തനിക്ക് ജാമ്യം ലഭിച്ചത് ഒരു വിജയമായി കാണേണ്ടതില്ല എന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡോ. ബിനായക് സെന്‍ അഭിപ്രായപ്പെട്ടു. അകാരണമായി അന്വേഷണ വിധേയമായി രണ്ട് വര്‍ഷത്തോളം തടവ് ശിക്ഷ അനുഭവിച്ച ഡോ. സെന്‍ ജെയില്‍ മോചിതനായി നടത്തുന്ന ആദ്യ പൊതു ചടങ്ങില്‍ സംസാരിക്കു കയായിരുന്നു.
2007 മെയ് 14നാണ് അദ്ദേഹത്തെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ലോകമെമ്പാടും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ മോചനത്തിനായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ കഴിഞ്ഞ മാസം മോചിപ്പിച്ചത്.
താന്‍ ജയില്‍ മോചിതന്‍ ആയി എങ്കിലും തന്നെ പോലെ അകാരണമായി ജയിലില്‍ കഴിയുന്ന അനേകം പേരുണ്ട്. മനുഷ്യാവകാശ ധ്വംസനങ്ങള്‍ ദിനം പ്രതി വര്‍ധിച്ചു വരികയാണ്. സാമൂഹ്യ പ്രശ്നങ്ങള്‍ക്കെതിരെ ജനം പ്രതികരിക്കുമ്പോള്‍ അടിച്ചമര്‍ത്താനായി അധികാരവും സൈനിക ബലവും ഉപയോഗിക്കുന്ന പ്രവണത ഏറി വരികയാണ്. ഇത് തടയണം. രാഷ്ട്രീയ ഇടപെടല്‍ ഈ കാര്യത്തില്‍ ഉണ്ടാവണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മനുഷ്യാവകാശ ധ്വംസനത്തിനു എതിരെയുള്ള പ്രക്ഷോഭം ദേശത്ത് പലയിടത്തായി നടക്കുന്നുണ്ടെങ്കിലും ഈ പ്രവര്‍ത്തനങ്ങള്‍ ദേശീയ തലത്തില്‍ ഏകോപിപ്പിച്ചാല്‍ കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുവാന്‍ കഴിയും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



വിദേശ മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഇറാനില്‍ നടക്കുന്ന വന്‍ ജനകീയ പ്രതിഷേധ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ഇറാന്‍ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ മറി കടന്ന് തങ്ങള്‍ക്കിടയിലെ ആശയ വിനിമയത്തിനും ഇറാനിലെ വിശേഷങ്ങള്‍ പുറം ലോകത്തേക്ക് എത്തിക്കുന്നതിനും ഇറാനിലെ ജനത ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചു വരുന്ന ട്വിറ്റര്‍ എന്ന ഇന്റര്‍നെറ്റ് സങ്കേതം അറ്റ കുറ്റ പണികള്‍ക്കായി ഇന്നലെ അല്‍പ്പ സമയത്തേക്ക് നിര്‍ത്തി വെക്കാന്‍ ഉള്ള ട്വിറ്റര്‍ കമ്പനിയുടെ നീക്കത്തെ അമേരിക്കന്‍ പ്രസിഡണ്ട് ഒബാമ തടഞ്ഞു. ഇറാന്‍ ജനതയുടെ പുറം ലോകത്തേക്കുള്ള കിളിവാതില്‍ ആയ ട്വിറ്റര്‍ നിര്‍ത്തി വെക്കുന്നത് ആശയ വിനിമയത്തിന് ഉള്ള മറ്റ് എല്ലാ വാതിലുകളും കൊട്ടി അടക്കപ്പെട്ട ഇറാന്‍ ജനതയുടെ ദുരിതം വര്‍ദ്ധിപ്പിക്കും എന്നതാണ് ഇത്തരം ഒരു അസാധാരണ നീക്കം നടത്തുവാന്‍ ഒബാമയെ പ്രേരിപ്പിച്ചത്. എന്നാല്‍ ആശയ വിനിമയത്തിനുള്ള മാര്‍ഗ്ഗം ഉറപ്പാക്കുക എന്നതിന് അപ്പുറം ഈ നീക്കം ഏതെങ്കിലും കക്ഷിയോടുള്ള പിന്തുണയല്ല സൂചിപ്പിക്കുന്നത് എന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തം ആക്കിയിട്ടുണ്ട്. 
മ്യാന്‍മാറില്‍ തടവിലായ സൂ ചി യെ ഉടന്‍ മോചിപ്പിക്കണം എന്ന ആഹ്വാനവുമായി നോബേല്‍ സമാധാന പുരസ്ക്കാര ജേതാക്കളായ ഒന്‍പത് പേര്‍ രംഗത്തു വന്നു. നിയമ വ്യവസ്ഥ നില നില്‍ക്കാത്ത മ്യാന്‍മാറില്‍ വീട്ടു തടങ്കലിന്റെ വ്യവസ്ഥ ലംഘിച്ചു എന്നും പറഞ്ഞ് സൂ ചി യെ തടവില്‍ ആക്കിയ നടപടി പരിഹാസ്യമാണ് എന്ന് ഇവര്‍ ഐക്യ രാഷ്ട്ര സഭാ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണിന് അയച്ച എഴുത്തില്‍ പറയുന്നു. ഇപ്പോള്‍ നടക്കുന്ന സൂ ചി യുടെ വിചാരണയും വെറും പ്രഹസനം ആണെന്ന് ഇവര്‍ ആരോപിച്ചു. മ്യാന്‍മാറിലും സമീപ പ്രദേശങ്ങളിലും സമാധാനം നില നില്‍ക്കാന്‍ സൂ ചി യുടെ മോചനം അനിവാര്യം ആണ് എന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. കോസ്റ്റാ റിക്കാ പ്രസിഡണ്ട് ഓസ്ക്കാര്‍ ഏരിയാസ്, ഡെസ്മണ്ട് ടുട്ടു, ജോഡി വില്ല്യംസ്, റിഗോബെര്‍ട്ടാ മെഞ്ചു, അഡോള്‍ഫോ പെരേസ് എസ്ക്വിവേല്‍, വംഗാരി മത്തായ്, ഷിറിന്‍ എബാദി, ബെറ്റി വില്ല്യംസ്, മയ്‌റീഡ് കോറിഗന്‍ മഗ്വൈര്‍ എന്നിവര്‍ സംയുക്തമായാണ് എഴുത്ത് എഴുതിയിരിക്കുന്നത്.
മനുഷ്യാവകാശ പ്രവര്‍ത്തകനും പൊതു ആരോഗ്യ പ്രവര്‍ത്തകനും ആയ ഡോ. ബിനായക് സെന്‍ തടവില്‍ ആയിട്ട് രണ്ട് വര്‍ഷം തികഞ്ഞു. 2007 മെയ് 14നാണ് അദ്ദേഹത്തെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ലോകമെമ്പാടും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ മോചനത്തിനായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി വരികയാണ്. അദ്ദേഹത്തിന്റെ തടവ് രണ്ടു വര്‍ഷം പിന്നിട്ട ദിവസം ലോകമെമ്പാടും പ്രകടനക്കാര്‍ തലസ്ഥാന നഗരികളില്‍ ഇന്ത്യന്‍ എംബസ്സികള്‍ക്ക് മുന്നിലും ഹൈ കമ്മീഷനുകള്‍ക്കു മുന്നിലും തടിച്ചു കൂടി ഡോ. സെന്നിനെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു.

ചെരിപ്പേറ് രാഷ്ട്രീയം തുടര്‍ കഥയാവുന്നു. ഇത്തവണ ജനത്തിന്റെ ചെരിപ്പേറ് കിട്ടിയത് കുരുക്ഷേത്രം ലോക സഭാ മണ്ഡലത്തിലെ പാര്‍ലമെന്റ് അംഗമായ നവീന്‍ ജിന്‍ഡാലിനാണ്. തന്റെ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിന് ഇടയിലാണ് ഇദ്ദേഹത്തിനെ ഒരാള്‍ ചെരിപ്പ് കൊണ്ട് എറിഞ്ഞത്. ഇന്ന് രാവിലെ ആണ് സംഭവം നടന്നത്. കുരുക്ഷേത്രത്തിലെ ഒരു റിട്ടയേര്‍ഡ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ആണ് ജിന്‍ഡാലിനു നേരെ തന്റെ ചെരിപ്പ് വലിച്ച് എറിഞ്ഞത്. ഇതിനു പിന്നിലെ കാരണം എന്തെന്ന് ഇനിയും വ്യക്തമല്ല.
























