ആലപ്പുഴ: അഭിനയ മികവില്‍ ബൈബിള്‍ കഥാപാത്രങ്ങള്‍ക്കു നാടകവേദികളില്‍ ജീവന്‍ നല്കിയ നാടകാചാര്യന്‍ സെയ്ത്താന്‍ ജോസഫ് (85) അന്തരിച്ചു. നാടകകലയുടെ കുലപതിയും ആലപ്പി തിയറ്റേഴ്‌സിന്റെ ഉടമയുമായ സെയ്ത്താന്‍ ജോസഫിന്റെ അ ന്ത്യം ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ന് സ്വന്തം വസതിയിലായിരുന്നു. സംസ്‌കാരം ഇന്നു വൈകുന്നേരം നാലിനു വെള്ളാപ്പള്ളി സെന്റ് ഫ്രാന്‍സീസ് അസീസി പള്ളിയില്‍.
നാടകരചനയിലും സംവിധാനത്തിലും സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം, വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ രണ്ടുവര്‍ഷമായി വിശ്രമത്തിലായിരുന്നു. പ്രമേഹം ബാധിച്ചതിനെത്തുടര്‍ന്നു രണ്ടുവര്‍ഷം മുമ്പു വലതുകാല്‍ മുറിച്ചുമാറ്റിയിരുന്നു. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കള്‍: മെറ്റില്‍ഡ, സിസ്റ്റര്‍ ജോവിറ്റ, ഗ്രേസിമ്മ, സിസ്റ്റര്‍ വിമല്‍ ജോസ്, ജെസി, ലാലി. മരുമക്കള്‍: ജോര്‍ജ്, ഷിജു, പരേതരായ ഐസക്, സജി.
കല്ലുപുരയ്ക്കല്‍ അന്ത്രയോസിന്റെയും ലൂസിയാമ്മയുടെയും മകനായി ജനിച്ച ജോസഫ്, 1952-ല്‍ ഏറെ കോളിളക്കം സൃഷ്ടിച്ച, ‘അഞ്ചു സെന്റ് ഭൂമി’ എന്ന നാടകമവതരിപ്പിച്ചാണു ജനശ്രദ്ധ നേടിയത്. ശരിയത്ത് പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതിനുമുമ്പ് ഈ ആശയം പ്രചരിപ്പിച്ചുകൊണ്ട് ‘ഏഴാം സ്വര്‍ഗം’ എന്ന നാടകമെഴുതി. മുപ്പതോളം ബൈബിള്‍ നാടകങ്ങള്‍ സെയ്ത്താന്‍ ജോസഫിന്റെ ആലപ്പി തിയറ്റേഴ്‌സ് കലാകൈരളിക്കു കാഴ്ചവച്ചു. ‘മുപ്പതുവെള്ളിക്കാശ്’ ക്രിസ്തുവിന്റെ ജനനം മുതല്‍ മരണംവരെയുള്ള സംഭവത്തിന്റെ ചിത്രീകരണമാണ്. കടലിന്റെ മക്കള്‍, കയര്‍, മലനാടിന്റെ മക്കള്‍ എന്നീ നാടകങ്ങള്‍ മ ണ്ണിന്റെ മണം കലര്‍ന്നതായിരുന്നു.
1977-ല്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ അവാര്‍ഡ് ‘കടലിന്റെ മക്കള്‍’ നേടി. സംസ്ഥാ ന സര്‍ ക്കാരിന്റെ പ്രഥമ സ്റ്റേറ്റ് അവാര്‍ഡ്, ജോണ്‍ പോള്‍ രണ്ടാമ ന്‍ മാര്‍പാപ്പയുടെ ബനേബരേന്തി അംഗീകാരം, ചാവറ അവാര്‍ഡ്, കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് എന്നിവ സെയ്ത്താന്‍ ജോസഫിനെ തേടിയെത്തി. 2009- ല്‍ അവതരിപ്പിച്ച ‘ദൈവദൂതിക’ എന്ന നാടകത്തിന് ഏറ്റവും നല്ല അവതരണത്തിനുള്ള പിഒസിയുടെ അവാര്‍ഡ് ലഭിച്ചു.
മൂന്നു നിലകളുള്ള ആലപ്പി തിയറ്റേഴ്‌സിന്റെ കെട്ടിടം പിന്നീട് അദ്ദേഹം ആലപ്പുഴ രൂപതയ്ക്ക് ഇഷ്ടദാനമായി നല്കി. രൂപതയുടെ നേതൃത്വത്തിലുള്ള സെന്റ് പീറ്റേഴ്‌സ് പാരലല്‍ കോളജ് പ്രവര്‍ത്തിക്കുന്നത് ഇവിടെയാണ്. 2010-ല്‍ സെയ്ത്താന്‍ ജോസഫ് സംവിധാനം ചെയ്ത ‘വചനം’ എന്ന നാടകമാണ് അവസാനത്തേത്. മരുമകന്‍ ഷിബു ജോസഫാണ് ഈ നാടകത്തിന്റെ രചന നിര്‍വഹിച്ചത്. നാടകരംഗത്തെ സഹപ്രവര്‍ത്തകനായിരുന്ന ഒ. മാധവന്റെ മ കനും സിനിമാതാരവുമായ മുകേ ഷ് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം