവാറും പ്രവര്‍ത്തന രഹിതമായി. ആര്‍ത്തവവും നിലച്ചു. മൂക്കിലൂടെയുള്ള ഈ പോഷണം എത്ര വേദനാ ജനകമായിരിക്കും എന്നോര്‍ത്ത് ആ അമ്മ തേങ്ങുമ്പോള്‍ അവര്‍ തനിച്ചല്ല. മണിപ്പൂരിലെ ഓരോ സ്ത്രീയും ആ തേങ്ങലില്‍ പങ്കു ചേരുന്നു.
ഷര്‍മിള സത്യഗ്രഹം തുടങ്ങി നാല് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ദിവസം നിരോധിക്കപ്പെട്ട പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി യുടെ പ്രവര്‍ത്തക ആണെന്ന് ആരോപിച്ച് മനോരമ എന്ന യുവതിയെ ആസാം റൈഫിള്‍സിലെ സൈനികര്‍ പിടിച്ചു കൊണ്ട് പോയി ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊന്നത്.
ഇതിനെതിരെ മണിപ്പൂരിലെ 12 അമ്മമാര്‍ സ്വയം നഗ്നരായി പ്രതിഷേധിച്ചിട്ടും നിസംഗമായ രാഷ്ട്രം പ്രതികരിച്ചില്ല.
എന്ത് പറഞ്ഞാണ് ഇവര്‍ ഞങ്ങളോട് വോട്ട് ചോദിക്കുന്നത്? ഞങ്ങള്‍ പ്രതിഷേധ സമരം നടത്തി, നഗ്നരായി പ്രതിഷേധിച്ചു. ഞങ്ങള്‍ സ്ത്രീകളാണ്. ഇതില്‍ കൂടുതല്‍ ഞങ്ങള്‍ എന്ത് ചെയ്യണം? ഇന്ത്യന്‍ സൈന്യം ഇതു നിമിഷവും ഞങ്ങളെ പിടി കൂടി ബലാല്‍സംഗം ചെയ്യും എന്ന ഭീതിയിലാണ് ഞങ്ങള്‍ കഴിയുന്നത് എന്ന് ഇവര്‍ ആശങ്കയോടെ പറയുമ്പോള്‍ വരാനിരിക്കുന്ന ഒരു വന്‍ സംഘര്‍ഷത്തിന്റെ സൂചനയാവാം അത്.
എന്നാല്‍ എന്നെങ്കിലും നാട്ടില്‍ സമാധാനം തിരികെയെത്തും എന്ന പ്രതീക്ഷ കൈവെടിയാതെ അപ്പോഴും ഇറോം ഷാനു ഷര്‍മിള തന്റെ ഗാന്ധിയന്‍ നിരാഹാര സത്യഗ്രഹം തുടരുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, പീഡനം, പോലീസ് അതിക്രമം, പ്രതിഷേധം, മനുഷ്യാവകാശം, രാജ്യരക്ഷ, സ്ത്രീ