ന്യൂഡല്‍ഹി : ലൈംഗിക തൊഴിലില്‍ സ്വമേധയാ ഏര്‍പ്പെടുന്നവര്‍ക്ക് എതിരെ കേസ് എടുക്കരുത് എന്ന് സുപ്രീം കോടതി വിധി. ഇതൊരു ജോലിയായി അംഗീകരിക്കണം. പ്രായ പൂർത്തി ആയവര്‍ സ്വന്തം ഇഷ്ട പ്രകാരം ലൈംഗിക തൊഴില്‍ സ്വീകരിച്ചാല്‍ കേസ് എടുക്കരുത്.
ഭരണ ഘടനയുടെ 21-ാം അനുഛേദം അനുസരിച്ച് മറ്റു പൗരന്മാരെ പോലെ തന്നെ അന്തസ്സോടെ ജീവിക്കു വാനുള്ള അവകാശം ലൈംഗിക തൊഴിലാളികൾക്ക് ഉണ്ട് എന്നും സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍ വേശ്യാലയം നടത്തിപ്പ് നിയമ വിരുദ്ധം തന്നെയാണ്.
ജസ്റ്റിസ് എല്‍. നാഗേശ്വര്‍ റാവു അദ്ധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് ലൈംഗിക തൊഴിലിനെ ഒരു പ്രൊഫഷന്‍ ആയി അംഗീകരിച്ച സുപ്രധാന വിധി പ്രസ്താവിച്ചത്. തൊഴില്‍ ഏതായാലും രാജ്യത്തെ ഓരോ പൗരനും തുല്യ നീതിയും നിയമ പരിരക്ഷയും ലഭിക്കണം.ലൈംഗിക തൊഴിലാളികളെ അറസ്റ്റ് ചെയ്യാനോ ഇവരില്‍ നിന്നും പിഴ ഈടാക്കുവാനോ പാടില്ല.
ലൈംഗിക തൊഴിലാളി എന്ന കാരണത്താല്‍ മക്കളെ മാതാവില്‍ നിന്നും മാറ്റി നിര്‍ത്താന്‍ പാടില്ല. കുട്ടികള്‍ക്കും നിയമ പരിരക്ഷ ഉറപ്പാക്കണം.
റെയ്ഡുകളില്‍ കുറ്റക്കാര്‍ എന്ന നിലയില്‍ പിടികൂടാന്‍ പാടില്ല. മാത്രമല്ല അത്തരം സന്ദര്‍ഭങ്ങളില്‍ അവരുടെ ചിത്രങ്ങള്‍ എടുത്ത് പ്രസിദ്ധപ്പെടുത്തരുത് എന്നും മാധ്യമങ്ങളോട് കോടതി ആവശ്യപ്പെട്ടു. പരാതി നല്‍കുന്ന ലൈംഗിക തൊഴിലാളികളോട് പോലീസ് വിവേചനം കാണിക്കരുത്. ലൈംഗിക തൊഴില്‍ ഒരു കുറ്റം അല്ലാത്തതിനാല്‍ ഇവരെ ഉപദ്രവിക്കരുത് എന്നും സുപ്രീം കോടതി ഓര്‍മ്മപ്പെടുത്തി.