തൃശ്ശൂര്‍: അഴീക്കോട് സഹിത്യ അക്കാദമിയുടെ അങ്കണത്തിലേക്ക് കടന്നു വന്നതും തിരികെ പോയിരുന്നതും ഒരിക്കലും നിശ്ശബ്ദനായിട്ടായിരുന്നില്ല. അക്കാദമിയുടെ സ്റ്റേജില്‍ പലതവണ പ്രസംഗത്തിലൂടെ കുളിര്‍ത്തെന്നലും കൊടും കാറ്റും ഉയര്‍ത്തിവിട്ട കുറിയ മനുഷ്യന്‍ ഇത്തവണ കടന്നു വന്നതും തിരികെ പോകുന്നതും നിശ്ശബ്ദനായിട്ടാണ്. അക്കാദമിയിലേക്കുള്ള അഴീക്കോടിന്റെ അവസാനത്തെ സന്ദര്‍ശനം. അഴീക്കോടിന്റെ ശാബ്ദം നിലച്ചെങ്കിലും അദ്ദേഹത്തിന്റെ ആശയങ്ങള്‍ കേരളത്തിന്റെ സാംസ്കാരികാന്തരീക്ഷത്തില്‍ ഇപ്പോളും ഒരു സാഗരം പോലെ അലയടിച്ചുകൊണ്ടിരിക്കുന്നു. പ്രസക്തമായ ആശയങ്ങള്‍ക്ക് ഒരിക്കലും നിത്യമായ നിശ്ശബ്ദതയില്ലല്ലോ. സാംസ്കാരിക-രാഷ്ടീയ മണ്ഡലങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ലായിരുന്നു അദ്ദേഹത്തിന്റെ സൌഹൃദവലയം. അതുകൊണ്ടു തന്നെ വാഗ്‌ദേവതയുടെ പുരുഷാവതാരമെന്ന് വിശേഷിപ്പിക്കാവുന്ന അദ്ധേഹത്തിന്റെ നിശ്ചലമായ ശരീരത്തെ കണ്ട് അന്ത്യാഭിവാദ്യമര്‍പ്പിക്കുവാന്‍ എത്തിയത് കേരളത്തിന്റെ ഒരു പരിച്ഛേദം തന്നെ ആയിരുന്നു. പതിനൊന്നു മണിയോടെ അക്കാദമി ഹാളില്‍ പൊതു ദര്‍ശനത്തിനായി എത്തിച്ച ഭൌതിക ശരീരം വൈകീട്ട് നാലുമണിയോടെ ആയിരുന്നു കണ്ണൂരിലേക്ക് കൊണ്ടു പോകുവാനായി പുറത്തെക്ക് എടുത്തത്. തങ്ങളുടെ പ്രിയപ്പെട്ട അഴീക്കോട് മാഷെ നിറകണ്ണുകളൊടെയാണ് സാംസ്കാരിക നഗരി യാത്രയാക്കിയത്.
സാംസ്കാരിക നഗരിയുടെ സ്വകാര്യ അഹങ്കാരങ്ങളില്‍ ഒന്നായിരുന്നു ഡോ. സുകുമാര്‍ അഴീക്കോടിന്റെ സാന്നിധ്യം. അഴീക്കോടിന്റെ വിയോഗത്തില്‍ ശൂന്യമാകുന്നത് സാംസ്കാരിക നഗരിയുടെ തിലകക്കുറി തന്നെയാണ്. ദീര്‍ഘനാളായി അദ്ദേഹം താമസിച്ചു വരുന്നത് നഗരത്തില്‍ ഒരു വിളിപ്പാടകലെ ഇരവിമംഗലത്താണ്. തൃശ്ശൂരുമായി അഭേദ്യമായ ബന്ധം ഉള്ള അഴീക്കോടിന്റെ അന്ത്യ വിശ്രമം തൃശ്ശൂരില്‍ ആകണമെന്ന് ആഗ്രഹിച്ചതും അതുകൊണ്ടു തന്നെയാണ്. അഴീക്കോടിന്റെ വേര്‍പാട് സാംസ്കാരിക നഗരിയുടെ കണ്ണുകളെ ഈറനണിയിച്ചു. തേക്കിന്‍കാട് മൈതാനത്തായാലും സാഹിത്യ അക്കാദമിയിലായാലും സുകുമാര്‍ അഴീക്കോടിനെ ശ്രവിക്കുവാന്‍ തൃശ്ശൂരുകാര് എന്നും മനസ്സുവച്ചു. ആ കുറിയ മനുഷ്യനില്‍ നിന്നും പുറത്തു വന്ന വാചകങ്ങള്‍ പലര്‍ക്കും വിചിന്തനത്തിനു വഴിയൊരുക്കി. ഉയര്‍ത്തിവിട്ട വിവാദങ്ങള്‍ക്കും മലയാളിയുടെ സാംസ്കാരിക മണ്ഡലത്തില്‍ തിളക്കമാര്‍ന്ന വാക്കുകള്‍കൊണ്ട് കുളിര്‍മഴയും അഗ്നിവര്‍ഷവും തീര്‍ത്ത മഹദ് വ്യക്തിത്വം. കല-രാഷ്ടീയം-സാഹിത്യം വിഷയം എന്തുതന്നെ ആയാലും കേരളം ശ്രദ്ധിച്ച വിവാദങ്ങളുടെയെല്ലാം മുമ്പില്‍ കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി ഈ ചെറിയ മനുഷ്യന്‍ ഉണ്ടായിരുന്നു. ആത്യന്തികമായ പ്രപഞ്ച സത്യത്തിന്റെ നിത്യതയില്‍ നിശ്ശബ്ദമായി ലയിച്ചു എങ്കിലും അദ്ദേഹത്തിന്റെ പൌഢമായ പ്രഭാഷണ ശകലങ്ങള്‍ തൃശ്ശൂരിന്റെ അന്തരീക്ഷത്തില്‍ ഇപ്പോളും മുഴങ്ങുന്നു. പ്രഭാഷണത്തില്‍ ഗഹനമായ വിഷയങ്ങള്‍ കടന്നു വരുമെങ്കിലും കൊച്ചു കുട്ടികള്‍ക്ക് പോലും തിരിച്ചറിയാവുന്ന ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. ജന്മം കൊണ്ട് കണ്ണൂരുകാരനാണെങ്കിലും അദ്ദെഹം പിന്നീട് തൃശ്ശൂരുകാരന്‍ ആകുകയായിരുന്നു. ആദ്യം വിയ്യൂരില്‍ ആയിരുന്നു പിന്നീട് ഇരവിമംഗലത്ത് സ്വന്തമായി വീടുവച്ചു താമസം അങ്ങോട്ട് മാറി. രണ്ടരപതിറ്റാണ്ടത്തെ തൃശ്ശൂര്‍ വാസത്തിനൊടുവില്‍ മരണമെന്ന മഹാനിദ്രയില്‍ ലയിച്ച് ജനിച്ചു വളര്‍ന്ന് കണ്ണൂരിലെ മണ്ണിലേക്ക്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ചരമം, സാഹിത്യം