ചെന്നൈ : എല്‍. ടി. ടി. ഇ. തലവന്‍ വേലുപ്പിള്ള പ്രഭാകരന്‍ കൊല്ലപ്പെട്ടിട്ടില്ല എന്നും തക്ക സമയം നോക്കി ഒളിവില്‍ നിന്നും പുറത്തു വരുമെന്നും എം. ഡി. എം. കെ. നേതാവ് വൈക്കോ ചെന്നൈയില്‍ നടന്ന ഒരു പൊതു സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ശ്രീലങ്കയിലെ മുള്ളിവൈക്കല്‍ ആശുപത്രി ശ്രീലങ്കന്‍ സൈന്യം ആക്രമിച്ചു അന്‍പതോളം പേരെ വധിച്ചതിന്റെ രണ്ടാം വാര്‍ഷികം ആചരിക്കുന്ന പൊതു യോഗത്തിലാണ് വൈക്കോ ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
(പ്രഭാകരന്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത വന്നതിന്റെ തൊട്ടുപിറകെ പ്രഭാകരന്‍ തന്റെ മരണവാര്‍ത്ത ടി.വി.യില്‍ കാണുന്നതിന്റെ ഫോട്ടോ ഒരു തമിഴ് പത്രം പുറത്തു വിടുകയുണ്ടായി.)
ശ്രീലങ്കയില്‍ സര്‍ക്കാര്‍ സൈന്യം തമിഴ് വംശജര്‍ക്ക് എതിരെ നടത്തിയ മനുഷ്യത്വ രഹിതമായ കൂട്ടക്കൊലയുടെയും യുദ്ധ കുറ്റകൃത്യങ്ങളെയും കുറിച്ച് ഐക്യ രാഷ്ട്ര സഭ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ നിന്നും പ്രസക്ത ഭാഗങ്ങള്‍ ഉദ്ധരിച്ച് ശ്രീലങ്കന്‍ സൈന്യത്തിന്റെ അതിക്രമങ്ങള്‍ വൈക്കോ വിശദീകരിച്ചു.
3.3 ലക്ഷം തമിഴ് വംശജരെ യുദ്ധ രഹിത മേഖലയിലേക്ക് ആട്ടിത്തെളിച്ചതിന് ശേഷം സൈന്യം ഇവരെ ആക്രമിച്ചു. ഈ ആക്രമണത്തില്‍ 2500 കുട്ടികളുടെ അവയവങ്ങള്‍ ബോംബ് ആക്രമണത്തില്‍ വേര്‍പെടുകയും ശരീരം ഷെല്‍ ആക്രമണത്തില്‍ ചിതറുകയും ചെയ്തു. തമിഴ് സ്ത്രീകളെ ശ്രീലങ്കന്‍ സൈന്യം ക്രൂരമായി കൂട്ട ബലാല്‍സംഗം ചെയ്തു. ആശുപത്രികള്‍ തിരഞ്ഞു പിടിച്ചു സൈന്യം ആക്രമിച്ചു. ഇതെല്ലാം താന്‍ ഐക്യ രാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടില്‍ നിന്നും വായിക്കുക മാത്രമാണ് ചെയ്യുന്നത് എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കോണ്ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ “മാഫിയ മനസ്” എറിഞ്ഞു കൊടുക്കുന്ന അപ്പക്കഷ്ണങ്ങള്‍ക്ക് വേണ്ടി തമിഴ് മക്കളുടെ താല്‍പര്യങ്ങള്‍ ബലി കഴിച്ച മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയെ രൂക്ഷമായി വിമര്‍ശിച്ച അദ്ദേഹം തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട അദ്ദേഹത്തെ താന്‍ കൂടുതല്‍ ദുഖിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നും പറഞ്ഞു.