എഴുത്തിന്റെ ശൈലീരസംകൊണ്ട് മലയാള സാഹിത്യത്തില്‍ വേറിട്ടു നില്‍ക്കുകയും, തന്‍റെ രചനകള്‍ ക്കൊണ്ട് മലയാളിയെ ചിരിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചെയ്ത വടക്കേ കൂട്ടാല നാരായണന്‍ കുട്ടിനായര്‍ എന്ന വി. കെ. എന്‍ നമ്മെ വിട്ടുപോയിട്ട് ഇന്നേക്ക് എട്ടു വര്‍ഷം പിന്നിടുന്നു. ആര്‍ക്കും അനുകരിക്കാനാവാത്ത വഴികളിലൂടെയാണ് വി.കേ. എന്‍ തന്‍റെ അക്ഷര സഞ്ചാരം നടത്തിയത്. അധികാര വ്യവസ്ഥയ്ക്കെതിരായ അനുരഞ്ജനരഹിതമായ വിമര്‍ശനങ്ങളായിരുന്നു വി.കെ. എന്റെ പ്രധാന രചനകളെല്ലാം തന്നെ . സിന്‍ഡിക്കേറ്റ്, ആരോഹണം, പയ്യന്‍ കഥകള്‍ തുടങ്ങിയ രചനകള്‍ അധികാരത്തിന്റെ ഇടനാഴികളിലൂടെയുള്ള വിമര്‍ശന യാത്രകളാണ്. ഭക്ഷണം, ഇര, ഇണ, സ്ഥാനമാനങ്ങള്‍ തുടങ്ങിയ ഘട്ടങ്ങളിലൂടെ കയറിപ്പോകുന്ന പയ്യന്‍ ഒടുവില്‍ അധികാരത്തെ തന്നെയാണ് തുറന്നുകാട്ടിയത്. പയ്യന്‍ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ തന്നെ ആത്മാവാണെന്നു പറയാം. ഡല്‍ഹി ജീവിതത്തിനിടയ്ക്ക് ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ അരങ്ങേറുന്ന രാഷ്ട്രീയ നാടകങ്ങള്‍ വി.കെ.എന്നിലുണര്‍ത്തിയ രോഷമാണ് പയ്യന്റെ നര്‍മ്മങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും പുറത്തുവരുന്നത്. സ്വന്തം ജീവിതാനുഭവങ്ങള്‍ പയ്യന്‍ എന്ന കേന്ദ്രകഥാപാത്രത്തിലൂടെ അവതരിപ്പിച്ച നോവലുകളും കഥകളുമാണ് അദ്ദേഹത്തെ മലയാള സാഹിത്യത്തില്‍ അനശ്വരനാക്കിയത്. കഥയും നോവലുകളുമായി നിരവധി കൃതികള്‍ വി. കെ. എന്റേതായുണ്ട്. മന്ദഹാസം, പയ്യന്‍, ക്ലിയൊപാട്ര, പയ്യന്റെ കാലം, കാലഘട്ടത്തിലെ പയ്യന്‍, പയ്യന്റെ സമരം, പയ്യന്റെ യാത്രകള്‍, കുഞ്ഞന്‍മേനോന്‍, അതികായന്‍, ചാത്തന്‍സ്, ചൂര്‍ണാനന്ദന്‍, സര്‍ ചാത്തുവിന്റെ റൂളിംഗ്, വി. കെ. എന്‍ കഥകള്‍, പയ്യന്‍ കഥകള്‍, ഹാജ്യാര്, മാനാഞ്ചിറ ടെസ്റ്റ്, ഒരാഴ്ച, പയ്യന്റെ ഡയറി എന്നീ കഥാസമാഹാരങ്ങളും. അസുരവാണി, മഞ്ചല്‍, ആരോഹണം, ഒരാഴ്ച, സിന്‍ഡിക്കേറ്റ്, ജനറല്‍ ചാത്തന്‍സ്,പയ്യന്റെ രാജാവ്, പെണ്‍പട, പിതാമഹന്‍, കുടിനീര്‍, നാണ്വാര്, അധികാരം, അനന്തരം എന്നീ നോവലുകളും. അമ്മൂമ്മക്കഥ എന്ന നോവലൈറ്റും. അയ്യായിരവും കോപ്പും എന്ന നര്‍മ്മലേഖനവും അദ്ദേഹത്തിന്‍റെതായി നമുക്ക് മുന്നില്‍ ഉണ്ട്. ബുദ്ധിയിലൂന്നിയുള്ള നര്‍മ്മം പലതും അധികാര സിരാ കേന്ദ്രങ്ങങ്ങളെ വിറപ്പിക്കുന്നതും ചൊടിപ്പിക്കുന്നതും ആയിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ പാഠപുസ്തകമാക്കിയ അധികാരം എന്ന നോവല്‍ തെരുവില്‍ കത്തിച്ചത് അതുകൊണ്ടായിരുന്നു. തൃശൂര്‍ ജില്ലയിലെ തിരുവില്വാമലയില്‍ 1932 ഏപ്രില്‍ ആറിനു ജനിച്ച വി കെ എന്‍ 2004 ജനുവരി 25ന് ഈ ലോകത്തോട് വിടപറഞ്ഞു.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, സാഹിത്യം