തിരുവനന്തപുരം: ഇറോം ശര്‍മിളയുടെ സഹന സമരം അവസാനിപ്പിക്കാന്‍ ഇടപെടണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പ്രതിരോധ മന്ത്രി എ. കെ. ആന്റണിക്ക് കത്തയച്ചു. പ്രത്യേകാധികാര നിയമം ജനാധിപത്യപരമായി പൊളിച്ചെഴുതാന്‍ വേണ്ട ഇടപെടലുകള്‍ നടത്തണമെന്നും വി. എസ്. ആന്റണിക്കയച്ച കത്തില്‍ അഭ്യര്‍ത്ഥിച്ചു.
ഒരു കിരാത നിയമം പൊളിച്ചെഴുതണം എന്നാവശ്യപ്പെട്ട് മഹാത്മാ ഗാന്ധിയുടെ പാത പിന്തുടര്‍ന്ന് നിരാഹാര സമരം ആരംഭിച്ച ഇറോം ശര്‍മ്മിളക്കെതിരെ ആത്മഹത്യാ ശ്രമത്തിന് കേസെടുക്കാന്‍ നിര്‍ദ്ദേശിക്കുന്ന നിയമം തിരുത്തപ്പെടേണ്ടതാണ് എന്നും, നിയമ വ്യവസ്ഥകള്‍ക്ക് പുറത്ത് കാട്ട് നീതി നടപ്പാക്കാനുള്ള നിയമത്തെയും ബഹുമാനിക്കേണ്ടി വരുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും വി. എസ്. പറഞ്ഞു.
ഇംഫാല്‍ താഴ്‌വരയില്‍ ബസ്സു കാത്തു നിന്ന പത്ത് ഗ്രാമീണരെ ഒരു പ്രകോപനവുമില്ലാതെ വെടി വെച്ചിടാന്‍ ആസാം റൈഫിൾസിലെ ജവാന്‍മാര്‍ക്ക് തുണയായ 1958 ലെ സായുധ സേനാ പ്രത്യേകാധികാര നിയമമാണത്. ഈ നിയമം ദുരുപയോഗപ്പെടുത്തി മണിപ്പൂരില്‍ നിരവധി വ്യാജ ഏറ്റുമുട്ടലുകളും അതിക്രമങ്ങളും നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ അവഗണിക്കപ്പെടുകയാണ്. അതുകൊണ്ട് തന്നെ ആന്റണി അടിയന്തിരമായി ഇടപെട്ട് ഈ വിഷയത്തില്‍ ഇനിയെങ്കിലും ഒരു തീരുമാനം കൈക്കൊള്ളണം എന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കേരള രാഷ്ട്രീയം, പോലീസ് അതിക്രമം, പ്രതിഷേധം, മനുഷ്യാവകാശം, സ്ത്രീ