മലപ്പുറം: കുഞ്ഞാലിക്കുട്ടിയുമായുള്ള പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ അഞ്ചു കോടി രൂപയും ആയിരം ഏക്കര്‍ ഭൂമിയും നല്‍കണമെന്നു റൗഫ് ആവശ്യപ്പെട്ടതായി സീതിഹാജിയുടെ മരുമകന്‍ കെ.പി. മുഹമ്മദ് ബഷീര്‍. മലപ്പുറത്തു മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായരുന്നു അദ്ദേഹം. അന്തരിച്ച മുഹമ്മദലി ശിഹാബ് തങ്ങള്‍ക്കെതിരേ വാസ്തവവിരുദ്ധമായ ആരോപണങ്ങള്‍ റൗഫ് ഉന്നയിച്ചതു കൊണ്ടാണു താന്‍ ഇക്കാര്യമിപ്പോള്‍ പുറത്തുവിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. തങ്ങള്‍ക്കെതിരേയുള്ള ആരോപണങ്ങളെ എന്തു വിലകൊടുത്തും നേരിടും. ഏതു നേതാക്കള്‍ റൗഫിനോടൊപ്പമുണെ്ടങ്കിലും തിരിച്ചടിക്കും. റൗഫ് പണമാവശ്യപ്പെട്ടതിനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ട്. റൗഫുമായുള്ള ടെലിഫോണ്‍ സംഭാഷണം കെ.പി. ബഷീ ര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു കൈമാറി.
ഗോവയില്‍ റൗഫിനുണ്ടായിരുന്ന 350 ഏക്കര്‍ ഭൂമി നഷ്ടപ്പെട്ടതിനു പകരം ആയിരം ഏക്കര്‍ ഭൂമി കുഞ്ഞാലിക്കുട്ടി വാങ്ങിക്കൊടുക്കണം. അതു പോലെ മോഹന്‍രാജുമായുള്ള വിഷയത്തില്‍ കിട്ടാനുള്ള അഞ്ചു കോടിയില്‍ അയാളില്‍നിന്നു ലഭിക്കുന്ന തുക കഴിച്ചു ബാക്കി തുകയും കുഞ്ഞാലിക്കുട്ടി നല്‍കണം. വിവാദം അവസാനിപ്പിക്കാന്‍ അഞ്ചുകോടി കൂടി നല്‍കിയാല്‍ കോടതിയില്‍ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി താന്‍ സാക്ഷിപറയാമെന്ന് റൗഫ് പറഞ്ഞതായി ബഷീര്‍ വെളിപ്പെടുത്തി. മലപ്പുറം ജില്ലയില്‍ കുഴപ്പമുണ്ടാക്കാനാണു റൗഫ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തങ്ങളെപ്പോലുള്ളവരെ വിവാദത്തിലേക്കു വലിച്ചിഴച്ചു രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് അദ്ദേഹം. താനും റൗഫും സ്‌നേഹിതന്മാരായിരുന്നു. വിഷയം സംസാരിച്ചുതീര്‍ക്കാന്‍ റൗഫ് തന്നെ സമീപിച്ചതാണ്. നിരവധി കേസുകളില്‍ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ തന്റെ നേതൃത്വത്തില്‍ നടത്താറുണ്ട്. പറഞ്ഞുതീരാത്തത് അടിച്ചുതീര്‍ക്കുകയാണു തന്റെ പാരമ്പര്യം. റൗഫിനെ ഏതു വിധത്തിലാണോ നേരിടേണ്ടത് ആ രീതിയില്‍ നേരിടും- ബഷീര്‍ പറഞ്ഞു.
20 പ്രാവശ്യമെങ്കിലും റൗഫ് തന്നെ ഫോണില്‍ വിളിച്ചിട്ടുണ്ട്. മധ്യസ്ഥര്‍ തന്നെ വിളിച്ചു സംസാരിച്ചുണെ്ടന്നും താന്‍ കേസുമായി മുന്നോട്ടു പോകുമെന്നും റൗഫ് പറഞ്ഞതിനെത്തുടര്‍ന്നാണ് അയാളുമായുള്ള ഫോണ്‍ സംസാരം താന്‍ ഉപേക്ഷിച്ചതെന്നും ബഷീര്‍ പറഞ്ഞു. മലപ്പുറം ജില്ലയിലെ വ്യാപാര പ്രമുഖനാണു കെ. പി. മുഹമ്മദ് ബഷീര്‍. അന്തരിച്ച മുസ്‌ലിംലീഗ് നേതാവ് സീതി ഹാജിയുടെ മരുമകനായ ഇദ്ദേഹം മലപ്പുറം മൂസ ഹാജി എന്നറിയപ്പെട്ടിരുന്ന പൗരപ്രമുഖന്റെ മകനാണ്. റൗഫ് വിവാദങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കായികമായി നേരിടുമെന്ന സൂചനയാണു ബഷീര്‍ ഇന്നലെ നല്‍കിയത്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം