ന്യൂഡൽഹി : ഇന്ത്യൻ സൈന്യത്തിന്റെ പക്കൽ പത്തു ദിവസം പോലും യുദ്ധം ചെയ്യാനുള്ള വെടിക്കോപ്പുകൾ കരുതൽ ശേഖരമായി ഇല്ല എന്ന മാദ്ധ്യമ റിപ്പോർട്ട് പാർലമെന്ററി സമിതിയെ ഞെട്ടിച്ചതായി സൂചന. ഇതു സംബന്ധിച്ച് കരസേനാ മേധാവി ജനറൽ വി. കെ. സിംഗിനെ വിളിച്ചു വരുത്തി വിശദീകരണം ആരായണം എന്നാണ് പാർലമെന്റിന്റെ സൈനിക സമിതി അംഗങ്ങൾ ഇപ്പോൾ ആവശ്യപ്പെടുന്നത്.
സൈന്യത്തിന്റെ പക്കലുള്ള വെടിക്കോപ്പിന്റെ അപര്യാപ്തത സംബന്ധിച്ച ചില സൂചനകൾ ജനറൽ വി. കെ സിംഗ് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ നൽകിയിരുന്നു. എന്നാൽ ഇതിലും എത്രയോ ഭീതിദമാണ് യഥാർത്ഥ അവസ്ഥ എന്നാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതാണ് പാർലമെന്ററി സമിതിയെ അസ്വസ്ഥമാക്കുന്നത്. ഇത്തരം വിവരങ്ങൾ പൊതു ശ്രദ്ധയിൽ പോലും വന്നിട്ടും ഇത് സംബന്ധിച്ച നടപടികൾ സ്വീകരിക്കാതിരിക്കുന്നത് അനുവദിക്കാനാവില്ല എന്ന് സമിതി അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു.
- ജെ.എസ്.